ഭിന്നശേഷി മേഖലയിൽ വിപ്‌ളവ മാറ്റവുമായി ഡിഫറന്‍റ് ആർട് സെന്റർ

0

തിരുവനന്തപുരം: മാജിക് അക്കാദമിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഡിഫറന്‍റ് ആര്‍ട് സെന്‍ററിൽ (ഡി.എ.സി) ഭിന്നശേഷിക്കുട്ടികളുടെ ബൗദ്ധിക മാനസിക ആരോഗ്യ നിലകളില്‍ അൽഭുതകരമായ പുരോഗതി കൈവരിച്ചതായി പഠനം. സര്‍ക്കാര്‍ എജന്‍സികളായ ഐക്കണ്‍സ്, ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്റര്‍ എന്നിവരും മറ്റു ഏജന്‍സികളും നടത്തിയ അസസ്‌മെന്‍റില്‍ ഇത് വെളിപ്പെടുത്തിയതായി ഡിഫറന്‍റ് ആർട് സെന്റർ എക്സിക്യുട്ടീവ്‌ ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് സിംഗപ്പൂരില്‍ നടന്ന സമ്പര്‍ക്ക യോഗത്തില്‍ പറഞ്ഞു. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയതായിരുന്നു അദ്ദേഹം.

സംസ്‌ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നും ