സമ്പന്ന രാജ്യങ്ങളുടെ പട്ടിക പുറത്ത്; ഇന്ത്യ പകുതിയിലും താഴെ

0

ലോകത്തെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ട് അമെരിക്കൻ ബിസിനസ് മാഗസിനായ ഫോർബ്‌സ്. മൊത്തം ആഭ്യന്തര ഉത്പാദനം (ജിഡിപി) അടിസ്ഥാനമാക്കിയുള്ള പട്ടികയാണ് ഫോർബ്‌സ് പുറത്തുവിട്ടിരിക്കുന്നത്. ഇന്‍റർനാഷണൽ മോണിറ്ററി ഫണ്ടിന്‍റെ (ഐഎംഎഫ്) കണക്കു പ്രകാരമാണ് ഇത് വിലയിരുത്തിയിട്ടുള്ളത്.

2024 ലെ പ്രതിശീർഷ ജി ഡി പി പ്രകാരമുള്ള ലോകത്തിലെ ഏറ്റവും സമ്പന്നമായ 10 രാജ്യങ്ങളുടെ പട്ടികയാണ് ഫോർബ്സ് പുറത്തുവിട്ടത്. യൂറോപ്പിൽ നിന്ന് 5 രാജ്യങ്ങളും ഏഷ്യയിൽ നിന്ന് 4 രാജ്യങ്ങളും വടക്കേ അമെരിക്കൻ ഭൂഖണ്ഡത്തിൽനിന്ന് യുഎസുമാണ് പട്ടികയിൽ ആദ്യ പത്തിൽ ഇടംപിടിച്ചിരിക്കുന്നത്.

2024 നവംബറിലെ ഏറ്റവും പുതിയ ഡേറ്റയുടെ അടിസ്ഥാനത്തിൽ, ഉയർന്ന പ്രതിശീർഷ ജിഡിപിയും ശക്തമായ സമ്പദ് വ്യവസ്ഥയുമുള്ള ലക്സംബർഗ് ആണ് ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യം.

1.3 ശതമാനം വാർഷിക വളർച്ചാ നിരക്കുള്ള ലക്സംബർഗ്; ബാങ്കിംഗ്, സ്റ്റീൽ തുടങ്ങിയ മേഖലകളിലെ കുതിപ്പാണ് ഒന്നാം സ്ഥാനത്തെത്തിച്ചതെന്നാണ് ഫോർബ്സ് പറയുന്നത്. ജനങ്ങൾക്ക് മെച്ചപ്പെട്ട ജീവിത നിലവാരം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം എന്നിവ ഉറപ്പാക്കാൻ രാഷ്ട്രം എന്നതിനപ്പുറം സൗജന്യ പൊതുഗതാഗതം നൽകുന്ന ആദ്യ രാജ്യവും ലോകത്തിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ലക്സംബർഗ്.

തൊട്ടുപിന്നിൽ ഏഷ്യൻ രാജ്യമായ സിംഗപ്പൂരാണ് (2). ബിസിനസുകൾക്കും വ്യാപാര കേന്ദ്രങ്ങൾക്കുമുള്ള ലോകത്തിലെ ഏറ്റവും വലിയ കേന്ദ്രങ്ങളിലൊന്നാണ് സിംഗപ്പൂർ. മക്കാവോ എസ്എആർ (3) ആണ് ലോക രാജ്യങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത്.

തൊട്ടുപ്പിന്നാലെ അയർലൻഡ് (4), ഖത്തർ (5), നോർവെ (6), സ്വിറ്റ്സർലൻഡ് (7), ബ്രൂണൈ (8), അമെരിക്ക (9), ഡെൻമാർക്ക് (10) എന്നിങ്ങനെയാണ് പട്ടികയിൽ സ്ഥാനം പിടിച്ച ആദ്യ 10 രാജ്യങ്ങൾ. 200 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യക്ക് 129-ാം സ്ഥാനമാണുള്ളത്. ലോകത്തെ ഏറ്റവും ദരിദ്രരാജ്യമായ സൗത്ത് സുഡാൻ ആണ് പട്ടികയിലെ 200-ാം സ്ഥാനത്തുള്ളത്.