ഫൈറ്റ് ക്ലബിന് ശേഷം ലോകേഷ് കനകരാജിന്റെ ജി സ്ക്വാഡിന്റെ ബാനറില്‍ പുതിയ ചിത്രം വരുന്നു. തമിഴ് യൂട്യൂബേഴ്സായ ഭാരത്, നിരഞ്ജന് എന്നിവരുടെ സിനിമാ അരങ്ങേറ്റം കുറിക്കുന്നതാണ് മിസ്റ്റര്‍ ഭാരത് എന്ന് പേരിട്ടിരിക്കുന്ന ചിത്രം. നിരഞ്ജന് എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഭാരതാണ് നായകനാവുന്നത്. അനൗണ്‍സ് ചെയ്ത വിഡിയോയില്‍ ലോകേഷ് കനകരാജും അഭിനയിച്ചിട്ടുണ്ട്.
ഒരു ഗ്യാങ്സ്റ്ററായാണ് വിഡിയോയില്‍ ലോകേഷ് കനകരാജ് എത്തുന്നത്. ഭീഷണിപ്പെടുത്താനായി കൊണ്ടുവന്ന യൂട്യൂബേഴ്സിന്റെ സിനിമ അബദ്ധത്തില്‍ നിര്‍മിക്കാം എന്ന് ജി സ്ക്വാഡിന്റെ തലവനായ ലോകേഷ് അബദ്ധത്തില്‍ സമ്മതിക്കുന്നു. തുടര്‍ന്ന് ജി സ്ക്വാഡിന്റെ ബാനറില്‍ നിര്‍മിക്കുന്ന മിസ്റ്റര്‍ ഭാരതിന്റെ അനൗണ്‍സ്മെന്റിലാണ് വിഡിയോ അവസാനിക്കുന്നത്. അനൗണ്‍സ്മെന്റ് വിഡിയോക്ക് പുറമേ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും പുറത്തുവന്നു.
ലോകേഷിന് പുറമേ സുധൻ സുന്ദരം, ജഗദീഷ് പളനിസാമി എന്നിവരും ചേര്‍ന്നാണ് മിസ്റ്റര്‍ ഭാരത് നിര്‍മിക്കുന്നത്. സംയുക്ത വിശ്വനാഥൻ നായികയാവുന്ന ചിത്രത്തില്‍ ബാല ശരവണൻ, നിധി പ്രദീപ്, ആർ സുന്ദർ രാജൻ, ലിംഗ, ആദിത്യ കതിർ എന്നിവരും അഭിനയിക്കുന്നുണ്ട്.