ചെന്നൈ: തമിഴ്നാട്ടില്‍ ലോക്ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടി. നിലവിലെ ലോക്ഡൗണ്‍ മേയ് 24-ന് അവസാനിക്കാന്‍ ഇരിക്കെയാണ് ലോക്ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടിയത്. മേയ് 24 മുതല്‍ ഒരാഴ്ചത്തേക്കാണ് ഇളവുകളില്ലാത്ത സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അറിയിച്ചു.
ആരോഗ്യ വിദഗ്ധരുമായും നിയമസഭാകക്ഷി നേതാക്കളുമായും നടത്തിയ യോഗത്തിനു പിന്നാലെയാണ് ലോക്ഡൗണ്‍ പ്രഖ്യാപനം. പാല്‍-പത്രം-കുടിവെള്ളം- ദിനപത്ര വിതരണം എന്നിവയ്ക്ക് ഇളവ് നല്‍കിയിട്ടുണ്ട്. സെക്രട്ടേറിയേറ്റ് പോലുള്ള അവശ്യ വകുപ്പുകള്‍ പ്രവര്‍ത്തിക്കും. ഫാര്‍മസികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്.
സ്വകാര്യസ്ഥാപനങ്ങള്‍, ബാങ്ക്, ഇന്‍ഷുറന്‍സ് കമ്പനികള്‍, ഐ.ടി/ ഐ.ടി. എനേബിള്‍ഡ് സര്‍വീസ് സ്ഥാപനങ്ങള്‍ എന്നിവയിലെ ജീവനക്കാരോട് വര്‍ക്ക് ഫ്രം ഹോം രീതി പിന്തുടരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രാവിലെ എട്ടു മുതല്‍ വൈകുന്നേരം ആറുവരെ ഇ-കൊമേഴ്സ് പ്രവര്‍ത്തനങ്ങള്‍ അനുവദിക്കും. പെട്രോള്‍ പമ്പുകളും എ.ടി.എം. സേവന ങ്ങളും പ്രവര്‍ത്തിക്കും. കാര്‍ഷികോത്പന്നങ്ങളുടെ നീക്കത്തിന് തടസ്സമുണ്ടാകില്ല. ചെന്നൈയിലും മറ്റ് ജില്ലകളിലും ഹോര്‍ട്ടിക്കള്‍ച്ചര്‍ വകുപ്പ് തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് പച്ചക്കറികളും പഴങ്ങളും വാഹനങ്ങളിലൂടെ വിതരണം ചെയ്യും.
വൈദ്യസഹായത്തിനും മരണവുമായി ബന്ധപ്പെട്ടുമുള്ള അന്തര്‍ജില്ലാ യാത്രകള്‍ക്ക് ഇ- രജിസ്ട്രേഷന്‍ ആവശ്യമാണ്. വൈദ്യസഹായത്തിന് ജില്ലയ്ക്കുള്ളില്‍ സഞ്ചരിക്കുന്നതിന് രജിസ്ട്രേഷന്റെ ആവശ്യമില്ല. കർണാടകയിൽ സമ്പൂർണ ലോക്ഡൗൺ ജൂൺ 7 വരെ നീട്ടി. കഴിഞ്ഞ 10ന് നിലവിൽ വന്ന അടച്ചിടൽ 24 വരെയാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. നിലവിലുള്ള മാർഗനിർദേശങ്ങളിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.