
തിരുവനന്തപുരം: ടൂറിസ്റ്റ് ബസിൽ ഇനി മുതൽ ചിത്രങ്ങളും സ്റ്റിക്കറുകളും ഉപയോഗിച്ചാൽ മോട്ടോർ വാഹന വകുപ്പ് ബസുകളുടെ ഫിറ്റ്നസ് റദ്ദാക്കും. ഹൈകോടതിയുടെയും സുപ്രീംകോടതിയുടെയും മുൻ ഉത്തരവുകൾ ചൂണ്ടിക്കാട്ടി ട്രാൻസ്പോർട്ട് കമീഷണറാണ് നിർദേശം നൽകിയത്. ടൂറിസ്റ്റ് ബസുകളിൽ വലിയ ചിത്രങ്ങളും വിവിധ ഭാഷകളിലുള്ള എഴുത്തുകളും പതിപ്പിക്കുന്നതു മൂലം മറ്റു വാഹനങ്ങളുടെ ഡ്രൈവർമാരുടെ ശ്രദ്ധ ആകർഷിക്കപ്പെടുന്നുണ്ടെന്നും അപകടങ്ങൾക്കിടയാക്കുണ്ടെന്നുമാണ് വിലയിരുത്തൽ. ഈ മാസം 31 ശേഷം ചിത്രപ്പണികളുള്ള ടൂറിസ്റ്റ് ബസ്സുകൾ നിരത്തിലിറങ്ങിയത് കണ്ടാൽ കർശനമായ നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഇതിനു ദേശീയപാതയിലടക്കം മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് ചുമതല നൽകിയിട്ടുണ്ട്. ടൂറിസ്റ്റ് ബസുകളിലെ അമിത വെളിച്ച-ശബ്ദസംവിധാനം നീക്കണമെന്ന് നേരത്തേ മോട്ടോർവാഹന വകുപ്പ് ഉത്തരവിറക്കിയിരുന്നു. ഇതിനെത്തുടർന്ന് നടത്തിയ പരിശോധനയിൽ ആയിരത്തോളം ബസുകൾ സംസ്ഥാനത്തുടനീളം കണ്ടെത്തിയിരുന്നു.പുതിയ നിയമ പ്രകാരം ഇനി മുതൽ യാത്ര അനുമതി സർട്ടിഫിക്കറ്റ് നൽകണമെങ്കിൽ ബസുകള്‍ പരിശോധിക്കണമെന്നും ചിത്രപ്പണികളും അമിത ശബ്ദ സംവിധാനവും ലേസര്‍ഷോയും ഇല്ലെന്ന് ഉറപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു