ടെക് കമ്പനികൾ ഈ വർഷം പിരിച്ചുവിട്ടത് 89,000 പേരെ

0

ഗൂഗ്ൾ, മൈക്രോസോഫ്റ്റ്, ടിക്‌ടോക്, ടെസ്‌ല എന്നിവയടക്കം ടെക്നോളജി രംഗത്തെ വമ്പൻ കമ്പനികൾ കൂട്ടപ്പിരിച്ചുവിടൽ തുടരുന്നു. ഈ വർഷം മാത്രം പിരിച്ചുവിട്ടവരുടെ എണ്ണം 89,000 പിന്നിട്ടു.

മേയ് മാസത്തിൽ മാത്രം 39 കമ്പനികൾ 9,742 പേരെയാണ് പിരിച്ചുവിട്ടത്. എന്നാൽ, ഏപ്രിലിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ ഇതു കുറവാണ്. ഏപ്രിലിൽ 50 കമ്പനികൾ 21,473 പേരെ പിരിച്ചുവിട്ടിരുന്നു.

ഗൂഗ്ൾ അടക്കമുള്ളവയുടെ മാതൃ കമ്പനിയായ ആൽഫബെറ്റാണ് കഴിഞ്ഞ വർഷം ഈ പ്രവണതയ്ക്ക് തുടക്കം കുറിച്ചത്. ജീവനക്കാരുടെ എണ്ണത്തിൽ ആറ് ശതമാനം കുറവ് വരുത്താനുള്ള തീരുമാനം അവർ പ്രഖ്യാപിച്ചതോടെ ടെക് ലോകത്തെ മറ്റു പല ഭീമൻമാരും ഇതേ മാർഗം പിന്തുടരുകയായിരുന്നു.

കോർ ടീമുകളിൽ തന്നെ ഗൂഗ്ൾ വലിയ തോതിൽ ജീവനക്കാരെ വെട്ടിക്കുറയ്ക്കുകയാണ്. എൻജിനീയറിങ് മേഖലയിൽ ജോലി ചെയ്യുന്നവരെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത്.

ഈ വർഷം ആദ്യം പിരിച്ചുവിടൽ പ്രഖ്യാപിച്ച മറ്റൊരു പ്രമുഖ സ്ഥാപനം മൈക്രോസോഫ്റ്റാണ്. ഗെയിമിങ് ഡിവിഷനിലെ ഉയർന്ന തസ്തികകളിൽ ജോലി ചെയ്തിരുന്നവർക്കാണ് മേയ് മാസത്തിൽ പ്രധാനമായും ഇവിടെ ജോലി നഷ്ടമായത്.

ഇലോൺ മസ്കിന്‍റെ ഉടമസ്ഥതയിലുള്ള ടെസ്‌ലയിൽ സോഫ്റ്റ്‌വെയർ, സർവീസ്, എൻജിനീയറിങ് വിഭാഗങ്ങളിലെല്ലാം ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചുകൊണ്ടിരിക്കുകയാണ്. 6,700 പേരെ കമ്പനി പിരിച്ചുവിട്ടു കഴിഞ്ഞു.