ചൈനീസ് ആപ്പ് നിരോധനം: പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് സ്റ്റോറില്‍ നിന്നും ടിക്ക്‌ടോക്ക് നീക്കം ചെയ്തു

0

59 ചൈനീസ് ആപ്പുകള്‍ക്ക് ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തി. നിരോധനത്തിന് പിന്നാലെ ചൈനീസ് സമൂഹമാധ്യമമായ ടിക് ടോക് ആപ്ലിക്കേഷന്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് സ്റ്റോറില്‍ നിന്നും നീക്കം ചെയ്തു. തിർത്തി പ്രശ്നങ്ങളെ തുടർന്നാണ് ചൈനീസ് ആപ്പുകൾ നിരോധിക്കാൻ സർക്കാർ തീരുമാനിച്ചത്.

യുസി ബ്രൗസർ, ക്യാം സ്കാനർ, ഹലോ എന്നിവയുൾപ്പെടെ 59 മൊബൈൽ, ഇന്റർനെറ്റ് ആപ്ലിക്കേഷനുകളാണ് കേന്ദ്ര ഐടി മന്ത്രാലയം ഇന്നലെ നിരോധിച്ചത്. ഐടി ആക്ടിന്‍റെ 69 എഎ വകുപ്പ് പ്രകാരമാണ് ടിക് ടോക് അടക്കമുള്ള ആപ്ലിക്കേഷനുകൾ നിരോധിച്ചത്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണ് ഈ ആപ്ലിക്കേഷനുകൾ എന്നാണ് കേന്ദ്ര ഐടി വകുപ്പിന്‍റെ വിശദീകരണം. രാജ്യത്തിന്‍റെ പ്രതിരോധസംവിധാനത്തെയും, സുരക്ഷയെയും ക്രമസമാധാന സംവിധാനത്തെയും ബാധിക്കുന്നതാണ് ഈ ആപ്ലിക്കേഷനുകൾ എന്ന് കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടുന്നു.ചൈനയിലുള്ളതോ ചൈനക്കാർക്കു മുതൽമുടക്കുള്ളതോ ആയ കമ്പനികളുടെ ആപ്പുകൾക്കാണ് നിരോധനം. വരും ദിവസങ്ങളിൽ മറ്റ് ആപ്പുകളും പ്ലേ സ്റ്റോറിൽനിന്ന് നീക്കം ചെയ്യുമെന്നാണ് കരുതുന്നത്.

ടിക്ടോക് അടക്കം 59 ആപ്പുകൾ ബ്ലോക്ക് ചെയ്യുന്നതിന് കേന്ദ്രസർക്കാർ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് അംഗീകരിക്കുന്നുവെന്ന് ടിക്ടോക് ഇന്ത്യയുടെ ചെയർമാൻ നിഖിൽ ഗാന്ധി. വിശദീകരണം നൽകുന്നതിനായി സർക്കാർ‌ വൃത്തങ്ങളെ കാണും. ഇന്ത്യൻ നിയമത്തിന്റെ കീഴിൽവരുന്ന എല്ലാ വിവരസുരക്ഷ ക്രമീകരണങ്ങളും പാലിച്ചാണ് ടിക്ടോക് പ്രവർത്തിക്കുന്നത്. ഇന്ത്യയിലെ ഉപഭോക്താക്കളുടെ വിവരങ്ങൾ ചൈനയടക്കം വിദേശരാജ്യങ്ങളുമായി പങ്കുവയ്ക്കാറില്ല. ഭാവിയിൽ അവർ ആവശ്യപ്പെട്ടാലും ഇത് നൽകില്ല. സുരക്ഷയ്ക്ക് വളരെ പ്രാധാന്യം നൽകുന്നുണ്ടെന്നും നിഖിൽ പറഞ്ഞു.

