ഇന്ന് ഹിരോഷിമ ദിനം

0

ഇന്ന് ഹിരോഷിമ ദിനം. 77 വർഷം മുമ്പ് രണ്ടാം ലോകയുദ്ധത്തിൽ ജപ്പാനെ നശിപ്പിച്ച് അമേരിക്ക അണുബോംബ് വർഷിച്ചതിന്റെ ഓർമദിനമാണ് ഇന്ന്. നിഷ്കളങ്കരായ ജനതയ്ക്കുമേൽ സാമ്രാജ്യത്വം ഏൽപ്പിച്ച പ്രഹരമായിരുന്നു 1945 ഓഗസ്റ്റ് 6 ലെ ആ കറുത്ത ദിനം.ജപ്പാനിലെ ഹോൺ ഷൂ ദ്വീപിലെ നഗരമായ ഹിരോഷിമയിൽ ലോകത്തെ ആദ്യ അണുബോംബ് അമേരിക്ക വർഷിച്ചത് അന്നായിരുന്നു.

1945 ഓഗസ്റ്റ് ആറാം തീയതിയാണ് ഹിരോഷിമയിൽ ലിറ്റിൽ ബോയ് എന്ന അണുബോംബ് പതിച്ചത്. അണുബോംബ് വർഷിച്ചപ്പോൾ ഛിന്നഭിന്നമായത് ഒന്നരലക്ഷത്തോളം മനുഷ്യജീവനുകളാണ്. അണുവികിരണം ഏൽപ്പിച്ച ആഘാതം പിന്നെയും തലമുറകളിലേക്ക് നീണ്ടു.

ലിറ്റിൽ ബോയിയുടെ പ്രഹരത്തിൽ ഹിരോഷിമ ഏതാണ്ട് പൂർണമായും തകർന്നടിഞ്ഞു. സ്‌ഫോടനത്തിനുശേഷം ബാക്കിയായ നഗരത്തിലെ ഇൻഡസ്ട്രിയൽ പ്രൊമോഷൻ ഹാൾ ഇന്ന് ലോക പൈതൃക കേന്ദ്രമാണ്. ഹിരോഷിമാ പീസ് മെമ്മോറിയൽ എന്ന പേരിൽ സംരക്ഷിക്കപ്പെടുന്ന ആ ഇരുമ്പ് മകുടത്തിന് കീഴിൽ എല്ലാ വർഷവും ആഗസ്ത് ആറിന് ജപ്പാന്റെ മനസ് ഒന്നിച്ചു കൂടും. ലോക രാഷ്ട്രങ്ങളിൽ നിന്നുള്ള വിശിഷ്ടാതിഥികളും അവർക്കൊപ്പം പങ്കു ചേരും. ഇനിയൊരു ലോകയുദ്ധം ഉണ്ടാകരുതെന്ന പ്രാർത്ഥനയോടെ അവർ പീസ് മെമ്മോറിയലിൽ തല കുനിച്ചു നിൽക്കും.