ഡൽഹി: കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍, വിമാനജീവനക്കാര്‍ മാസ്കും കയ്യുറയും ധരിക്കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശം. എയര്‍ഹോസ്റ്റസുമാര്‍ക്കും നിര്‍ദ്ദേശം ബാധകമാണ്.
2500 പേര്‍ക്കായി മുന്‍ കരുതല്‍ കേന്ദ്രങ്ങള്‍ തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കര, നാവിക, വ്യോമ സേനകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നാവികസേന മാര്‍ച്ച് 18 ന് മുതല്‍ 20 വരെ വിശാഖപട്ടണത്തില്‍ നടത്താനിരുന്ന മിലാന്‍ നാവിക പ്രദര്‍ശനം റദ്ദാക്കി. കൊവിഡ 19 ഭീതിയുടെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള യാത്രാനിയന്ത്രണങ്ങളും നാവികരുടെ സുരക്ഷയും പരിഗണിച്ചാണ് നടപടി.
കൊവിഡ് വൈറസ് ബാധ ലോകമെങ്ങും പടരുന്ന സാഹചര്യത്തില്‍ ടോക്കിയോ ഒളിംപിക്‌സ് മാറ്റിവെച്ചേക്കുമെന്നും സൂചനയുണ്ട്. ജാപ്പനീസ് മന്ത്രി സീക്കോ ഹാഷിമോട്ടോയാണ് ഇത് സംബന്ധിച്ച സൂചന നല്‍കിയത്. കൊവിഡ് വൈറസ് ബാധയെ തുടര്‍ന്ന് ജപ്പാനില്‍ ഇതുവരെ 12 പേരാണ് മരിച്ചത്.
അതേസമയം രാജ്യത്ത് കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം മൂന്നായി. ഇറ്റലിയില്‍ നിന്നും ജയ്പൂര്‍ സന്ദര്‍ശിക്കാനെത്തിയ വിദേശ സഞ്ചാരികളുടെ സംഘത്തില്‍ ഉള്‍പ്പെട്ട ഒരാള്‍ക്കാണ് കൊവിഡ് 19 വൈറസ് ബാധയുണ്ടെന്ന് കണ്ടെത്തിയത്. ഇയാളുടെ ആരോഗ്യ നില ത്രിപ്തികരമാണെന്ന് കേന്ദ്ര ആരോഗ്യമാന്ത്രാലയം അറിയിച്ചു. ഇയാള്‍ക്കൊപ്പം ജയപൂരിലെത്തിയ മറ്റ് ഇറ്റലിയന്‍ പൗരന്‍മാരെയെല്ലാം നേരത്തെ തിരികെ അയിച്ചിരുന്നു.
കൊവിഡ് 19 വൈറസ് പടര്‍ന്ന് പിടിക്കുന്നതില്‍ ആശങ്ക വേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ബാധയെ നേരിടാന്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു. ആഗ്രയില്‍ രോഗം ഉണ്ടെന്ന് സംശയിക്കുന്ന ആറ് പേരെ ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപരത്രിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. ഡല്‍ഹിയില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ തുറക്കാന്‍ നിര്‍ദ്ദേശമുണ്ടെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. വ്യക്തി ശുചിത്വം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.