ഒരു ചായയുടെ വില ആയിരം രൂപ…!: ഇത് വേറെ ലെവൽ രുചി

0

ചായ ഇഷ്ടമില്ലാത്തവരായി ആരാണുള്ളത്. അതുപോലെ തന്നെ ചായയിൽ വ്യത്യസ്തമായ രുചികൾ പരീക്ഷിക്കാത്തവരും ചുരുക്കമായിരിക്കും. അത്തരത്തിൽ ചായ പ്രേമികൾക്ക് രുചിയുടെ വേറിട്ടൊരു ലോകം തന്നെ സമ്മാനിക്കുകയാണ് പശ്ചിമ ബംഗാളിലെ ഒരു ചായക്കട. ഈ ചായയെയെക്കാൾ ഇതിന്റെ വിലയാണ് ആളുകളെ കൂടുതൽ ആകർഷിക്കുന്നത്.

പത്തും നൂറുമൊന്നുമല്ല ആയിരം രൂപയാണ് ഒരു കപ്പ് ചായയുടെ വില. മുകുന്ദപുരില്‍ പാര്‍ഥ പ്രതിം ഗാംഗുലി എന്നയാള്‍ നടത്തുന്ന ചായക്കടയിലാണ് രുചിയിലും വിലയിലും കെങ്കേമന്മാരായ ചായകളുള്ളത്. ഒരു കപ്പിന് പന്ത്രണ്ട് രൂപ മുതല്‍ ആയിരം രൂപ വരെ വിലയുള്ള ചായകളാണ് ഇവിടെയുള്ളത്. നൂറോളം വ്യത്യസ്ത രുചിയിലുള്ള ചായകളും ഇവിടെ ലഭ്യമാണ്.

ലോകത്തിലെ തന്നെ 115 വ്യത്യസ്ത ചായകളാണ് ഈ കടയിൽ ഉള്ളത്. ചായകളോടുള്ള പ്രണയം കൊണ്ട് മികച്ച ശമ്പളമുള്ള ജോലി രാജിവെച്ചാണ് ഇദ്ദേഹം ചായക്കച്ചവടത്തിന് ഇറങ്ങിയത്. ജപ്പാനിൽ നിന്നുള്ള സ്പെഷ്യൽ ‘സിൽവർ നീഡിൽ വൈറ്റ് ടീ’ ആണ് ഈ കൂട്ടത്തിൽ ഏറ്റവും വിലകൂടിയത്. ഈ തെയില ഒരു കിലോയ്ക്ക് 2.8 ലക്ഷം രൂപയാണ്.

ഇതിനൊപ്പം കിലോയ്ക്ക് 50,000 വരെ വില തുടങ്ങുന്ന ബോ-ലെയ് ടീ(ചൈനയിലെ യുനാനില്‍ മാത്രം നിര്‍മിച്ചുവരുന്ന പ്രത്യേക തരം ചായയാണിത്. തേയിലകള്‍ കാലങ്ങളോളം എടുത്തുവച്ച് ഉണക്കി ഉപയോഗിക്കുന്ന രീതിയാണിതില്‍ സ്വീകരിക്കുന്നത്.), കിലോ 14,000 രൂപ വിലയുള്ള ഷമോമിലേ ടീ എന്നിങ്ങനെ പൊന്നുവിലയുള്ള ചായപ്പൊടികൾ നിറയുന്നതാണ് ഈ ചായക്കട. ആയിരം പേർ കടന്നുപോകുമ്പോൾ അതിൽ 100 പേർ ഒരു ചായകുടിക്കാൻ വരുമെന്ന് ഗാംഗുലി പറയുന്നു. ചായക്കൊപ്പം തെയില കൂടി ഇവിടെ നിന്നും വാങ്ങാൻ കഴിയും.

ഇത്തരത്തില്‍ ചായയില്‍ വ്യത്യസ്തതകള്‍ പരീക്ഷിക്കാമെന്ന ലക്ഷ്യത്തോടെ 2014ല്‍ കൊല്‍ക്കത്തയിലെ പാലിശ്രീയില്‍ ടീ സ്റ്റാള്‍ തുടങ്ങിയതായിരുന്നു പാര്‍ത്ഥ പ്രതിം ഗാംഗുലി എന്ന യുവാവ്. സ്വകാര്യ കമ്പനിയിലെ ജോലി ഉപേക്ഷിച്ചാണ് ഗാംഗുലി ടീ സ്റ്റാള്‍ തുടങ്ങിയത്. ചുരുങ്ങിയ സമയത്തിനകം തന്നെ ഗാംഗുലിയുടെ ടീസ്റ്റാള്‍ ശ്രദ്ധിക്കപ്പെട്ടു.

ഗുണമേന്മയുള്ള പല തരം തേയിലകള്‍ ലോകത്തിന്റെ പലയിടത്ത് നിന്നുമായി എത്തിച്ചായിരുന്നു ഗാംഗുലിയുടെ ചായ പരീക്ഷണങ്ങള്‍. ഇവിടത്തെ ഏറ്റവും വില കൂടിയ ഒരു ചായയെ കുറിച്ചാണ് പറഞ്ഞുവരുന്നത്. കപ്പൊന്നിന് 1000 രൂപ എന്നതാണ് ഇതിന്റെ വില. എത്ര വിലപിടിപ്പുള്ളതാണെങ്കില്‍ ആയിരം രൂപയ്ക്ക് ഒരു ചായയെന്ന് കേട്ടാല്‍ സ്വല്‍പമൊരു അത്ഭുതം തോന്നുക സ്വാഭാവികം.

‘സില്‍വര്‍ നീഡില്‍ വൈറ്റ് ടീ’ എന്നാണ് ഈ സൂപ്പര്‍ സ്‌പെഷ്യല്‍ ചായയുടെ പേര്. സ്വതവേ നിലവാരവും ഗുണമേന്മയും കൂടുതലായ ‘വൈറ്റ് ടീ’ ഇനത്തില്‍ പെടുന്നതാണിത്. അത്രമാത്രം മൂല്യമുള്ള തേയില ഉപയോഗിച്ച് തയ്യാറാക്കുന്നതിനാലാണ് ഈ ചായയ്ക്ക് ഇത്രയും വില വരുന്നതാണെന്ന് ഗാംഗുലി പറയുന്നു.

‘സാധാരണ ബ്ലാക്ക് ടീ 100 കിലോ ഉത്പാദിപ്പിക്കാനെടുക്കുന്ന സമയത്തിന്റെയും, സാമ്പത്തിക ചെലവിന്റെയും, തൊഴിലാളികളുടെ അധ്വാനത്തിന്റെയും മൂന്ന് മടങ്ങ് കൂടുതലാണ് ഈ ചായയ്ക്ക് ആവശ്യമായി വരുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയ തേയിലകളിലൊന്നാണ് ഇത്…’- ഗാംഗുലി പറയുന്നു.

ഗ്രീന്‍ ടീയെക്കാളും ആരോഗ്യഗുണങ്ങളാണ് ‘വൈറ്റ് ടീ’യ്ക്ക് ഉള്ളതത്രേ. ഇതിലടങ്ങിയിരിക്കുന്ന പ്രത്യേകതകളേറെയുള്ള ആന്റിഓക്‌സിഡന്റുകളും ഫൈറ്റോ കെമിക്കലുകളും ആരോഗ്യത്തിന് പല തരത്തിലുള്ള മെച്ചമുണ്ടാക്കുന്നു. ഈ തേയിലയുടെ സുഗന്ധം തന്നെ ആരെയും ആകര്‍ഷിക്കുന്നതാണെന്നും ഗാംഗുലി പറയുന്നു.