കൊച്ചി: തൊടുപുഴയിൽ ഏഴ് വയസുകാരനെ അമ്മയുടെ സുഹൃത്ത് മർദ്ദിച്ച് കൊന്ന സംഭവത്തിൽ കുട്ടിയുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റകൃത്യം മറച്ചുവച്ചതിനും പ്രതിയെ സംരക്ഷിക്കാൻ ശ്രമിച്ചതിനെത്തുടർന്നുമാണ് ഇവരെ അറസ്റ്റ് ചെയ്തത്. എറണാകുളത്ത് മാനസിക ചികിത്സയിലായിരുന്ന യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു അമ്മയ്ക്കെതിരെ കേസെടുക്കാൻ തൊടുപുഴ പൊലീസിന് ഇടുക്കി ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു.
ബാലനീതി നിയമം 75ാം വകുപ്പ് പ്രകാരം ഇവർക്കെതിരെ കേസെടുക്കാൻ പൊലീസിന് നിർദ്ദേശം നൽകിയത്. കുട്ടികളെ ആക്രമിക്കുകയോ ഉപദ്രവിക്കുകയോ അല്ലെങ്കിൽ അതിന് കൂട്ട് നിൽക്കുകയോ ചെയ്യുക, ബോധപൂർവം കുട്ടികളെ അവഗണിക്കുകയും അതിലൂടെ അവരിൽ മാനസിക ശാരീരിക സമ്മര്‍ദ്ദം ഏല്‍പ്പിക്കുക തുടങ്ങിയവയാണ് ബാലനീതി നിയമം 75ആം വകുപ്പിന്‍റെ പരിധിയിൽ വരുന്ന കുറ്റങ്ങൾ. 10 വർഷം വരെ തടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്.
മരിച്ച കുട്ടിയുടെ സഹോദരന്റെ മൊഴിയെ തുടർന്നാണു കമ്മിറ്റി തീരുമാനമെടുത്തത്.ഇളയ കുട്ടിയെ അച്ഛന്‍റെ മാതാപിതാക്കൾക്കൊപ്പം വിട്ടു. ശിശുക്ഷേമ സമിതിയുടെ തീരുമാനപ്രകാരമാണ് നടപടി. കുട്ടിയെ കൈമാറാനാവില്ലെന്ന് അവസാന നിമിഷം കുട്ടിയുടെ അമ്മൂമ്മ നിലപാടെടുക്കുകയായിരുന്നു. ശിശുക്ഷേമ സമിതി നിർദ്ദേശപ്രകാരം പൊലീസ് കുട്ടിയെ കൂട്ടിക്കൊണ്ട് വന്ന് അച്ഛന്‍റെ മാതാപിതാക്കൾക്ക് കൈമാറുകയായിരുന്നു. ഇളയകുട്ടി ഒരുമാസം മുത്തശ്ശനും മുത്തശ്ശിക്കും ഒപ്പം കഴിയും.