സാധാരണയായി നാലു വർഷത്തിൽ ഒരിക്കലെത്തുന്ന എന്നാൽ ഇത്തവണ 5 വർഷം കാത്തിരുന്നതിന് ശേഷം വന്നെത്തിയ പഞ്ചഭൂഖണ്ഡങ്ങളുടെയും കായിക മഹോത്സവമായ ഒളിമ്പിക്സ് ഇന്ന് ടോക്കിയോവിൽ അവസാനിച്ചു. ജൂലായ് ഇരുപത്തിമൂന്നിന് ആരംഭിച്ച് പതിനേഴ് ദിവസമായി ലോകത്തിൻ്റെ കണ്ണുകളും കാതുകളും ടോക്കിയോവിലേക്ക് കേന്ദ്രീകരിക്കപ്പെടുകയായിരുന്നു. മഹാമാരിയുടെ ആധിയിൽ കാണികളെ അകറ്റി നിർത്തിയത് കൊണ്ട് ആരവങ്ങളും ആർപ്പുവിളികളുമില്ലാതെ നടന്ന ഒളിമ്പിക്സ് എന്നായിരിക്കും ടോക്കിയോ ഒളിമ്പിക്സ് കായിക ചരിത്രത്തിൽ അടയാളപ്പെടുത്താൻ പോകുന്നത്.
എങ്കിലും 3 ലോക റിക്കോർഡുകളും 12 ഒളിമ്പിക്സ് റിക്കോർഡുകളും ടോക്കിയോവിൽ പിറന്നു വീണിട്ടുണ്ട്. നിശ്ശബ്ദമാണെങ്കിലും വർണ്ണാഭമായിരുന്നു ടോക്കിയോ ഒളിമ്പിക്സ് . ജപ്പാൻ എന്ന രാജ്യത്തിൻ്റെ അന്തസ്സും അച്ചടക്കവും സംഘാടന മികവും കൊണ്ട് ഈ ഒളിമ്പിക്സ് ചരിത്രത്തിൽ ഇടം നേടിയിരിക്കയാണ്. ഇന്ത്യക്കും
അഭിമാനകരമായ നേട്ടങ്ങൾ സമ്മാനിച്ചുകൊണ്ടാണ് ടോക്കിയോ ഒളിമ്പിക്സ് കൊടിയിറങ്ങിയത്.
ഒളിമ്പിക്സിൽ കിട്ടാക്കനിയെന്ന് കരുതിയിരുന്ന സ്വർണമെഡൽ അടക്കം ഏഴ് മെഡലുകളുമായാണ് ഇന്ത്യൻ ടീം തിരിച്ചെത്തുന്നത്. നാല് വർഷങ്ങൾക്ക് ശേഷം കുടുതൽ ഉയരവും വേഗവും തേടി കുടുതൽ ശക്തമായി പാരിസിലെ വേദിയിൽ വീണ്ടും ഒരുമിക്കാം എന്ന ശുഭപ്രതീക്ഷയുമായി ടോക്കിയോ ഗവർണറിൽ നിന്ന് പാരിസിലെ മേയർ ഒളിമ്പിക്സ് പതാക ഏറ്റുവാങ്ങുമ്പോൾ കായിക ലോകം ആനന്ദ നൃത്തം ചവിട്ടുകയായിരുന്നു’ അതിർത്തികളും വർണ്ണ വംശ വ്യത്യാസങ്ങളും മറന്ന് ഒരുമയുടെ പെരുമയുമായി വന്നെത്തിയ മഹാമാരിക്കലത്തെ കാ കായിക മഹോത്സവം കാലത്തിനും ചരിത്രത്തിനുമായി ബാക്കി വെച്ചത് അവിസ്മരണീയമായ സന്ദേശം തന്നെയാണ്. നമുക്ക് കാത്തിരിക്കാം, നാലു വർഷം കൂടി….