‘ആ ഗുഹയ്ക്കുള്ളിൽ എന്താണെന്ന് ആർക്കുമറിയില്ലായിരുന്നു. ആരും അകത്തു കയറി കണ്ടിട്ടില്ല. ഇതാണ് കയറി നോക്കാമെന്ന ജിജ്ഞാസ വളര്‍ത്തിയത്.’ തായ്‍ലാൻഡിലെ ഗുഹയിൽ നിന്നും രക്ഷപ്പെട്ട കുട്ടികളും കോച്ചും അന്താരാഷ്ട്രമാധ്യമങ്ങളുടെ പ്രതിനിധികളെ കഴിഞ്ഞ ദിവസം കണ്ടപ്പോള്‍ എന്തിനാണ് ആ ഗുഹയിലേക്ക് പോയത് എന്ന ചോദ്യത്തിന് അവര്‍ നിഷ്കളങ്കമായി നല്‍കിയ ഉത്തരമായിരുന്നു ഇത്.
വൈൽഡ് ബോര്‍സ് ഫൂട്ബോൾ ടീമിന്റെ 12 അംഗങ്ങളും അവരുടെ അസിസ്റ്റന്റ് കോച്ചുമാണ് കഴിഞ്ഞ ദിവസം ആദ്യമായി മാധ്യമങ്ങൾക്കു മുമ്പിലെത്തിയത്. കുട്ടികളെല്ലാം പൊതുവിൽ ആഹ്ലാദവാന്മാരായിരുന്നു. ആരോഗ്യം വീണ്ടെടുത്തിട്ടുണ്ട്. രണ്ടാഴ്ചയാണ് ഇവർ ഗുഹയ്ക്കകത്ത് കഴിഞ്ഞത്. ഇതിൽ പത്തു ദിവസത്തോളം ഭക്ഷണം കഴിക്കുകയുണ്ടായില്ല. അന്തർദ്ദേശീയ ഡൈവിങ് സംഘങ്ങള്‍ നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെയാണ് ഇവർ രക്ഷപ്പെട്ടത്.
ഒരു നേരമ്പോക്കിനായാണ് അകത്തു കയറിയതെന്നും ഗുഹയ്ക്കുള്ളിൽ ഒരു മണിക്കൂർ ചെലവിട്ട് തിരിച്ചുപോകാമെന്നേ കരുതിയുള്ളൂവെന്നും കുട്ടികള്‍ പറഞ്ഞു. തിരിച്ചിറങ്ങുന്ന നേരത്ത് ഒരിടത്തെത്തിയപ്പോൾ വെള്ളം പൊന്തുന്നതായി കണ്ടു. ഒപ്പം കനത്ത് ഇരുട്ടും വീണു. വെള്ളം കൂടും തോറും തങ്ങള്‍ അകത്തേക്ക് കൂടുതല്‍ കൂടുതല്‍ പോയതാണ് അപകടത്തിനു കാരണം എന്നും കുട്ടികള്‍ പറഞ്ഞു.
ഗുഹയുടെ ചുമരിൽ നിന്നും കിനിഞ്ഞിറങ്ങിയ വെള്ളമാണ് കുടിച്ചത്. “എനിക്ക് മറ്റുള്ളവരുടെയത്ര കരുത്തില്ല. ഞാൻ ഭക്ഷണത്തെക്കുറിച്ച് ചിന്തിക്കാതെയിരുന്നു. വിശപ്പ് തോന്നാതിരിക്കാൻ.” -കൂട്ടത്തിലെ ഏറ്റവും പ്രായം കുറഞ്ഞയാൾ, 11 കാരനായ ചാനിൻ പറഞ്ഞു.
ഗുഹയുടെ മുകൾഭാഗത്തെ കല്ലുകൾ അടർത്തിയെടുത്തു കൊണ്ടിരിക്കുന്ന സമയത്താണ് തങ്ങളെ തേടിയെത്തിയ ഡൈവർമാരുടെ ശബ്ദം കേട്ടതെന്ന് കുട്ടികൾ പറഞ്ഞു. വലിയ അത്ഭുതമാണ് തങ്ങൾക്കുണ്ടായത്. എത്ര ദിവസമായി തങ്ങൾ അകത്തു പെട്ടിട്ട് എന്നായിരുന്നു കുട്ടികളുടെ ആദ്യത്തെ ചോദ്യം. ഗുഹയിൽ ദിവസങ്ങൾ മാറുന്നത് അറിയാൻ കഴിഞ്ഞിരുന്നില്ല.