കാര്‍ഷിക ബില്ലുകള്‍ക്കെതിരേ ലണ്ടനില്‍ വന്‍ പ്രതിഷേധം; കൂട്ട അറസ്റ്റ്

1

ലണ്ടന്‍: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലുകള്‍ക്കെതിരായി ലണ്ടനില്‍ പ്രതിഷേധം. കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ആയിരക്കണക്കിനാളുകളാണ് ഞായറാഴ്ച മധ്യ ലണ്ടനില്‍ പ്രതിഷേധിച്ചത്. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാണിച്ച് ഒട്ടേറെ പേരെ പോലീസ് അറസ്റ്റ് ചെയ്തുവെന്ന് വാര്‍ത്താ ഏജന്‍സിസായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ലോകത്തിൻ്റെ വിവിധ ഭാഗത്തു നിന്നും നിരവധി പേരാണ് കർഷകർക്ക് പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചുകൊണ്ട് രംഗത്തുണ്ട്.. ഇംഗ്ലണ്ട് തലസ്ഥാനമായ ലണ്ടനിൽ കർഷക പ്രതിഷേധത്തെ പിന്തുണച്ച് നടത്തിയ യാത്രയിൽ ആയിരങ്ങളാണ് പങ്കെടുത്തത്. ഇവരിൽ പലരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ആൽഡ്‌വിച്ചിലെ ഇന്ത്യൻ എംബസിക്കരികിലായിരുന്നു പ്രതിഷേധം. ട്രഫൽഗർ ചത്വരത്തെ ചുറ്റി പ്രതിഷേധക്കാർ റാലി നടത്തുകയും ചെയ്തു. പ്ലക്കാർഡുകളുമായി തെരുവിലിറങ്ങിയ ആളുകളോട് പിരിഞ്ഞു പോകാൻ പൊലീസ് ആവശ്യപ്പെട്ടിട്ടും ഇവർ വഴങ്ങിയില്ല. തുടർന്ന് കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്ന് പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ബ്രിട്ടീഷ് സിഖ് വംശജരാണ് കൂടുതലും പ്രതിഷേധങ്ങളിൽ പങ്കെടുത്തത്.

‘ഞങ്ങള്‍ പഞ്ചാബിലെ കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുന്നു’ എന്ന മുദ്രാവാക്യവും പ്ലക്കാര്‍ഡുകളും ഉയര്‍ത്തിയായിരുന്നു ബ്രിട്ടനിലെ സിഖുകാര്‍ അടക്കമുള്ളവരുടെ പ്രതിഷേധം. കര്‍ഷകര്‍ക്ക് നീതി വേണം എന്ന മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു. കോവിഡ് നിയന്ത്രണങ്ങള്‍ നിലവിലുള്ളതിനാൽ 30ല്‍ അധികം പേര്‍ ഒത്തുകൂടിയാല്‍ അറസ്റ്റും പിഴയും ഉണ്ടാകുമെന്ന് പോലീസ് പ്രതിഷേധക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രതിഷേധത്തില്‍ നിന്ന് പിന്മാറണമെന്നും പോലീസ് ആവരോട് ആവശ്യപ്പെട്ടു.

“വിഷയം ഇന്ത്യൻ ഹൈക്കമ്മീഷൻ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. അധികൃതരുമായി ചേർന്ന് എങ്ങനെയാണ് അനുമതിയില്ലാതെ ഇത്രയധികം ആളുകൾ ഒരുമിച്ച് കൂടിയതെന്ന് അന്വേഷിച്ചു. പ്രതിഷേധം ചില ഇന്ത്യാവിരുദ്ധരുടെ നേതൃത്വത്തിൽ നടത്തിയതാണെന്ന് പിന്നീട് വ്യക്തമായി. കർഷകരെ പിന്തുണയ്ക്കുന്നു എന്ന വ്യാജേന ഇന്ത്യാവിരുദ്ധ അജണ്ടയാണ് അവർ നടപ്പിലാക്കുന്നത്.”- ഇന്ത്യൻ ഹൈക്കമ്മീഷൻ വക്താവ് പറഞ്ഞു.

അതേസമയം, കർഷക സംഘടനകൾ ആഹ്വാനം ചെയ്ത നാളത്തെ ഭാരത് ബന്ദിന് പിന്തുണയുമായി കൂടുതൽ രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തി. ശിവസേനയും ജാർഖണ്ഡ് മുക്തിമോർച്ചയും കൂടി പിന്തുണ അറിയിച്ചതോടെ ഐക്യദാർഢ്യം പ്രഖ്യാപിച്ച രാഷ്ട്രീയ പാർട്ടികളുടെ എണ്ണം പതിനാറായി. ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടിയുടെ നേതൃത്തിൽ ഇന്ന് എല്ലാ ജില്ലകളിലും കർഷക റാലികൾ നടക്കും.