റിലീസ് ചെയ്തു പത്തു വർഷം കഴിഞ്ഞിട്ടും മുല്ലപ്പെരിയാർ അണക്കെട്ട് വിവാദത്തിൽപ്പെട്ട ‘ഡാം 999’ എന്ന സിനിമയ്ക്കുള്ള വിലക്ക് ഇപ്പോഴും തുടരുകയാണ് തമിഴ്നാട്. പത്ത് വർഷങ്ങൾക്കു മുൻപ്, സിനിമ ഇറങ്ങിയത് മുതൽ തമിഴ്നാട്ടിൽ ഈ ചിത്രം നിരോധിച്ചിരിക്കുകയാണ്. സുപ്രീം കോടതി വരെ പ്രദർശനാനുമതി നൽകിയിട്ടും ഇതുവരെ ഈ ചിത്രം അവിടെ പ്രദർശിപ്പിച്ചിട്ടില്ല. രണ്ടായിരത്തി ഇരുപത്തിയൊന്ന് സെപ്റ്റംബർ മാസം വരെയായിരുന്ന നിരോധനമാണ് ഇപ്പോൾ വീണ്ടും പുതുക്കിക്കോണ്ട് തമിഴ്നാട് ഗവൺമെന്റ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. കാലാവധി അവസാനിക്കുന്ന മുറയ്ക്ക് നിരോധനം കൃത്യമായി പുതുക്കിക്കോണ്ടിരിക്കുന്ന ഈ നടപടി ദുഃഖകരമാണെന്ന് ചിത്രത്തിന്റെ സംവിധായകൻ ഡോ. സോഹൻ റോയ് പറഞ്ഞു.
“രണ്ടായിരത്തി പതിനൊന്നിൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ കഥയ്ക്ക് മുല്ലപ്പെരിയാർ അണക്കെട്ടുമായി സാമ്യമുണ്ട് എന്ന വാദം ഉന്നയിച്ചാണ് തമിഴ്നാട് നിരോധനം തുടരുന്നത്. വർഷങ്ങളോളം പഴക്കമുള്ള ഒരു അണക്കെട്ടും അത് തകരുമ്പോൾ ഉണ്ടാവുന്ന ദുരന്തവും പ്രമേയമാക്കിയ സിനിമയാണ് ഡാം 999. മുല്ലപ്പെരിയാർ അണക്കെട്ടുമായി ഈ ചിത്രത്തിന് സാമ്യമുണ്ടെന്നാണ് ആരോപണം. ഇന്ത്യൻ പാർലമെന്റ് തടസ്സപ്പെടുത്തുന്നത് അടക്കമുള്ള സംഘർഷങ്ങൾ അന്ന് ഉണ്ടായി . തുടർന്ന് ചിത്രത്തിന്റെ പോസ്റ്റർ പതിക്കാൻ സമ്മതിക്കാതിരിക്കുക, പ്രദർശിപ്പിക്കാൻ മുന്നോട്ടുവന്ന തീയേറ്ററുകൾക്ക് ഫൈൻ ഏർപ്പെടുത്തുക, ചാനലുകളെ സ്വാധീനിച്ച് സാറ്റലൈറ്റ് അവകാശം എടുപ്പിയ്ക്കാതെ ഇരിക്കുക തുടങ്ങിയ പ്രശ്നങ്ങളും ഞങ്ങൾക്ക് അഭിമുഖീകരിക്കേണ്ടിവന്നു. ഇപ്പോൾ സിനിമയുടെ പത്താം വാർഷികം ആഘോഷിക്കുന്ന ഈ വേളയിലും പ്രദർശനത്തിന് നിരോധനം തുടരുന്നത് ദുഃഖകരമാണ് ” അദ്ദേഹം പറഞ്ഞു.
ഒട്ടനവധി അന്തർദേശീയ ബഹുമതികൾ നേടിയ ചിത്രമാണ് ഡാം 999. ഓസ്‌കാറിന്റെ ചുരുക്കപ്പട്ടികയിലേക്ക് മൂന്നു കാറ്റഗറികളിലായി അഞ്ച് എൻട്രികൾ നേടിയത് കൂടാതെ, തൊട്ടടുത്ത വർഷത്തെ ഗോൾഡൻ റൂസ്റ്റർ അവാർഡിലേക്ക് പന്ത്രണ്ട് ക്യാറ്റഗറികളിൽ മത്സരിക്കാനും ചിത്രം യോഗ്യത നേടി. ചൈനീസ് ഓസ്കാർ എന്നറിയപ്പെടുന്ന ഈ അവാർഡിനായി മത്സരിക്കാൻ യോഗ്യത നേടിയ ആദ്യ ഇന്ത്യൻ സിനിമ കൂടിയാണ് ഇത് . ഇതോടൊപ്പം, ഓസ്കാർ അക്കാദമി ലൈബ്രറിയിലെ ‘പെർമെനന്റ് കോർ കളക്ഷനിലേക്ക് ‘ തിരഞ്ഞെടുക്കപ്പെടുക എന്ന അപൂർവനേട്ടവും സംവിധായകൻ തന്നെ രചന നിർവഹിച്ച ഈ ചിത്രത്തിന്റെ തിരക്കഥയ്ക്ക് കൈവരിക്കാൻ സാധിച്ചിരുന്നു. തുടർന്നുള്ള വർഷങ്ങളിൽ നൂറ്റി മുപ്പതോളം അന്തർദേശീയ ചലച്ചിത്രമേളകളിലേയ്ക്കും ഈ സിനിമ തിരഞ്ഞെടുക്കപ്പെട്ടു.
പത്താം വാർഷികാഘോഷത്തിന്റെ ഈ വേളയിൽ വാരാന്ത്യങ്ങളിലെ വെബിനാറുകളിലൂടെ ഈ ചിത്രത്തിന്റെ ചിത്രീകരണവേളയിലെ അവിസ്മരണീയാനുഭവങ്ങൾ പുതുക്കുന്ന ജോലിയിലാണ് ഇപ്പോൾ അണിയറ പ്രവർത്തകർ. സുപ്രസിദ്ധ ഹോളിവുഡ് താരം ജോഷ്വാ ഫ്രെഡ്റിക്ക് സ്മിത്ത്, പ്രശസ്ത ഗായിക കെ എസ് ചിത്ര, പ്രശസ്ത സംഗീത സംവിധായകൻ ഔസേപ്പച്ചൻ, പത്മശ്രീ പുരസ്കാരം ലഭിച്ച പ്രശസ്ത പ്രൊഡക്ഷൻ ഡിസൈനർ തോട്ടത്തരണി, ചിത്രത്തിന്റെ ക്യാമറാവിഭാഗം കൈകാര്യം ചെയ്ത പ്രശസ്ത സിനിമാട്ടോഗ്രാഫർ അജയൻ വിൻസെന്റ്,പ്രശസ്ത മേക്കപ്പ് വിദഗ്ധൻ പട്ടണം റഷീദ് മുതലായവർ ചിത്രത്തിന്റെ സംവിധായകൻ സോഹൻ റോയിയുമായി അനുഭവങ്ങൾ പങ്കുവയ്ക്കാൻ എത്തിച്ചേരുക യുണ്ടായി.