ടൂൾ കിറ്റ് കേസ്: ദിഷ രവിക്ക് ജാമ്യം

0

ന്യൂഡല്‍ഹി: ടൂള്‍ക്കിറ്റ് കേസില്‍ അറസ്റ്റിലായ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിക്ക് ജാമ്യം. ഡല്‍ഹി പട്യാലാ ഹൗസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിച്ച ദിഷ രവി ഇന്നലെ രാത്രിയില്‍ ജയില്‍ മോചിതയായി.കോടതി ജാമ്യം നല്‍കിയ പശ്ചാത്തലത്തിലാണ് ദിഷ തിഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. ശന്തനു മുളുകിന്‍റെയും നികിത ജേക്കബിന്‍റെയും അപേക്ഷകൾ ഇന്ന് പരിഗണിക്കും. നീതിക്കായുള്ള പോരാട്ടത്തിൽ യുവത്വത്തിനൊപ്പം നിൽക്കുന്നുവെന്ന് ദിഷയുടെ അമ്മ മഞ്ജുള നഞ്ജയ്യ പറഞ്ഞു.

ദിഷ രവിക്ക് ജാമ്യം അനുവദിച്ചതിനെതിരെ ഡല്‍ഹി പൊലീസ് ഹൈക്കോടതിയെ സമീപിച്ചേക്കും. ഇന്ന് ശീന്തനുവിന്റെ ജാമ്യാപേക്ഷയില്‍ കോടതി സ്വീകരിയ്ക്കുന്ന നിലപാട് കൂടി എതിരായാല്‍ ഹൈക്കോടതിയെ സമീപിക്കാനാണ് തിരുമാനം. കേസന്വേഷണം എന്‍ഐഎയ്ക്ക് പൂര്‍ണമായും കൈമാറുന്നതിനെ കുറിച്ചുള്ള ആലോചനയും കേന്ദ്രസ സര്‍ക്കാര്‍ തുടങ്ങിയിട്ടുണ്ട്.

ദിഷയ്ക്ക് എതിരെ ചുമത്തിയിരുന്നത് രാജ്യദ്രോഹമടക്കമുള്ള വകുപ്പുകളായിരുന്നു. തെളിവുകള്‍ ദുര്‍ബലമാണെന്നും വാദങ്ങള്‍ വിശ്വാസയോഗ്യം അല്ലെന്നും ആയിരുന്നു ദിഷയ്ക്ക് ജാമ്യം അനുവദിച്ച് പട്യാല ഹൌസ് സെഷന്‍ ജഡ്ജ് ധര്‍മ്മേന്ദര്‍ റാണ വ്യക്തമാക്കിയത്.

കഴിഞ്ഞ വെള്ളിയാഴ്ച ദിഷയെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടിരുന്നു. പട്യാല കോടതി തന്നെയാണ് ദിഷയെ കസ്റ്റഡിയില്‍ വിട്ടത്. ഫെബ്രുവരി 20ന് കേസ് വിചാരണ നടത്തിയ കോടതി കേസില്‍ വിധി പറയാന്‍ 23 ാം തിയ്യതിയിലേക്ക് മാറ്റുകയായിരുന്നു. ഗ്രെറ്റ തന്‍ബര്‍ഗ് ടൂള്‍ കിറ്റ് കേസില്‍ കുറ്റമാരോപിച്ചാണ് കോളേജ് വിദ്യാര്‍ത്ഥിയായ ദിഷ രവിയെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 13ാം തിയ്യതി ബെംഗളൂരുവില്‍ വെച്ചായിരുന്നു അറസ്റ്റ് ചെയ്തത്.