ബേക്കലിനും ബോൾഗാട്ടി പാലസിനും കാരവാൻ പാർക്ക് അനുവദിച്ച് ടൂറിസം വകുപ്പ്

0

തിരുവനന്തപുരം: കാസർഗോഡ് ബേക്കല്‍, കൊച്ചി ബോള്‍ഗാട്ടി പാലസ് എന്നിവിടങ്ങളില്‍ കാരവാന്‍ പാര്‍ക്ക് അനുവദിക്കുന്നതിനായി കെടിഡിസി നല്‍കിയ ശുപാര്‍ശയ്ക്ക് കേരള ടൂറിസം വകുപ്പ് അംഗീകാരം നല്‍കി. ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ഇതോടൊപ്പം കുമരകം, തേക്കടി, മൂന്നാര്‍,വയനാട് എന്നിവിടങ്ങളില്‍ പാര്‍ക്കിംഗ് സംവിധാനം ആരംഭിക്കാവുന്നതാണെന്ന് കെടിഡിസി എംഡി അറിയിച്ചിട്ടുണ്ട്. ടൂര്‍ ഫെഡിന്‍റെ സഹായത്തോടെ കാരവാന്‍ ടൂര്‍പാക്കേജുകള്‍ ആരംഭിക്കുന്നതിനുള്ള സാധ്യതകള്‍ തേടി പ്രൊപ്പോസര്‍ സമര്‍പ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ ആദ്യ സ്വകാര്യ കാരവാന്‍ പാര്‍ക്ക് വാഗമണില്‍ പ്രവര്‍ത്തിച്ചു വരുന്നു.

കേരളത്തിന്‍റെ കാരവാന്‍ ടൂറിസം പദ്ധതിയായ ‘കേരവാന്‍ കേരള’ ശരിയായ ദിശയില്‍ തന്നെയാണ് മുന്നോട്ടു പോകുന്നതെന്ന് കേരള ടൂറിസം വകുപ്പ് അറിയിച്ചു. കാരവാന്‍ ടൂറിസത്തിന്‍റെ വാണിജ്യപങ്കാളികളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും വകുപ്പ് വ്യക്തമാക്കി.

നടപ്പു സാമ്പത്തികവര്‍ഷം കാരവാന്‍ ടൂറിസത്തിന് സബ്സിഡികള്‍ നല്‍കാനായി 3.10 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. കാരവാന്‍ ടൂറിസവുമായി ബന്ധപ്പെട്ട് ടൂറിസം വകുപ്പുമായി കരാറിലേര്‍പ്പെട്ട 13 സംരംഭകര്‍ക്ക് 7.5 ലക്ഷം രൂപ വച്ച് 97.5 ലക്ഷം രൂപ സബ്സിഡി നിലവില്‍ നല്‍കിയിട്ടുണ്ട്. ടൂറിസം വകുപ്പുമായി കരാറിലേര്‍പ്പെട്ട കാരവാനുകള്‍ക്ക് ത്രൈമാസ നികുതിയില്‍ 50 ശതമാനം ഇളവ് നല്‍കി.