യുഎഇയില്‍ ട്രാഫിക് നിയമങ്ങള്‍ തെറ്റിക്കുന്നവര്‍ സൂക്ഷിക്കുക. ഇനി മുതല്‍ നിയമം തെറ്റിച്ചാല്‍ പിഴയായി നല്‍കേണ്ടി വരുക 400 ദിര്‍ഹം. കൂടാതെ ഇവര്‍ക്ക് നാല് ബ്ലാക്ക് പോയന്റ്‌സും ലഭിക്കും. വാഹനാപകടങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ തീരുമാനം വന്നിരിക്കുന്നത്.
അബുദാബി പോലീസിന്റെ കണക്കുകള്‍ പ്രകാരം ഈ വര്‍ഷത്തിന്റെ ആദ്യ പാദത്തിലുണ്ടായ വാഹനാപകടങ്ങളില്‍ 13 ശതമാനവും ഉണ്ടായത് വാഹനങ്ങള്‍ തമ്മിലുള്ള സുരക്ഷിത അകലം പാലിക്കാത്തതിനെ തുടര്‍ന്നാണ്. അതുകൊണ്ടുതന്നെ ഇനിമുതല്‍ വെഹിക്കിള്‍ ഡിസ്റ്റന്‍സ് റൂള്‍ കര്‍ശനമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇത് കൃത്യമായി പിന്തുടരാത്തവര്‍ക്കാകും പിഴ ലഭിക്കുക.
മുമ്പില്‍ സഞ്ചരിക്കുന്ന വാഹനത്തില്‍ നിന്ന് പുറകിലുള്ള വാഹനം ഒരു നിഞ്ചിത അകലം പാലിക്കണമെന്ന് ഡ്രൈവര്‍മാര്‍ക്കുള്ള മുന്നറിയിപ്പായി റോഡ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ലെഫ്റ്റനന്റ് ജനറല്‍ അബ്ദുള്ള അല്‍ സുവൈദി പറയുന്നു. ഇല്ലെങ്കില്‍ മുമ്പിലുള്ള വാഹനം ഏതെങ്കിലും സാഹചര്യത്തില്‍ പെട്ടെന്ന് നിര്‍ത്തേണ്ടി വന്നാല്‍ വലിയ അപകടങ്ങള്‍ക്ക് കാരണമാകുമെന്നും അതിനാല്‍ തന്നെ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.