ഡിജിറ്റൽ മാർക്കറ്റിൽ മുന്നേറ്റനിരയിലുള്ള ഇന്ത്യയിൽ പക്ഷേ, ആപ്ലിക്കേഷനുകൾ വ്യാപകമായി ഉപയോഗിക്കുന്ന 130 കോടി ഇന്ത്യൻ പൗരൻമാരുടെ സുരക്ഷയെ കണക്കിലെടുക്കുന്നില്ലെന്ന് കേന്ദ്രസർക്കാരിന്‍റെ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

ക്ലബ് ഫാക്ടറി ഉൾപ്പെടെയുള്ള ഇ–കൊമേഴ്സ് സംവിധാനങ്ങളും ഏതാനും ഗെയിമുകളും നിരോധിത പട്ടികയിൽ ഉൾപ്പെടുന്നു. ആപ്പുകളിൽ ചിലതിന്റെ ഉടമകൾ, ചൈനീസ് പശ്ചാത്തലം പരസ്യപ്പെടുത്താതെ, സിംഗപ്പൂർ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നു പ്രവർത്തിക്കുന്നവയാണ്. നിരോധിച്ചതിൽ യുസി ന്യൂസ് ഉൾപ്പെടെ ചിലത് ഇന്ത്യ – ചൈന ബന്ധം വഷളായ സാഹചര്യത്തിൽ ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ചിരുന്നു.

നിരോധിക്കപ്പെട്ട ആപ്പുകൾ

ടിക് ടോക്, ഷെയർഇറ്റ്, ക്വായ്, യുസി ബ്രൗസർ, ബൈഡു മാപ്പ്, ഷീൻ, ക്ലാഷ് ഓഫ് കിങ്സ്, ‍ഡിയു ബാറ്ററി സേവർ, ഹലോ, ലൈക്കീ, യുക്യാം മേക്കപ്, മി കമ്യൂണിറ്റി, സിഎം ബ്രൗസർ, വൈറസ് ക്ലീനർ, എപിയുഎസ് ബ്രൗസർ, റോംവീ, ക്ലബ് ഫാക്ടറി, ന്യൂസ്ഡോഗ്, ബ്യൂട്രൈ പ്ലസ്, വി ചാറ്റ്, യുസി ന്യൂസ്, ക്യുക്യു മെയിൽ, വെയ്ബോ, എക്സെൻഡർ, ക്യുക്യു മ്യൂസിക്, ക്യുക്യു ന്യൂസ്ഫീഡ്, ബിഗോ ലൈവ്, സെൽഫിസിറ്റി, മെയിൽ മാസ്റ്റർ, പാരലൽ സ്പേസ്, മി വിഡിയോകോൾ, വി സിങ്ക്, ഇഎസ് ഫയൽ എക്സ്പ്ലോറർ, വിവ വിഡിയോ, മെയ്ടു, വിഗോ വിഡിയോ, ന്യൂ വിഡിയോ സ്റ്റേറ്റസ്, ഡിയു റെക്കോർഡർ, വോൾട്ട് – ഹൈഡ്, ക്യാച്ചെ ക്ലീനർ, ഡിയു ക്ലീനർ, ഡിയു ബ്രൗസർ, ഹേഗോ പ്ലേ വിത്ത് ന്യൂ ഫ്രണ്ട്സ്, ക്യാം സ്കാനർ, ക്ലീൻ മാസ്റ്റർ, വണ്ടർ ക്യാമറ, ഫോട്ടോ വണ്ടർ, ക്യുക്യു പ്ലേയർ, വീ മീറ്റ്, സ്വീറ്റ് സെൽഫി, ബൈഡു ട്രാൻസ്‌ലേറ്റ്, വിമേറ്റ്, ക്യുക്യു ഇന്റർനാഷനൽ, ക്യുക്യു സെക്യൂരിറ്റി സെന്റർ, ക്യുക്യു ലോഞ്ചർ, യു വിഡിയോ, വി ഫ്ലൈ സ്റ്റേറ്റസ് വിഡിയോ, മൊബൈൽ ലെജൻഡ്സ്, ഡിയു പ്രൈവസി.