തൃശൂർ പൂരം: ആനകളെ എഴുന്നള്ളിക്കുന്നതിന് നിയന്ത്രണം; തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ കാര്യത്തില്‍ കോടതി ഉത്തരവ് നടപ്പാക്കുമെന്ന് കളക്ടര്‍

0

തൃശ്ശൂര്‍: പൂരത്തിന് ആനകളെ എഴുന്നള്ളിക്കുന്നതിന് നിയന്ത്രണങ്ങളുണ്ടെന്ന് ജില്ലാ കളക്ടര്‍ അനുപമ. തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ കാര്യത്തില്‍ കോടതി ഉത്തരവ് നടപ്പാക്കുമെന്ന് കളക്ടര്‍ പറഞ്ഞു. മെയ് 12,13,14 ദിവസങ്ങളില്‍ നീരുള്ളവ, മദപ്പാടുള്ളവ, വെടിക്കെട്ട് നടക്കുമ്പോള്‍ വിരണ്ടോടുന്ന തരത്തിലുള്ളവ എന്നിങ്ങനെയുള്ള ആനകളെ തൃശ്ശൂര്‍ ടൗണിനകത്ത് പ്രവേശിക്കുന്നതില്‍ വിലക്കുണ്ട്.നാളത്തെ കോടതി വിധിയ്ക്കനുസരിച്ച്തെച്ചിക്കോട്ടുകാവ് രാമച്ചന്ദ്രന്റെ വിലക്കിന്‍റെ കാര്യം നടപ്പിലാക്കുമെന്നും അവര്‍ അറിയിച്ചു.

ചില ആനകളെ എഴുന്നള്ളിക്കുന്നത് മുമ്പേ നിരോധിച്ചിരുന്നതാണ്. നിരോധനം ഇപ്പോഴും നീക്കിയിട്ടില്ലെന്നും കളക്ടര്‍ അനുപമ വ്യക്തമാക്കി. ഏതെങ്കിലും ഒരു ആനയെ ശിച്ച് ഇറക്കിയിരിക്കുന്ന ഉത്തരവല്ല. എല്ലാ വര്‍ഷവും പൂരത്തിനോടനുബന്ധിച്ച് നല്‍കാറുള്ള പൊതു നിര്‍ദേശമാണ്. ഇത് നോക്കിയിട്ട് തന്നെയാണ് സംഘാടകര്‍ ആനയെ കൊണ്ടുവരുന്നതും മൃഗഡോക്ടര്‍മാര്‍ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതും. തൃശ്ശൂര്‍ പൂരമാകുമ്പോള്‍ ഇതൊരു ഉത്തരവായിറിക്കി നടപ്പിലാക്കുകയാണ് ചെയ്യുന്നതെന്നും കളക്ടര്‍ പറഞ്ഞു.
തൃശ്ശൂര്‍ പൂരത്തിന്റെ ഒരുക്കങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലാണ് കളക്ടര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

സാമ്പിള്‍ വെടിക്കെട്ട് 11 ന് നടക്കുമെന്നും അവര്‍ അറിയിച്ചു. , പാറമേക്കാവിന് വൈകിട്ട് ഏഴുമുതല്‍ ഒമ്പതുവരെയും തിരുവമ്പാടിയുടേത് ഏഴുമുതല്‍ എട്ടര വരെയും നടക്കും. പ്രധാന വെടിക്കെട്ട് 14 ന് പുലര്‍ച്ചെ നടക്കും. ഇതില്‍ പാറമേക്കാവിന്റേത് മൂന്നുമുതല്‍ ആറുവരെയും തിരുവമ്പാടിയുടേത് മൂന്നുമുതല്‍ അഞ്ചുവരെയും നടക്കും.

ഇതേസമയം, തൃശൂർ പൂരത്തിന്‍റെ കാര്യത്തിൽ ദിവസങ്ങളായി തുട‍ർന്ന് വരുന്ന പ്രതിസന്ധി ഒഴിവാക്കാൻ ദേവസ്വം മന്ത്രി ആന ഓണേഴ്സ് ഫെഡറേഷൻ നേതാക്കളുമായി ഇന്ന് ചർച്ച നടത്തും. വൈകീട്ട് നാല് മണിക്ക് മന്ത്രിയുടെ ഓഫീസിലാണ് ചർച്ച. കൃഷി വകുപ്പ്, വനം വകുപ്പ് മന്ത്രിമാരും ചർച്ചയിൽ പങ്കെടുത്തേക്കും. വെള്ളിയാഴ്ചത്തെ കോടതി വിധി അനുസരിച്ച് തീരുമാനമെടുക്കുമെന്ന സർക്കാർ നിലപാട് ദേവസ്വം മന്ത്രി ചർച്ചയിൽ ആവർത്തിക്കും.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഉത്സവങ്ങള്‍ക്ക് പങ്കെടുക്കാന്‍ വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് ഇനി മെയ് 11 മുതൽ ഉത്സവങ്ങൾക്കും പൊതുപരിപാടികൾക്കും ആനകളെ നൽകില്ലെന്ന് ആന ഉടമകളുടെ സംഘടന പ്രഖ്യാപിച്ചത്. തൃശൂർ പൂരത്തിന് മറ്റ് ആനകളെയും വിട്ടു നൽകില്ല. മന്ത്രിതല യോഗത്തിൽ ഉണ്ടായ തീരുമാനം സർക്കാർ അട്ടിമറിച്ചു. ഉടമകൾ ആനകളെ പീഡിപ്പിച്ച് കോടികൾ ഉണ്ടാക്കുന്നുവെന്ന വനം മന്ത്രിയുടെ പ്രസ്താവന പ്രതിഷേധാർഹമാണെന്നും സംഘടന വ്യക്തമാക്കിയിരുന്നു.