മലപ്പുറത്തും കാസര്‍കോട്ടും കൊറോണ സ്ഥിരീകരിച്ചു: സംസ്ഥാനത്ത് ആകെ 24 രോഗികള്‍; 12,740 പേര്‍ നിരീക്ഷണത്തിൽ

0

തിരുവനന്തപുരം: കേരളത്തില്‍ മൂന്നുപേര്‍ക്കുകൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. മലപ്പുറം, കാസര്‍കോട് എന്നീ ജില്ലകളിലാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.
ഇതോടെ സംസ്ഥാനത്തെ നിലവിലെ കൊവിഡ് ബാധിതരുടെ എണ്ണം 24 ആയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ദുബായ്, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നും എത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നവരിലാണ് ഇപ്പോള്‍ കൊറോണ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത്

12,740 ആളുകള്‍ ഇപ്പോള്‍ കൊവിഡ് ബാധ സംശയിച്ച് നിരീക്ഷണത്തിലാണ്. ഇതില്‍ 270 പേര്‍ ആശുപത്രിയിലാണുള്ളത്. ഇന്നു മാത്രം 72 പേരെ വീടുകളില്‍ നിന്നും ആശുപത്രിയിലേക്ക് മാറ്റി. 2297 സാംപിളുകള്‍ പരിശോധനയ്കക്ക് അയച്ചതില്‍ 1693 എണ്ണം നെഗറ്റീവാണെന്നും മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മതസ്ഥാപനങ്ങള്‍ക്കും ചടങ്ങുകള്‍ക്കും ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ഇനിയും തുടരേണ്ടി വരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വിവാഹചടങ്ങുകള്‍ക്ക് പരമാവധി നൂറ് പേരില്‍ കൂടുതല്‍ പങ്കെടുക്കാന്‍ പാടില്ലെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

ഇന്നു ചേര്‍ന്ന സര്‍വ്വകക്ഷിയോഗം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും മാരക വൈറസിനെതിരെയുള്ള പ്രതിരോധത്തില്‍ എല്ലാവരും ഒരുമിച്ചു നില്‍ക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനുവരി അവസാനത്തോടെയാണ് കൊവിഡ് 19 വൈറസ് ബാധ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നല്ല രീതിയില്‍ തന്നെ ആദ്യാവസാനം ആരോഗ്യവകുപ്പ് വൈറസ് ബാധയെ നേരിട്ടുണ്ട്. കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍വ്വകക്ഷിയോഗത്തില്‍ പങ്കെടുത്ത എല്ലാ പാര്‍ട്ടികളും പിന്തുണ നല്‍കിയിട്ടുണ്ട്. ഈ പിന്തുണ സര്‍ക്കാരിന് വലിയ ഊര്‍ജ്ജം നല്‍കും.

വിമാനയാത്രികര്‍ ഏറെ ജാഗ്രത പുലര്‍ത്തണം. വൈറസ് വ്യാപനത്തിനുള്ള എല്ലാ പഴുതുകളും അടയ്ക്കണം. ആഭ്യന്തര വിമാനയാത്രികര്‍ക്കും വിദേശത്തേക്ക് പോകുന്നവര്‍ക്കും കൊറോണ പരിശോധന നിര്‍ബന്ധമാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.