തിരിച്ചു വരാത്ത യാത്ര: ചായക്കട വരുമാനത്തിൽ ഭാര്യയ്ക്കൊപ്പം ലോകം ചുറ്റിയ വിജയൻ അന്തരിച്ചു

0

കൊച്ചി കടവന്ത്ര ഗാന്ധിനഗറിൽ ചായക്കട നടത്തി, അതിൽ നിന്നുള്ള വരുമാനം കൊണ്ട് ഭാര്യയെയുംകൊണ്ട് ലോകം ചുറ്റിയ കെ ആർ വിജയൻ അന്തരിച്ചു. 71 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. റഷ്യൻ യാത്ര കഴിഞ്ഞു മടങ്ങിയെത്തി ദിവസങ്ങൾക്ക് ശേഷമാണ് മരണം.

ആഗ്രഹമുണ്ടെങ്കിൽ സാധാരണക്കാരനും ലോകസഞ്ചാരത്തിന് കഴിയും എന്ന് നിരവധി തവണ തെളിയിച്ചവ്യക്തിയാണ് വിജയൻ. അവസാനമായി കഴിഞ്ഞ മാസം 21നാണ് ഇവർ റഷ്യയിൽ സഞ്ചാരം നടത്തിയത്. ആരോഗ്യപ്രശ്നങ്ങളാൽ ഇനിയൊരു യാത്ര നടക്കുമോ എന്ന സംശയത്തിലിരിക്കെയാണ് റഷ്യാ സന്ദർശനം തരപ്പെട്ടതെന്ന് യാത്രയ്ക്ക് മുന്നോടിയായി അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ചായക്കടയിലെ വരുമാനത്തിൽ നിന്ന് ചെറുവിഹിതം എല്ലാ ദിവസവും മാറ്റിവച്ചായിരുന്നു ഈ ലോകയാത്രകൾ. പ്രതിദിനം 300 രൂപയോളം ഈ യാത്രകൾക്കായി മിച്ചംപിടിച്ചാണ് ഈ ദമ്പതികൾ സ്വപ്നസഞ്ചാരങ്ങൾ നടത്തിയത്.

16 വർഷത്തിനിടെ 26 രാജ്യം സന്ദർശിച്ച ദമ്പതിമാരുടെ കഥ കേരളത്തിലും പുറത്തുമുള്ള മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. 2007 ൽ ഈജിപ്തിലേക്കായിരുന്നു ഇവരുടെ ആദ്യ വിദേശയാത്ര. ഏറ്റവുമൊടുവിൽ ഇക്കഴിഞ്ഞ ഒക്ടോബർ അവസാനം റഷ്യയിലേക്കും. മോസ്‌കോ, സെന്റ് പീറ്റേഴ്‌സ്ബർഗ്, റഷ്യൻ പാർലമെന്റ് മന്ദിരം, റെഡ് സ്‌ക്വയർ, ക്രെംലിൻ കൊട്ടാരം എല്ലാം റഷ്യൻ യാത്രയുടെ ഭാഗമായി ഇവർ കണ്ടു.

അടുത്ത ലക്ഷ്യം ജപ്പാനെന്ന മോഹം ബാക്കിയാക്കിയാണ് വിജയൻ വിടപറഞ്ഞത്. 1988 ൽ ഹിമാലയത്തിലേക്കുള്ള യാത്രയും ഈ ദമ്പതികൾ പൂർത്തിയാക്കിയിരുന്നു. റഷ്യൻ സന്ദർശനത്തിന് മുൻപ് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് കടവന്ത്രയിലെ ഇവരുടെ കടയിലെത്തി വിനോദസഞ്ചാരം സംബന്ധിച്ച വിശദാംശങ്ങൾ ചോദിച്ചറിഞ്ഞതും വാർത്തകളിൽ ഇടംനേടി.