കോട്ടയത്ത് തോമസ് ചാഴിക്കാടൻ ഇടതുമുന്നണി സ്ഥാനാർത്ഥി. കോട്ടയം സീറ്റിൽ സ്ഥാനാർത്ഥിയായി തോമസ് ചാഴിക്കാടിനെ പ്രഖ്യാപിച്ചു. ജോസ് കെ മാണിയാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്.
ചർച്ചകളിൽ ഉയർന്ന് വന്നത് ഒരേ ഒരു പേര് മാത്രമായിരുന്നു എന്ന് ജോസ് കെ മാണി പറഞ്ഞു. പാർട്ടി ഒറ്റക്കെട്ടായിട്ടാണ് തീരുമാനം. ഇടത് മുന്നണി സ്ഥാനാർത്ഥിയായി വിജയത്തിലേക്ക് എത്താൻ സാധിക്കും. വലിയ ഭൂരിപക്ഷം ലഭിക്കും. അപ്പുറത്ത് ആരാണ് മത്സരിക്കുന്നത് എന്ന് നോക്കുന്നില്ല. സീറ്റ് വിട്ട് നൽകുന്നതിൽ സിപിഐഎമ്മിനും ബുദ്ധിമുട്ടുണ്ട്. അത് മനസിലാക്കുന്നു എന്നും ജോസ് കെ മാണി പറഞ്ഞു.
24 മൂഡ് ട്രാക്കർ സർവെയിൽ കോട്ടയത്തെ എംപി തോമസ് ചാഴിക്കാടൻ്റെ പ്രവർത്തനം ശരാശരിയും ശരാശരിക്ക് താഴെയുമാണെന്നായിരുന്നു ഭൂരിപക്ഷാഭിപ്രായം. വളരെ മികച്ചതെന്ന് നാല് ശതമാനവും മികച്ചതെന്ന് 9 ശതമാനവും പറഞ്ഞപ്പോൾ 39 ശതമാനം പേർ ശരാശരിയും 21 പേർ മോശവും എന്ന നിലപാടെടുത്തു. 5 ശതമാനം പേർ വളരെ മോശമെന്ന അഭിപ്രായക്കാരാണ്.
കോട്ടയത്ത് യുഡിഎഫ് ജയിക്കുമെന്നും മൂഡ് ട്രാക്കർ സർവെയിൽ ജനം അഭിപ്രായപ്പെട്ടിരുന്നു. യുഡിഎഫിന് 48 ശതമാനം വിജയസാധ്യതയും എൽഡിഎഫിന് 31 ശതമാനം വിജയസാധ്യതയുമാണ് ആളുകൾ പ്രവചിച്ചത്.