കൊച്ചി: ട്രെയിനില്‍നിന്ന് ടി.ടി.ഇ.യെ തള്ളിയിട്ട് കൊലപ്പെടുത്തിയശേഷം യാതൊരു കൂസലുമില്ലാതെ സംഭവം വിവരിക്കുന്ന പ്രതിയുടെ ദൃശ്യങ്ങള്‍ പുറത്ത്. കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പ്രതി ഒഡിഷ ഗഞ്ചം സ്വദേശി രജനീകാന്ത രണജിത്ത് (40) റെയില്‍വേ പോലീസിനോടും ആര്‍.പി.എഫിനോടും സംഭവത്തെക്കുറിച്ച് വിവരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
ഞാന്‍ ഇങ്ങനെയാണ് തള്ളിയത്, അയാള്‍ താഴെവീണു’ എന്നാണ് പ്രതി പോലീസുകാരോട് വിവരിച്ചത്. ട്രെയിനിലെ സീറ്റില്‍ കിടന്നുകൊണ്ട് വലിയ ശബ്ദത്തോടെയാണ് പ്രതി ഇതെല്ലാം പറയുന്നത്. തന്നെ ഒഡീഷയിലേക്ക് കൊണ്ടുപോകണമെന്ന് ഇയാള്‍ നിരന്തരം പറയുന്നതും ദൃശ്യങ്ങളില്‍ കാണാം.
അതിനിടെ, പ്രതി രജനീകാന്ത ടി.ടി.ഇ.യെ പിറകില്‍നിന്നെത്തി അതിശക്തമായാണ് പുറത്തേക്ക് തള്ളിയിട്ടതെന്ന് സംഭവത്തിന് ദൃക്‌സാക്ഷിയായ ട്രെയിനിലെ കച്ചവടക്കാരൻ പ്രതികരിച്ചു. ടി.ടി.ഇ.യെ തള്ളിയിട്ടശേഷം ഒന്നും സംഭവിക്കാത്തതുപോലെ പ്രതി തിരികെ സീറ്റില്‍ പോയി ഇരുന്നു. അയാളെ മദ്യത്തിന്റെ നല്ലമണമുണ്ടായിരുന്നു. നാലുപേര്‍ ചേര്‍ന്നിട്ട് പോലും അയാളെ കീഴ്‌പ്പെടുത്താനായില്ലെന്നും ദൃക്‌സാക്ഷി പറഞ്ഞു.
തൃശ്ശൂര്‍ മുളങ്കുന്നത്തുകാവ് സ്റ്റേഷനു സമീപം വെളപ്പായയില്‍വെച്ചാണ് ഇതരസംസ്ഥാന തൊഴിലാളിയായ രജനീകാന്ത ടി.ടി.ഇ.യെ ട്രെയിനില്‍നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയത്. എറണാകുളം മഞ്ഞുമ്മല്‍ കുണ്ടാപ്പാടം റോഡ് മൈത്രി ലെയിനില്‍ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി വിനോദ് കണ്ണന്‍ (48) ആണ് മരിച്ചത്.
22643-എറണാകുളം-പട്‌ന സൂപ്പര്‍ ഫാസ്റ്റില്‍ എസ്-11 കോച്ചില്‍ ചൊവ്വാഴ്ച രാത്രി ഏഴോടെയാണ് സംഭവം. ടിക്കറ്റുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് പ്രതിടി.ടി.ഇ.യെ പുറത്തേക്ക് തള്ളുകയായിരുന്നു. സംഭവം അറിയാതെ ട്രെയിന്‍ മുന്നോട്ടുപോയി. ഒപ്പമുണ്ടായിരുന്ന യാത്രക്കാര്‍ അറിയിച്ചതനുസരിച്ച് മറ്റ് ടി.ടി.ഇ.മാരെ ത്തി പ്രതിയെ തടഞ്ഞുവച്ചു. പിന്നീട് പാലക്കാട്ട് റെയില്‍വേ പോലീസ് ഇയാളെ പിടികൂടി. സംഭവശേഷം ഇയാള്‍ യാത്രക്കാരോടും തട്ടിക്കയറിയിരുന്നു. പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് പറയുന്നു.
ഈ വണ്ടിയിലെ റിസര്‍വേഷന്‍ കോച്ചില്‍ ടിക്കറ്റില്ലാതെ ചില അതിഥിതൊഴിലാളികള്‍ യാത്രചെയ്തിരുന്നു. പ്രതിക്ക് ജനറല്‍ ടിക്കറ്റാണുണ്ടായിരുന്നത്. ഇത് ചോദ്യംചെയ്തതാണ് തര്‍ക്കത്തിന് കാരണം. തര്‍ക്കത്തിനുശേഷം വാതിലിനടുത്തുനിന്ന് ഫോണ്‍ ചെയ്യുന്നതിനിടെ ഇയാള്‍ വിനോദിനെ പുറത്തേക്ക് തള്ളുകയായിരുന്നു.
കുന്നംകുളത്ത് ഹോട്ടല്‍ത്തൊഴിലാളിയായ രജനീകാന്ത തൃശ്ശൂരില്‍നിന്നാണ് ട്രെയിനില്‍ കയറിയത്. 5.20-ന് എറണാകുളത്തുനിന്നു പുറപ്പെട്ട വണ്ടി 6.41-ന് തൃശ്ശൂര്‍ സ്റ്റേഷനിലെത്തി 6.47-നാണ് അവിടെനിന്ന് പുറപ്പെട്ടത്.
എറണാകുളം മുതല്‍ ഈറോഡ് വരെയായിരുന്നു വിനോദിന്റെ ഡ്യൂട്ടി. വാതിലിനു സമീപത്തുവെച്ചാണ് തര്‍ക്കമുണ്ടായത്. അടുത്ത പാതയിലൂടെ വന്ന, പാലക്കാട്ടുനിന്ന് എറണാകുളത്തേക്കു പോകുകയായിരുന്ന ട്രെയിന്‍ വിനോദിന്റെ ശരീരത്തില്‍ കയറിയതായും സംശയിക്കുന്നുണ്ട്. നൂറുമീറ്റര്‍ പരിധിയിലെങ്കിലും ശരീരഭാഗങ്ങള്‍ ചിന്നിച്ചിതറിയിട്ടുണ്ട്. ഡീസല്‍ ലോക്കോ ടെക്‌നീഷ്യനായിരുന്ന വിനോദ് കണ്ണന്‍ രണ്ടുവര്‍ഷംമുമ്പാണ് ടി.ടി.ഇ. ആയത്. കൊച്ചി എളമക്കരയിലെ ഫ്‌ളാറ്റില്‍ അമ്മയ്‌ക്കൊപ്പം താമസിക്കുകയായിരു രണ്ടുമാസംമുമ്പാണ് മഞ്ഞുമ്മലിലേക്കു മാറിയത്. നാല്‍പ്പതോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.