യുക്രൈനിലെ നാല് നഗരങ്ങളില്‍ താല്‍ക്കാലിക വെടി നിര്‍ത്തല്‍

0

യുക്രൈനിലെ നാല് നഗരങ്ങളില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ. തലസ്ഥാനമായ കീവ്, ഖാര്‍ക്കിവ്, മരിയുപോള്‍, സുമി എന്നീ സ്ഥലങ്ങളിലാണ് വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചത്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30നാണ് വെടിനിര്‍ത്തല്‍ നിലവില്‍ വരുന്നത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ അഭ്യര്‍ത്ഥന അനുസരിച്ചാണ് റഷ്യന്‍ പ്രസിഡന്റ് താല്‍ക്കാലികമായി ആക്രമണം നിര്‍ത്തിവെച്ചത്.

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ, യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമർ സെലൻസ്‌കി എന്നിവരുമായി മാക്രോൺ ഫോണിൽ സംസാരിച്ചിരുന്നു. യുക്രൈനിലെ ആണവ നിലയങ്ങളുടെ സമഗ്രത സംരക്ഷിക്കാൻ ഞങ്ങൾ ശ്രമിക്കുകയാണെന്നും സാധാരണക്കാരുടെ ജീവൻ സംരക്ഷിക്കാനായി വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും അദ്ദേഹം ഇരുരാജ്യങ്ങളിലെ പ്രസിഡന്റുമാരോടും അഭ്യർഥിച്ചിരുന്നു.

അതേസമയം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെ ഈ നഗരങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് പേരെ രക്ഷിക്കാനാവുമെന്നാണ് കരുതുന്നത്. സുമിയിൽ മലയാളി വിദ്യാർഥികളടക്കം നിരവധി പേരാണ് കുടുങ്ങിക്കിടക്കുന്നത്. കഴിഞ്ഞ ദിവസം സുമിയിലും മരിയുപോളിലും വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ആരേയും ഒഴിപ്പിക്കാനായില്ലെന്നാണ് യുക്രെയ്ൻ അറിയിച്ചത്. സംഘർഷ സാദ്ധ്യത അനുസരിച്ച് ഏത് നിമിഷവും ഒഴിപ്പിക്കൽ ഉണ്ടായേക്കുമെന്നാണ് ഇന്ത്യൻ അധികൃതർ അറിയിച്ചിരുന്നത്. യാത്രാവിമാനങ്ങൾക്ക് യുക്രൈൻ വ്യോമാതിർത്തിയിൽ വിലക്ക് വന്നതോടെ യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ റോഡ് മാർഗ്ഗം മോൾഡോവ, സ്ലൊവാക്യ, റൊമേനിയ, പോളണ്ട്, ഹംഗറി എന്നിവിടങ്ങൾ വഴിയാണ് രാജ്യത്തേയ്‌ക്ക് കൊണ്ടുവരുന്നത്.