കൊച്ചി: അമ്മയുടെ മര്‍ദനത്തില്‍ തലയ്ക്ക് മാരക പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന മൂന്നുവയസ്സുകാരന്‍ മരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ച രാവിലെ 9.30തോടെയാണ് കുട്ടി മരണത്തിന് കീഴടങ്ങിയത്. തലച്ചോറിനേറ്റ ഗുരുതര പരുക്കാണ് മരണകാരണം. കുട്ടിയെ മര്‍ദിച്ച സംഭവത്തില്‍ മാതാവ് ജാര്‍ഖണ്ഡ് സ്വദേശിനി ഹെന (28) യെ പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.
തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ നിലയില്‍ ഇതര സംസ്ഥാനക്കാരായ ദമ്പതികളുടെ മൂന്നു വയസുള്ള മകനെ ബുധനാഴ്ചഉച്ചയ്ക്ക് 1.45 നാണ് ആലുവയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. കുഞ്ഞിന്‍റെ ശരീരത്തില്‍ മർദനമേറ്റ മുറിവുകളും പൊള്ളലേറ്റ പാടുകളും പരിശോധനയില്‍ കണ്ടെത്തി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കുഞ്ഞിന്‍റെ അമ്മയാണ് തലയ്ക്ക് ഗുരുതരമായി പരിക്കേല്‍പിച്ചതെന്ന് കണ്ടെത്തി.
ഏണിപ്പടിയിൽ നിന്നു വീണു പരുക്കേറ്റുവെന്നാണ് ആശുപത്രിയിൽ ആദ്യം രക്ഷിതാക്കൾ പറഞ്ഞിരുന്നത്. പൊലീസ് ചോദ്യം ചെയ്തപ്പോൾ, അനുസരണക്കേടു കാട്ടിയതിനു തല്ലിയെന്നാണ് അമ്മ പറഞ്ഞത്. ശരീരത്തിന്റെ പല ഭാഗത്തും മർദനമേറ്റ മുറിവുകളും പൊള്ളലേറ്റ പാടുകളും പരിശോധനയില്‍ കണ്ടെത്തി.തലയ്ക്കകത്തു രക്തസ്രാവമുണ്ടായി. പിൻഭാഗത്ത് ചട്ടുകമോ മറ്റോ വച്ച് പൊള്ളിച്ചിട്ടുണ്ട്. കുട്ടിയും അമ്മയും ജാർഖണ്ഡിൽനിന്നു കേരളത്തിൽ എത്തിയതു രണ്ടാഴ്ച മുൻപു മാത്രമാണ്. ഒപ്പം താമസിക്കുന്ന പശ്ചിമ ബംഗാൾ സ്വദേശി സ്വകാര്യ കമ്പനിയിൽ ക്രെയിൻ ഓപ്പറേറ്ററായി ഒരു വർഷമായി ഇവിടെയുണ്ട്.
കുഞ്ഞിന്‍റെ അമ്മയെ കോടതി റിമാന്‍ഡ് ചെയ്തു. കുട്ടിയുടെ അച്ഛന്‍ ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണ്. അടുത്തിടെ തൊടുപുഴയില്‍ അമ്മയുടെ പങ്കാളിയുടെ ക്രൂരമര്‍ദനത്തിനിരയായി ബാലന്‍ മരിച്ച് ഏറെ താമസിയാതെയാണ് പുതിയ സംഭവം.