കൊച്ചി: തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നാളെ നടക്കുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പരമാവധി ആളെ കുറയ്ക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം. എംഎല്‍എമാരുടെ ഭാര്യമാരും ബന്ധുക്കളും എത്തുന്നത് പരമാവധി ഒഴിവാക്കണം. ഓണ്‍ലൈനിലൂടെ ചടങ്ങ് വീക്ഷിക്കാം. നിലവില്‍ നിശ്ചയിച്ച സംഖ്യ കുറച്ചുകൊണ്ടാകണം ചടങ്ങ് നടത്തേണ്ടതെന്നും കോടതി നിര്‍ദേശിച്ചു.
സർക്കാർ നടപടി കൊവിഡ് നിയമങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി തൃശൂരിലെ ചികിത്സാ നീതി സംഘടനാ ജനറൽ സെക്രട്ടറി ഡോ. കെജെ പ്രിൻസ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി നിർദേശം. ലോക്ക്ഡൗൺ നിർദേശങ്ങൾ പാലിച്ചാണ് സത്യപ്രതിജ്ഞ നടക്കുന്നതെന്ന് ഉറപ്പ് വരുത്തണമെന്നും ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറിക്കും ദുരന്തനിവാരണ അതോറിട്ടിക്കും നിർദ്ദേശം നൽകണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം.
ഹർജിയിൽ വാദം കേട്ട ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടിയിരുന്നു. തുടർന്ന് 400 ൽ താഴെ പേരെ മാത്രമെ ചടങ്ങിന് പ്രതീക്ഷിക്കുന്നുള്ളുവെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. 500 പേരെയാണ് സത്യപ്രതിജ്ഞക്ക് ക്ഷണിച്ചത്. എന്നാൽ
പ്രതിപക്ഷ എം.എൽ.എമാർ,ന്യാധിപന്മാർ എന്നിവർ പങ്കെടുക്കില്ലെന്നു അറിയിച്ചിട്ടുണ്ട് . അതുകൊണ്ട് തന്നെ 400 ൽ താഴെ പേരെ മാത്രമെ ചടങ്ങിന് പ്രതീക്ഷിക്കുന്നുള്ളുവെന്ന് സർക്കാർ അറിയിച്ചു. എല്ലാ കൊറോണ മാനദണ്ഡങ്ങളും പാലിച്ചാകും ചടങ്ങെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.
ജുഡീഷ്യല്‍ ഓഫീസര്‍മാരും ചടങ്ങില്‍ പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വലിയ തുറസ്സായ സ്ഥലത്ത് എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് പരിപാടി നടക്കുകയെന്നും സര്‍ക്കാര്‍ പറഞ്ഞു.