ഇന്ന് ഉത്രാടം; തിതിരുവോണത്തെ വരവേൽക്കാനുള്ള ഓട്ടത്തിൽ മലയാളികൾ

0

ഇന്ന് ഉത്രാടം. തിതിരുവോണത്തെ വരവേൽക്കാനുള്ള ഓട്ടത്തിലാണ് മലയാളികൾ. ‘ഒന്നാം ഓണം ഓടിയും ചാടിയു’മെന്നാണ് പഴഞ്ചൊല്ല്. ഉത്രാട ദിനമാണ് ഒന്നാം ഓണമായി കണക്കുന്നത്. കാണം വിറ്റും ഓണം ഉണ്ണണം എന്നാണ് പഴമക്കാര്‍ പറയാറുള്ളതിനെ അന്വര്‍ത്ഥമാക്കുന്ന തരത്തില്‍ ഉത്രാട ദിനത്തില്‍ മലയാളികള്‍ ഓട്ടത്തിലായിരിക്കും. ഉത്രാട പാച്ചില്‍ എന്നാണ് ഇതിനെ വിളിക്കുന്നത്. തിരുവോണം ആഘോഷിക്കാന്‍ വേണ്ട അവസാവട്ട സാധനങ്ങളെല്ലാം ഉത്രാട ദിനത്തിലാണ് വാങ്ങിക്കുന്നത്. കൂടാതെ തിരുവോണ സദ്യയിലേക്ക് വേണ്ട ചില വിഭവങ്ങളും ഉത്രാടദിനത്തില്‍ രാത്രിയില്‍ തന്നെ തയ്യാറാക്കി വെക്കും.

ഉത്രാടദിവസം വൈകിട്ടുതന്നെ പൂക്കളത്തിലെ പൂക്കളെല്ലാം മാറ്റി പടിക്കൽ വെക്കും. ചാണകം കൊണ്ടു തറമെഴുകി തുമ്പക്കുടം വയ്ക്കും. ചിലയിടത്ത് അരകല്ലും വയ്ക്കാറുണ്ട്.
എന്നാല്‍ ചിലയിടങ്ങളില്‍ തിരുവോണ ദിവസമാണ് വലിയ പൂക്കളമിടുക. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉത്രാടദിനത്തിലൊരുക്കുന്ന കാഴ്ചക്കുലകളാണ് ഉത്രാടക്കാഴ്ചയെന്ന് അറിയപ്പെടുന്നത്.

ഉത്രാടദിനത്തില്‍ സന്ധ്യയ്ക്ക് ഉത്രാടവിളക്ക് തയാറാക്കാറുണ്ട്. മഹാബലിയെ വിളക്കിന്റെ അകമ്പടിയോടെ സ്വീകരിക്കുന്നുവെന്നാണ് വിശ്വാസം. പൂര്‍വിക സ്മരണയ്ക്കായി ഉത്രാടദിവസം നിലവിളക്ക് കൊളുത്തി ഓണവിഭവങ്ങള്‍ തൂശനിലയില്‍ വിളമ്പുന്ന രീതിയുമുണ്ട്.

ഉത്രാട പകലിൽ തട്ടിന്‍പുറത്ത് നിന്ന് മരംകൊണ്ടുള്ള ഓണത്തപ്പന്മാര്‍ താഴെ ഇറങ്ങും. അവരെ തേച്ചുരച്ച് കുളിപ്പിച്ച് നാലുകെട്ടില്‍ നിരത്തി ഇരുത്തും. പിറ്റേ ദിവസം വെളുപ്പിന് അരിമാവ് അണിയിച്ച് ചന്ദനക്കുറി തൊടുവിച്ച് തുമ്പക്കുടവും ചെത്തിപ്പൂവും ചൂടിച്ച് കിഴക്കേ മുറ്റത്തും നാലുകെട്ടിലും നടുമുറ്റത്തുമെല്ലാം കുടിയിരുത്തും. എന്നാല്‍ ഇവ ഇപ്പോള്‍ അപൂര്‍വമായി മാത്രമേ ചെയ്യാറുള്ളൂ. ഉത്രാട ദിനത്തില്‍ വൃത്തിയാക്കി വെക്കുന്ന വിളക്കുകളില്‍ വലുതൊരെണ്ണത്തില്‍ നിറയെ എണ്ണയൊഴിച്ച് കത്തിക്കാറുമുണ്ട്. പൂക്കള്‍ ഉപയോഗിച്ച് വിളക്ക് അലങ്കരിക്കുകയും ചെയ്യുന്നു.