പഞ്ചരത്നങ്ങളില്‍ മൂന്നുപേര്‍ക്ക് നാളെ വിവാഹം

0

പോത്തൻകോട് (തിരുവനന്തപുരം)∙ ഒറ്റപ്രസവത്തില്‍ നിമിഷങ്ങളുടെ ഇടവേളയില്‍ പിറന്നുവീണ ‘പഞ്ചരത്നങ്ങളി’ൽ മൂന്നു പേർക്കു നാളെ മാംഗല്യ സൗഭാഗ്യം. നാളെ രാവിലെ 7.45 ന് കണ്ണന്റെ തിരുനടയിൽ വച്ചാണ് ഈ സഹോദരിമാരുടെ വിവാഹം.

ഒരുമിച്ചു പിറന്നു വാർത്തകളിൽ ഇടം നേടിയ പഞ്ചരത്നങ്ങളിൽ മൂന്നു സഹോദരിമാരാണു നാളെ വിവാഹിതരാകുന്നത്. അമ്മയും മക്കളും ഇന്നലെ വൈകിട്ടോടെ ഗുരുവായൂരിൽ എത്തി. അന്തരിച്ച പ്രേംകുമാറിന്റെയും രമാദേവിയുടെയും മക്കളായ പഞ്ചരത്‌നങ്ങളാണ് വിവാഹത്തിലേക്ക് കടക്കുന്നത്. ഇവരിൽ മൂന്നുപേരുടെ വിവാഹമാണ് നാളെ ഗുരുവായൂർ ക്ഷേത്രനടയിൽ നാളെ നടക്കുക. ഏപ്രിൽ 26 ന് നടത്താനിരുന്ന വിവാഹം കോവിഡ് വ്യാപനത്തിൽ വരൻമാർ വിദേശത്തു കുടുങ്ങിയതോടെ നീട്ടി വയ്ക്കുകയായിരുന്നു.

ഫാഷൻ ഡിസൈനറായ ഉത്രയെ മസ്കത്തിൽ ഹോട്ടൽ മാനേജരായ ആയൂർ സ്വദേശി കെ.എസ്.അജിത്കുമാറും ഓൺലൈൻ മാധ്യമപ്രവർത്തന രംഗത്തുള്ള ഉത്തരയെ കോഴിക്കോട് സ്വദേശിയായ മാധ്യമ പ്രവർത്തകൻ കെ.ബി.മഹേഷ് കുമാറും അനസ്തീസിയ ടെക്നിഷ്യൻ ആയ ഉത്തമയെ മസ്കത്തിൽ അക്കൗണ്ടന്റായ വട്ടിയൂർക്കാവ് സ്വദേശി ജി.വിനീതും താലികെട്ടും. അമൃത മെഡിക്കൽ കോളേജിൽ അനസ്തീഷ്യ ടെക്‌നീഷ്യയായ ഉത്രജയുടെ വിവാഹമാണ് മാറ്റിവെച്ചിരിക്കുന്നത്. ഉത്രജയുടെ വരൻ പത്തനംതിട്ട സ്വദേശി ആകാശിന് നാട്ടിലെത്താനായിട്ടില്ല. കുവൈറ്റിൽ അനസ്തീഷ്യാ ടെക്‌നീഷ്യനാണ് ആകാശ്.

രമാദേവിയുടെ ആഗ്രഹമപ്രകാരം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് നാളെ രാവിലെയാണ് വിവാഹം നടക്കുക. നേരത്തെ, കൊവിഡ് കാലത്ത് വിമാനസർവീസുകൾ നിലച്ചത് കാരണമാണ് പ്രവാസികളായ വരന്മാക്ക് നാട്ടിലെത്താൻ സാധിക്കാതെ പോയതും വിവാഹം മാറ്റിവെയ്‌ക്കേണ്ടി വന്നതും. വിവാഹത്തിന്റെ ഒരുക്കങ്ങൾക്കായി ഇന്നലെ വൈകീട്ടോടെ അഞ്ച് സഹോദരങ്ങളും ഗുരുവായൂരിൽ എത്തി.

1995 നവംബർ 18 ന് ഉത്രം നാളിൽ നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് രമാദേവിക്ക് നാലു പെൺകുട്ടികളും ഒരു ആൺകുട്ടിയും ജനിച്ചത്. ഒരേ ദിവസം പിറന്ന ഇവർക്ക് പത്ത് വയസാവും മുമ്പെ പിതാവ് പ്രേം കുമാർ മരിച്ചതോടെ നിരാലംബരായ കുടുംബത്തിന് സർക്കാർ സഹായവുമായി എത്തുകയായിരുന്നു. രമാദേവിക്ക് ഹൃദയ സംബന്ധമായ തകരാറുകൾ ഉണ്ടാവുക കൂടി ചെയ്തതോടെ സർക്കാർ സഹകരണ ബാങ്കിൽ ജോലി നൽകിയിരുന്നു.