ചെന്നൈ: കോവിഡ് രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ 14 ദിവസത്തേക്ക് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. മെയ് 10 മുതല്‍ രണ്ടാഴ്ചത്തേക്കാണ് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചു.
അവശ്യസർവ്വീസുകൾക്ക് മാത്രമാണ് അനുമതിയുള്ളത്. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 6 മുതൽ 10 വരെ പ്രവർത്തിക്കും. അടിയന്തര ആവശ്യങ്ങൾക്ക് അല്ലാത്ത സംസ്ഥാനാന്തര യാത്രകൾക്ക് തമിഴ്നാട്ടിൽ വിലക്ക് ഏർപ്പെടുത്തി. തമിഴ്നാട് അതിർത്തി കടന്നെത്തുന്ന സ്വകാര്യവാഹനങ്ങൾ തടയും. അടിയന്തര ആവശ്യമുള്ള യാത്രകൾ അനുവദിക്കും.
പെട്രോള്‍, ഡീസല്‍ പമ്പുകള്‍ തുറന്നു പ്രവര്‍ത്തിക്കും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മദ്യവില്‍പ്പന ശാലകള്‍ 14 ദിവസത്തേക്ക് അടച്ചിടും. പാഴ്സല്‍ സേവനങ്ങള്‍ക്കായി മാത്രം റെസ്റ്റോറന്റുകള്‍ തുറക്കാന്‍ അനുവദിക്കും. അവശ്യ സര്‍വീസില്‍പ്പെടാത്ത എല്ലാ സര്‍ക്കാര്‍ സേവനങ്ങളും പ്രവര്‍ത്തനം നിര്‍ത്തും. എന്നാല്‍ സെക്രട്ടേറിയറ്റ്, ആരോഗ്യം, റവന്യൂ, ദുരന്തനിവാരണം, പോലീസ്, അഗ്‌നിരക്ഷാസേന, ജയില്‍, പ്രാദേശിക ഭരണം, വൈദ്യുതി, പിഡബ്ല്യുഡി, സാമൂഹ്യക്ഷേമം, വനം വകുപ്പുകള്‍ പ്രവര്‍ത്തിക്കും.
സിനിമാശാലകള്‍, മള്‍ട്ടിപ്ലക്സുകള്‍, തിയേറ്ററുകള്‍, ജിമ്മുകള്‍, വിനോദ ക്ലബ്ബുകള്‍, ബാറുകള്‍, ഓഡിറ്റോറിയങ്ങള്‍, മീറ്റിംഗ് ഹാളുകള്‍ തുടങ്ങിയവയ്ക്ക് എര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ തുടരും.
രാജ്യത്ത് പതിനൊന്നിലധികം സംസ്ഥാനങ്ങൾ സമ്പൂർണ അടച്ചിടലിലാണ്. കേരളത്തിനു പുറമേ ദില്ലി, ഹരിയാന ,ബിഹാർ , യുപി, ഒഡീഷ , രാജസ്ഥാൻ, കർണാടക, ഝാർഖണ്ഡ് , ഛത്തീസ്ഗഡ് സംസ്ഥാനങ്ങൽ നേരത്തെ ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. ഇതിനുപുറമേ പത്തോളം സംസ്ഥാനങ്ങളിൽ രാത്രികാല, വാരാന്ത്യ കർഫ്യൂവും നിലനിൽക്കുന്നുണ്ട്.
കർണാടകത്തില്‍ മെയ് 10 മുതൽ 24 വരെ ലോക്ഡൗൺ പ്രഖ്യാപിച്ചു. അവശ്യ സാധനങ്ങൾ വില്‍ക്കുന്ന കടകൾ രാവിലെ 6 മുതല്‍ 10വരെ മാത്രമേ തുറക്കുകയുള്ളൂ, എന്നാല്‍ വാഹനങ്ങളില്‍ കടകളില്‍ പോകാന്‍ അനുവദിക്കില്ല. നടന്നുതന്നെ പോകണം എന്നാണ് വ്യവസ്ഥ. വ്യവസായ ശാലകളടക്കം സംസ്ഥാനത്ത് പരമാവധി അടച്ചിട്ട് രോഗവ്യാപനത്തെ ചെറുക്കാനാണ് ശ്രമം.
കൊവിഡ് പശ്ചാത്തലത്തിൽ ഗോവയിൽ ഈമാസം 9 മുതൽ 23 വരെ ലോക്ഡൗൺ ഏർപ്പെടുത്തുകയാണെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത്.അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ തുറക്കും. പലചരക്ക് കടകൾ രാവിലെ 7 മുതൽ 1 വരെ തുറന്നു പ്രവർത്തിക്കും. ഹോട്ടലുകളിൽ പാഴ്സലുകൾ മാത്രമാണ് ലഭ്യമാവുക.ഗോവയിൽ മരണ നിരക്ക് കൂടുകയാണെന്നും ജാഗ്രത പാലിക്കേണ്ട സമയമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.