കാബൂളിൽ സ്ഫോടനം; താലിബാന്റെ അഭയാർത്ഥികാര്യ മന്ത്രി കൊല്ലപ്പെട്ടു

0

കബൂളിലെ സ്ഫോടനത്തിൽ അഫ്ഗാൻ താലിബാന്റെ അഭയാർത്ഥികാര്യ മന്ത്രി ഖലീലുർ റഹ്മാൻ ഹഖാനി കൊല്ലപ്പെട്ടു. കാബൂളിലെ മന്ത്രാലയത്തിലാണ് ബോംബ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഹഖാനി ശൃംഖയുടെ സ്ഥാപകനായ ജലാലുദീൻ ഹഖാനിയുടെ സഹോദരനാണ് കൊല്ലപ്പെട്ട ഖലീലുർ റഹ്മാൻ ഹഖാനി.

അഭയാർഥികാര്യ മന്ത്രാലയത്തിനുള്ളിലാണ് സ്‌ഫോടനമുണ്ടായത്. ഹഖാനിക്കൊപ്പം പത്ത് ജീവനക്കാരും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. യു.എസ്-നാറ്റോ സേന അഫ്ഗാനിൽ നിന്ന് പിൻവാങ്ങിയതിനു പിന്നാലെ 2021 അധികാരം പിടിച്ചെടുത്ത താലിബാൻ്റെ ഇടക്കാല സർക്കാരിൽ ഖലീൽ ഹഖാനി മന്ത്രിയായി. 20 വർഷം നീണ്ട യുദ്ധത്തിൽ മുഖ്യ പങ്ക് വഹിച്ചയാളായിട്ടാണ് ഖലീലുർ റഹ്മാൻ ഹഖാനിയെ അമേരിക്ക കണക്കാക്കുന്നത്. അഞ്ച് മില്യൺ ഡോളർ തലയ്‌ക്ക് വിലപറഞ്ഞിട്ടുള്ള ആഗോള ഭീകരനാണ് ഖലീലുർ.

താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷം ബോംബാക്രമണത്തിൽ കൊല്ലപ്പെടുന്ന ഏറ്റവും പ്രമുഖ വ്യക്തിയാണ് ഹഖാനി. കാബൂളിൽ നടന്ന ചാവേർ സ്ഫോടനത്തിൽ താലിബാൻ ഖലീലുർ റഹ്‌മാൻ ഹഖാനി കൊല്ലപ്പെട്ടതായി ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാനിൽ നടക്കുന്ന ഏറ്റവും വലിയ ചാവേർ ആക്രമണം കൂടിയാണ് കാബൂളിൽ നടന്നത്.