തായ്‌ലന്‍ഡില്‍ ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയ 12 കുട്ടികളെയും അവരുടെ പരിശീലകനേയും പുറത്തെത്തിക്കാനുള്ള 11 മണിക്കൂര്‍ നീണ്ട ദൗത്യം ആരംഭിച്ചു. അതിനിടയില്‍ ഗുഹയിൽ കുടുങ്ങിയ 12 കുട്ടികളിൽ രണ്ടുപേരെ പുറത്തെത്തിച്ചതായി വിവരമുണ്ട്. അതേസമയം, ഏതു സമയത്തും മഴ പെയ്യാമെന്നത് രക്ഷാപ്രവർത്തനത്തിനു കനത്ത സമ്മർദമുണ്ടാക്കുന്നുണ്ട്. അഞ്ചു തായ് മുങ്ങൽ വിദഗ്ധരും 13 വിദേശ നീന്തൽ വിദഗ്ധരും അടക്കം 18 പേരാണ് രക്ഷാപ്രവർത്തക സംഘത്തിലുള്ളത്. ഒപ്പം യുഎസിൽ നിന്നുള്ള അഞ്ച് നേവി സീൽ കമാൻഡോകളും ഉണ്ട്.
കഴിഞ്ഞ ജൂണ്‍ 23 നാണ് അണ്ടര്‍ 16 ഫുട്‌ബോള്‍ ടീം അംഗങ്ങളും പരിശീലകനും ഗുഹയില്‍ കുടുങ്ങിയത്. തൊട്ടുപിന്നാലെ പെയ്ത കനത്തമഴയെ തുടര്‍ന്ന് വെള്ളവും ചെളിയും അടിഞ്ഞ് സംഘം ഗുഹയില്‍ അകപ്പെടുകയായിരുന്നു. മഴ അല്‍പം കുറഞ്ഞു നില്‍ക്കുന്നതിനാല്‍ ജലനിരപ്പ് ഇപ്പോള്‍ താഴ്ന്നുവരികയാണ്. ഇതോടെ ഗുഹയില്‍ നിന്നു പുറത്തേക്കുള്ള വഴിയില്‍ പലയിടത്തും കുട്ടികള്‍ക്കു നടന്നെത്താനുമാവും. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി ഗുഹാപരിസരത്തു തടിച്ചുകൂടിയ മാധ്യമപ്രവര്‍ത്തകരെ ഒഴിപ്പിക്കുകയും ചെയ്തു.
ഓരോ കുട്ടിക്കുമൊപ്പം ഒരു ഡൈവർ വീതമുണ്ടാകും. ബഡ്ഡി ഡൈവിങ് എന്ന രീതിയാണ് ഇവിടെ സ്വീകരിക്കുക. ഇടുങ്ങിയ, ദുർഘടമായ വഴികളാണു ഗുഹയിൽ പലയിടത്തും. ചിലയിടത്ത് ശക്തമായ അടിയൊഴുക്കുമുണ്ട്. ഇരുണ്ട, ചെളിവെള്ളം നിറഞ്ഞ കുഴികളും ധാരാളമാണ്. വായുസഞ്ചാരം കുറവുള്ള ഈ വഴികളിലൂടെ അതിസാഹസികമായി നീന്തിവേണം കുട്ടികളെ പുറത്തെത്തിക്കാൻ. പല സ്ഥലങ്ങളിലും വെള്ളത്തിനടിയിലൂടെ ഡൈവ് ചെയ്യേണ്ടിവരും. വായുസഞ്ചാരം കുറവുള്ളിടത്ത് കൂടുതൽ ഓക്സിജൻ ടാങ്കുകൾ സ്ഥാപിക്കും. ഗുഹയ്ക്കു പുറത്തുനിന്നു കുട്ടികളിരിക്കുന്ന സ്ഥലത്തേക്കെത്താൻ ആറു മണിക്കൂർ വേണം. അതായത് ഒരു കുട്ടിയെ പുറത്തെത്തിക്കാൻ വേണ്ട ചുരുങ്ങിയ സമയം 11 മണിക്കൂർ. രക്ഷാപ്രവർത്തനത്തിനിടെ ശ്വാസം മുട്ടി ഒരു ഡൈവർ മരിച്ചത് അപകടസാധ്യതയ്ക്കുള്ള മുന്നറിയിപ്പായാണ് അധികൃതർ ചൂണ്ടിക്കാണിച്ചത്.