ബര്‍മിംഗ്ഹാം: ബ്രിട്ടന്റെ പഴയ കോളനികളില്‍ ഉള്‍പ്പെട്ടെ രാജ്യങ്ങളില്‍ നിന്നുള്ള കായിക താരങ്ങള്‍ മാറ്റുരക്കുന്ന 22-ാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് ബ്രിട്ടനില്‍ തുടക്കം. ബര്‍മിംഗ്ഹാമിലെ അലക്സാണ്ടര്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകീട്ട് ഏഴിന് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കും. എലിസബത്ത് രാജ്ഞിക്ക് പകരം വെയില്‍സ് രാജാവും എലിസബത്ത് രാജ്ഞിയുടെ മകനുമായ ചാള്‍സ് രാജകുമാരനാണ് മുഖ്യാഥിതി. പരുക്കിനെ തുടര്‍ന്ന് ധീരജ് ചോപ്ര പിന്മാറിയതിനാല് ബാഡ്മിന്റണ്‍ താരം പി വി സിന്ധുവാകും ഇന്ത്യന്‍ പതാക ഏന്തുക.
ഇന്ന് മുതല്‍ ആഗസ്റ്റ് എട്ട് വരെയാണ് ഗെയിംസ്. 280 ഇനങ്ങളിലായി 72 രാജ്യങ്ങളിലെ 5052 അത്ലറ്റുകള് ഒമ്പത് വേദികളിലായി മാറ്റുരയ്ക്കും. നാളെ മുതലാണ് ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മത്സരങ്ങള്‍. കഴിഞ്ഞ തവണത്തെ മൂന്നാം സ്ഥാനക്കാരായ ഇന്ത്യ ഇത്തവണയും വലിയ പ്രതീക്ഷയിലാണ് ബ്രിട്ടനിലെത്തിയിരിക്കുന്നത്.
217 അത്ലറ്റുകളാണ് ഇന്ത്യന്‍ സംഘത്തിലുള്ളത്. ട്രാക്കിലും ഫീല്‍ഡിലുമായി ഒരു ഡസനോളം മെഡലുകള്‍ ഇന്ത്യ പ്രതീക്ഷിക്കുന്നു. പി വി സിന്ധുവും, ഹിമ ദാസും, ലക്ഷ്യ സെന്നും, അമിത് പങ്കലും, ലവ്ലീന ബോര്‍ഹൈനും ഉറച്ച മെഡല്‍ പ്രതീക്ഷകളാണ്. ആദ്യമായി വനിതാ ക്രിക്കറ്റും ഇത്തണത്തെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടീം ഇനങ്ങളില്‍ ഹോക്കിയിലും വനിത ക്രിക്കറ്റിലും ബാഡ്മിന്റണിലും ഇന്ത്യ മെഡല്‍ പ്രതീക്ഷിക്കുന്നു. ജുലൈ 30 മുതലാണ് ഇന്ത്യന്‍ താരങ്ങളുടെ മത്സരം.