താനൂർ ബോട്ടപകടം; ബോട്ടുടമ നാസർ അറസ്റ്റിൽ, പിടികൂടിയത് കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്തു നിന്ന്

0

താനൂരിൽ അപകടത്തിൽപ്പെട്ട ബോട്ടിന്റെ ഉടമ നാസർ അറസ്റ്റിൽ. കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്തു നിന്നാണ് താനൂർ പൊലീസ് ഇയാളെ പിടികൂടിയത്. മലപ്പുറം താനൂരിലെ ബോട്ടപകടത്തിൽ മുഴുവൻ പേരെയും കണ്ടെത്തിയതായി ദുരന്ത നിവാരണ വിഭാഗം അറിയിച്ചു. 37 പേരാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ 22 പേർ മരണപ്പെട്ടു. 10 പേരെയാണ് രക്ഷപ്പെടുത്താനായത്. 5 പേർ നീന്തിക്കയറുകയായിരുന്നു. അപകടത്തിൽപ്പെട്ട ഒരു കുട്ടിയെ കാണാനില്ലെന്നത് അഭ്യൂഹം മാത്രമാണ്. കുട്ടി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലുണ്ട്. വൈകിട്ടോടെ തെരച്ചിൽ അവസാനിപ്പിക്കുമെന്ന് ദുരന്ത നിവാരണ വിഭാഗം അറിയിച്ചു.

ഇതിനിടെ പൊലീസിനെ തെറ്റിധരിപ്പിക്കാനും ബോട്ടുടമ ശ്രമിച്ചിരുന്നു. ബോട്ടുടമയായ നാസറിൻ്റെ ഫോൺ സഹോദരൻ്റ കൈയിൽ കൊടുത്താണ് പൊലീസിനെ കബളിപ്പിക്കാൻ ശ്രമിച്ചത്. സഹോദനും സംഘവും എറണാകുളത്ത് എത്തിയത് മുൻകൂർ ജാമ്യത്തിന് ശ്രമിക്കാനാണെന്ന് വ്യക്തമായിരുന്നു. ഇവർ അഭിഭാഷകരുമായി ബന്ധപ്പെട്ടതിനും തെളിവ് ലഭിച്ചിരുന്നു.

മലപ്പുറം താനൂരിൽ അപകടത്തിൽപ്പെട്ട അറ്റ്‌ലാന്റിക് ബോട്ടിന്റെ ഉടമയുടെ വാഹനം കൊച്ചിയിൽ വെച്ച് കസ്റ്റഡിയിലെടുത്തിരുന്നു. പാലാരിവട്ടം പൊലീസാണ് വാഹനം പിടിച്ചെടുത്തത്. നാസറിന്റെ ചേട്ടനും സുഹൃത്തുക്കളും കസ്റ്റഡിയിലെടുത്ത വാഹനത്തിലുണ്ടായിരുന്നു. ബോട്ടുടമയായ നാസറിൻ്റെ ചിത്രം പൊലീസ് അല്പസമയം മുമ്പ് പുറത്തുവിട്ടിരുന്നു. നാസറിനെതിരെ നരഹത്യാ കുറ്റും ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

മാനദണ്ഡങ്ങൾ ലംഘിച്ചാണ് അറ്റ്‌ലാന്റിക് ബോട്ട് വിനോദയാത്ര നടത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ബോട്ടിന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിച്ച കാര്യത്തിൽ അടക്കം പൊലീസ് പരിശോധന ഉണ്ടാകും. തുറമുഖ വകുപ്പ്, ഇൻലാന്റ് നാവിഗേഷൻ എന്നിവരുടെ ലൈസൻസ് ബോട്ടിന് ഉണ്ടെന്നാണ് പൊലീസിന് കിട്ടിയ പ്രാഥമിക വിവരം. ലൈസൻസ് നമ്പറും ബോട്ടിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.