ശ്രീലങ്കയില്‍ നിരവധി പേരുടെ ജീവനെടുത്ത സ്‌ഫോടകവസ്തു ‘സാത്താന്റെ മാതാവിന്റെ’ സാന്നിധ്യം കേരളത്തിലും: അതീവ ജാഗ്രത

0

ശ്രീലങ്കയില്‍ നടന്ന ചാവേര്‍ ബോംബാക്രമണങ്ങളില്‍ തീവ്രവാദികള്‍ ഉപയോഗിച്ച സ്‌ഫോടകവസ്തു ‘സാത്താന്റെ മാതാവ്’ എന്നു ശാസ്ത്രലോകം വിശേഷിപ്പിക്കുന്ന ട്രൈ അസറ്റോണ്‍ ട്രൈ പെറോക്‌സൈഡ് (ടിഎടിപി) എന്ന കൊലയാളി രാസവസ്തു വിന്റെ സാന്നിധ്യം കേരളത്തില്‍ പലയിടത്തും ആശങ്കയുണര്‍ത്തുന്നതായി ഒരു പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. ലങ്കയെ നടുക്കിയ സ്‌ഫോടനത്തിന് ഉപയോഗിച്ച സ്‌ഫോടക വസ്തുക്കളുടെ സാന്നിധ്യം കേരളത്തിന്റെ ചില ഭാഗങ്ങളിലുമുണ്ടെന്നു കണ്ടെത്തിയതോടെ അതീവ ജാഗ്രതയിലാണു പൊലീസെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ ‘കോക്ടെയില്‍’ സ്‌ഫോടകവസ്തുവിലെ അടിസ്ഥാന ഘടകം TATP അഥവാ ട്രൈ അസറ്റോണ്‍ ട്രൈ പെറോക്‌സൈഡാണ്. ലോകത്തിന്റെ പലഭാഗങ്ങളിലും അത്ര പ്രയാസമില്ലാതെ തെരുവില്‍ നിന്നുതന്നെ സംഘടിപ്പിക്കാനാവുന്ന ഈ വെടിമരുന്നിനെ അതി തീവ്രമായ ഒരു സ്‌ഫോടക വസ്തുവാക്കി മാറ്റുന്ന അത്ഭുത റെസിപ്പി അല്‍ ക്വയ്ദ എന്ന തീവ്രവാദ സംഘടനയ്ക്ക് മാത്രം സ്വന്തം. ഇതും ഇതിനെ ട്രിഗര്‍ ചെയ്യാനുള്ള ഡിറ്റനേറ്റിങ്ങ് ഡിവൈസും എങ്ങനെ ശ്രീലങ്കയിലെത്തി എന്നതാണ് ഇപ്പോള്‍ രഹസ്യാന്വേഷണ ഏജന്‍സികളെ കുഴക്കുന്ന ചോദ്യം.

ഐഎസ് ബന്ധത്തിനു കസ്റ്റഡിയിലായ ഓച്ചിറ സ്വദേശിയുമായി ബന്ധപ്പെട്ടു നടത്തുന്ന അന്വേഷണത്തിലൂടെയാണു വിവരങ്ങള്‍ പുറത്തു വരുന്നത്. പാരീസ്, ഫിലിപ്പൈന്‍സ് സ്‌ഫോടനങ്ങള്‍ക്കും ടിഎടിപി ഉപയോഗിച്ചിരുന്നതായി ഐഎസ് ബന്ധമുള്ള ചില കാസര്‍കോട് സ്വദേശികള്‍ വെളിപ്പെടുത്തിയിരുന്നു. ശ്രീലങ്കയില്‍ ചാവേറായ ആച്ചി മുഹമ്മദ് ഉപയോഗിച്ചതും ഇതേ സ്‌ഫോടക വസ്തുവാണ്. നെയില്‍ പോളിഷ് റിമൂവര്‍, അസറ്റോണ്‍, ഹൈഡ്രജന്‍ പെറോക്‌സൈഡ് തുടങ്ങിയ ചേര്‍ത്താണു ടിഎടിപി നിര്‍മിക്കുക.

പൊട്ടിത്തെറിക്കുമ്പോഴുള്ള വീര്യം കൂട്ടാനായി കുപ്പിച്ചില്ല്, ഇരുമ്പു കഷ്ണങ്ങള്‍ തുടങ്ങിയവയും സ്‌ഫോടകവസ്തുവില്‍ ഉപയോഗിക്കും. തുര്‍ക്കിയിലെ ഐഎസ് താവളത്തില്‍ വച്ചാണ് ഇതിനുള്ള പരിശീലനം നല്‍കിയതെന്നും കണ്ടെത്തിയിട്ടുണ്ട്. പരിശോധനയില്‍ ടിഎടിപി കണ്ടെത്താനും ബുദ്ധിമുട്ടേറെയാണെന്ന പഴുതും ഭീകരര്‍ ഉപയോഗപ്പെടുത്തുന്നുണ്ട്.

‘മദര്‍ ഓഫ് സാത്താന്‍’ എന്ന ഓമനപ്പേര് ഈ സ്‌ഫോടകമിശ്രിതത്തിന് കിട്ടുന്നത് വളരെ യാദൃച്ഛികമായി അത് കണ്ടുപിടിക്കപ്പെട്ട പലസ്തീനിലെ പോരാളികളുടെ പരീക്ഷണ ശാലകളില്‍ നിന്നാണ്. വെളുത്ത ക്രിസ്റ്റല്‍ രൂപത്തില്‍ വാങ്ങാന്‍ കിട്ടുന്ന ഒരു വെടിമരുന്ന് TATP. അതിന്റെ കൂടെ ഇന്റര്‍നെറ്റില്‍ തന്നെ ലഭ്യമായ റെസിപ്പി പ്രകാരം ഡ്രെയിന്‍ ക്‌ളീനര്‍, നെയില്‍ പോളിഷ് റിമൂവര്‍, ബോള്‍ ബെയറിങ്ങുകള്‍, ബോള്‍ട്ടുകള്‍, ആണികള്‍, അസെറ്റോണ്‍ തുടങ്ങിയ വേറെ പല ചേരുവകളും ചേര്‍ത്ത് പല തരത്തിലുള്ള സ്‌ഫോടക വസ്തുക്കളും നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. അത്തരത്തില്‍ ചിലതാണ് പാരിസിലും, ലണ്ടനിലും ഒക്കെ മുന്‍പ് ഉപയോഗിക്കപ്പെട്ടത്.

TATP ഒരു ഹൈ എക്‌സ്‌പ്ലോസീവ് ആണ്. അതിനെ നേരിട്ട് പൊട്ടിത്തെറിപ്പിക്കാനാവില്ല. ഇതിനെ പൊട്ടിത്തെറിപ്പിക്കാന്‍ ആവശ്യമായ ട്രിഗറിങ്ങ് സാങ്കേതിക വിദ്യ വിദേശത്തുനിന്നും ശ്രീലങ്കയിലേക്കെത്തിയത് എങ്ങനെയെന്നാണ് ഇപ്പോള്‍ ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ അന്വേഷിക്കുന്നത്