ലോകമെമ്പാടുമുള്ള കായികപ്രേമികൾ ഒരുപോലെ കാത്തിരുന്ന കായികോത്സവത്തിനു നാളെ ജപ്പാൻ തലസ്ഥാനമായ ടോക്കിയോയിൽ ഔദ്യോഗിക തുടക്കമാകും. ഗാലറികളിൽ കാണികളുടെ ആരവമോ, ആഘോഷങ്ങളോ ഇല്ലെങ്കിലും ആരാധകരെല്ലാം ഇത്തവണയും നല്ല ആവേശത്തിൽത്തന്നെയാണ്. കോവിഡ് മഹാമാരിക്കാലത്തു ലോകജനതയ്ക്കു പ്രതീക്ഷയുടെയും സാഹോദര്യത്തിന്റെയും സന്ദേശം പകർന്നാകും വിശ്വകാകായികമേളയ്ക്കു ഇത്തവണ തിരശീല ഉയരുക.
ജപ്പാൻ സമയം രാത്രി 8നാണ് (ഇന്ത്യൻ സമയം വൈകിട്ടു 4.30) ഉദ്ഘാടന പരിപാടി തുടങ്ങുന്നത്. സോണി ടെൻ ചാനലുകകളിൽ ഉദ്ഘാടനച്ചടങ്ങ് തൽസമയം കാണാം. 1964ലെ ഒളിംപിക്സിന്റെ മുഖ്യവേദിയായ ഒളിംപിക് സ്റ്റേഡിയത്തിലാകും ഉദ്ഘാടനച്ചടങ്ങ് അരങ്ങേറുക.
2020 ജൂലായ് 24-ന് തുടങ്ങേണ്ടിയിരുന്ന ഒളിമ്പിക്‌സ്, കോവിഡ് വ്യാപനത്തില്‍ നീട്ടുകയായിരുന്നു. ചരിത്രത്തിലാദ്യമായിട്ടാണ് 125 വര്‍ഷംനീണ്ട ആധുനിക ഒളിമ്പിക്‌സ് ഇങ്ങനെ നീട്ടിവെക്കുന്നത്. മുൻപ് ലോക യുദ്ധങ്ങളുടെ പശ്ചാത്തലത്തിൽ മൂന്നുവട്ടം ഒളിമ്പിക്‌സ് ഉപേക്ഷിച്ചിരുന്നു.
ആതിഥേയരായ ജപ്പാനും ഓസ്ട്രേലിയയും തമ്മിലുള്ള സോഫ്റ്റ്ബോള്‍ മത്സരത്തോടെ 32-ാമത് ഒളിമ്പിക്‌സിന്റെ ഗെയിംസ് ഇനങ്ങള്‍ ബുധനാഴ്ച തുടങ്ങി. 8-1ന് ജപ്പാന്‍ ജയിച്ചു. വനിതകളുടെ ഫുട്ബോളില്‍ ലോകചാമ്പ്യന്മാരായ അമേരിക്കയെ സ്വീഡന്‍ (3-0) അട്ടിമറിച്ചു.
കോവിഡ് ഉയർത്തുന്ന ഭീഷണിക്കിടയിൽ അത്‍ലീറ്റുകളുടെ എണ്ണം പരമാവധി കുറച്ചാകും ഉദ്ഘാടനം നടത്തുകയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ ഉൾപ്പെടെ 15 രാഷ്ട്രത്തലവൻമാർ ഉദ്ഘാടനച്ചടങ്ങിൽ സംബന്ധിക്കുമെന്നാണു സംഘാടക സമിതിയിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ.
ഉദ്ഘാടനച്ചടങ്ങിന്റെ ഭാഗമായ മാർച്ച് പാസ്റ്റിൽ ഇന്ത്യൻ പതാകയേന്തി ടീമിനെ നയിക്കാൻ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നതു ഹോക്കി ക്യാപ്റ്റൻ മൻപ്രീത് സിങ്ങും ബോക്സിങ് ലോക ചാംപ്യൻ എം.സി.മേരി കോമുമാണ്. കോവിഡ് പിടിക്കാതിരിക്കാൻ ഉദ്ഘാടന മാർച്ച് പാസ്റ്റിൽ 30 താരങ്ങളെ മാത്രം ഇറക്കുകയുള്ളൂവെന്നു ബ്രിട്ടൻ ടീം അറിയിച്ചു.