വിദേശത്ത് പഠിക്കാനും ജോലിക്കായി പോകുന്നവര്‍ക്കും വാക്സിനേഷന് മുന്‍ഗണന- ആരോഗ്യമന്ത്രി

0

സംസ്ഥാനത്ത് 18 വയസ് മുതല്‍ 45 വയസുവരെ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ മുന്‍ഗണനാ വിഭാഗത്തില്‍ വിദേശത്ത് പഠിക്കാനും ജോലിയ്ക്കുമായി പോകുന്നവരെയും കൂടി ഉള്‍പ്പെടുത്തി ആരോഗ്യ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. വിദേശത്ത് പഠിക്കാനും ജോലിയ്ക്കുമായി പോകുന്നവര്‍ക്ക് പല രാജ്യങ്ങളും വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തര തീരുമാനം എടുത്തത്. ഇതുള്‍പ്പെടെ 11 വിഭാഗങ്ങളെക്കൂടി വാക്‌സിനേഷന്റെ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഭക്ഷ്യ സിവില്‍ സപ്ലൈസ് വിഭാഗത്തിലെ ഫീല്‍ഡ് സ്റ്റാഫ്, എഫ്.സി.ഐ.യുടെ ഫീല്‍ഡ് സ്റ്റാഫ്, പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ഫീല്‍ഡ് സ്റ്റാഫ്, സാമൂഹ്യനീതി വകുപ്പിലെ ഫീല്‍ഡ് സ്റ്റാഫ്, വനിത ശിശുവികസന വകുപ്പിലെ ഫീല്‍ഡ് സ്റ്റാഫ്, മൃഗസംരക്ഷണ വകുപ്പിലെ ഫീല്‍ഡ് സ്റ്റാഫ്, ഫിഷറീസ് വകുപ്പിലെ ഫീല്‍ഡ് സ്റ്റാഫ്, എസ്.എസ്.എല്‍.സി., എച്ച്.എസ്.സി., വി.എച്ച്.എസ്.എസി. തുടങ്ങിയ പരീക്ഷാ മൂല്യനിര്‍ണയ ക്യാമ്പില്‍ നിയമിച്ച അധ്യാപകര്‍, പോര്‍ട്ട് സ്റ്റാഫ്, വിദേശത്ത് പഠിക്കാനും ജോലിയ്ക്കുമായി പോകുന്ന വാക്‌സിനേഷന്‍ നിര്‍ബന്ധമുള്ളവര്‍, കടല്‍ യാത്രക്കാര്‍ എന്നീ 11 വിഭാഗങ്ങളിലുള്ളവരേയാണ് വാക്‌സിനേഷന്‍റെ മുന്‍ഗണനാ വിഭാഗത്തില്‍ പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

32 വിഭാഗങ്ങളിലുള്ളവരെ കോവിഡ് മുന്നണി പോരാളികളായി പരിഗണിച്ച് 18 വയസ് മുതല്‍ 45 വയസുവരെ പ്രായമുള്ള മുന്‍ഗണനാ വിഭാഗത്തില്‍ നേരത്തെ ഉള്‍പ്പെടുത്തിയിരുന്നു. എങ്കിലും കൂടുതല്‍ വിഭാഗക്കാരെ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യമുയര്‍ന്നു. ഇതിന്‍റെയടിസ്ഥാനത്തില്‍ സംസ്ഥാനതല കമ്മിറ്റി യോഗം കൂടി നല്‍കിയ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് 11 വിഭാഗക്കാരെക്കൂടി ഉള്‍പ്പെടുത്തിയത്.