തിരുവനന്തപുരം: വിദേശത്ത് വച്ച് മരണപ്പെടുന്ന മലയാളികളുടെ മൃതദേഹം പൂർണമായും സൗജന്യമായി നാട്ടിലെത്തിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇതിനുള്ള ചെലവ് നോർക്കയായിരിക്കും വഹിക്കുക. ബജറ്റിലെ പതിനെട്ടാമത് പദ്ധതിയായിട്ടാണ് പ്രവാസി നിക്ഷേപവും സുരക്ഷയും അവതരിപ്പിച്ചത്.
പ്രവാസികളുമായി ബന്ധപ്പെട്ട മറ്റു പ്രഖ്യാപനങ്ങൾ
ഒരു ലക്ഷം രൂപയിൽ താഴെ വരുമാനമുള്ള, നാട്ടിൽ മടങ്ങിയെത്തിയ പ്രവാസികൾക്ക് സഹായം നൽകുന്ന സാന്ത്വനം പദ്ധതിക്കു വേണ്ടി 25 കോടി, പ്രവാസി സംരംഭകർക്കുള്ള പലിശ സബ്സിഡിക്ക് 15 കോടി, പ്രവാസികൾക്ക് നാടുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും നിക്ഷേപങ്ങൾ വർദ്ധിപ്പിക്കുന്നതിനും വഴിത്തിരിവായിരുന്നു ലോക കേരളസഭ. ഇതിന്‍റെ തുടർ പ്രവർത്തനത്തിന് 81 കോടി, ലോകകേരളസഭ, ആഗോള പ്രവാസി ഫെസ്‌റ്റ് എന്നിവയ്‌ക്ക് വേണ്ടി 5 കോടി വീതം, പ്രവാസി നിക്ഷേപം കിഫ്‌ബി പോലുള്ള പദ്ധതികളിൽ മുടക്കി എല്ലാ മാസവും ലാഭവിഹിതം നൽകും, ക്ഷേമപദ്ധതി കൂടി ഇതിൽ ലയിപ്പിക്കാനും പദ്ധതിയുണ്ട്, പ്രവാസി ചിട്ടിയിൽ നിന്നും ലഭിക്കുന്ന വരുമാനം കിഫ്ബി ബോണ്ടിൽ നിക്ഷേപിക്കും. ചിറ്റാളന്മാർക്ക് ഏത് കിഫ്ബി പദ്ധതിയിൽ ഇവ നിക്ഷേപിക്കണമെന്ന് നിർദ്ദേശിക്കാം, ഇപ്പോൾ യു.എ.ഇയിൽ മാത്രം ലഭ്യമായ പ്രവാസി ചിട്ടി ഫെബ്രുവരിയോടെ മറ്റ് ഗൾഫ് രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കും. ഉടൻ തന്നെ ഇതു എല്ലാ രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കും