യു.എ.ഇ.യില്‍ നിന്ന് യാത്ര ചെയ്യുമ്പോള്‍ ഹാന്‍ഡ്ബാഗില്‍ ഇതൊന്നും കരുതരുത്

0

യു .എ.ഇ.യിലേക്ക് യാത്ര പോകുന്നവര്‍ ഹാന്‍ഡ്‌ബാഗില്‍ സൂക്ഷിക്കാവുന്ന സാധനങ്ങളുടെ  പട്ടിക എമിറേറ്റ്സ് എയര്‍ലൈന്‍സ് പുറത്തുവിട്ടു. സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഹാന്‍ഡ്ബാഗുകളുടെ സ്‌ക്രീനിങ്ങും കര്‍ശനമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഓസ്ട്രേലിയ, ന്യൂസീലന്‍ഡ്, യു.എസ്. എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഹാന്‍ഡ് ലഗേജ് സംബന്ധിച്ച് പ്രത്യേക മാനദണ്ഡങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. 350 ഗ്രാമില്‍ കൂടുതല്‍ അളവിലുള്ള പൊടികള്‍ കൈയില്‍ കരുതാന്‍ പാടില്ല. എല്ലാത്തരം പൊടികളും കര്‍ശനമായ പരിശോധനയ്ക്ക് വിധേയമാക്കും. അത് കൊണ്ടുതന്നെ അത്യാവശ്യമില്ലാത്ത പൊടികള്‍ ചെക്ക് ഇന്‍ ചെയ്യുന്ന ബാഗില്‍ വെക്കുന്നതാണ് നല്ലത്. കുട്ടികള്‍ക്കുള്ള പാല്‍പ്പൊടി, കുറിപ്പടിയോടെയുള്ള മരുന്നുകള്‍ എന്നിവയെ ഇതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പുതിയ നിയമമനുസരിച്ച് ഈ വര്‍ഷം ജനുവരി മുതല്‍ സ്മാര്‍ട്ട് ബാഗുകള്‍ നിരോധിച്ചിരുന്നു.

ഇത്തരം ബാഗുകളിലെ ജി.പി.എസ്. ട്രാക്കിങ് സംവിധാനത്തിനുപയോഗിക്കുന്ന ലിഥിയം ബാറ്ററികള്‍, ഫോണ്‍ ചാര്‍ജറുകള്‍, ഇലക്ട്രോണിക് ബുക്കുകള്‍ തുടങ്ങിയവ തീപ്പിടിത്തത്തിന് കാരണമാകുന്നതിനെ തുടര്‍ന്നാണിത്. കുട്ടികള്‍ക്കുള്ള പാല്‍, വെള്ളം, സോയ മില്‍ക്ക് എന്നിവ കുട്ടികള്‍ കൂടെയില്ലെങ്കില്‍ ഹാന്‍ഡ് ബാഗില്‍ കൊണ്ടുപോകാന്‍ അനുവദിക്കില്ല.

ഹാന്‍ഡ് ബാഗിലോ, ലഗേജിലോ അനുവദനീയമല്ലാത്ത വസ്തുക്കള്‍

  • എല്ലാതരം മയക്കുമരുന്നുകളും
  • ഇസ്രയേലില്‍ നിര്‍മിച്ചതോ ഇസ്രയേലിന്റെ വ്യാപാരമുദ്രയോ ലോഗോയോ ഉള്ള ഉത്പന്നങ്ങള്‍
  • ആനക്കൊമ്പും കാണ്ടാമൃഗത്തിന്റെ കൊമ്പു
  • ചൂത് കളിക്കുപയോഗിക്കുന്ന സാധനങ്ങളും ഉപകരണങ്ങളും
  • മൂന്നു പാളികളുള്ള മീന്‍വലകള്‍
  • കൊത്തുപണികള്‍, ശില്പങ്ങള്‍, അച്ചടിച്ച വസ്തുക്കള്‍ എന്നിവയുടെ ഒറിജിനലുകള്‍
  • ഉപയോഗിച്ചതോ കേടുപാട് തീര്‍ത്ത് നവീകരിച്ചതോ ആയ ടയറുകള്‍
  • ഇസ്ലാമിക മൂല്യങ്ങള്‍ക്കും മാന്യതയ്ക്കും ധാര്‍മികതയ്ക്കും എതിരായ അച്ചടിച്ച പ്രസിദ്ധീകരണങ്ങള്‍, എണ്ണച്ചായങ്ങള്‍, ഫോട്ടോഗ്രാഫുകള്‍, ചിത്രങ്ങള്‍, കാര്‍ഡുകള്‍, പുസ്തകങ്ങള്‍, മാസികകള്‍, ശില്പങ്ങള്‍ എന്നിവ
  • രാജ്യത്ത് ഇറക്കുമതി നിരോധനമുള്ള വസ്തുക്കള്‍
  • വ്യാജ കറന്‍സി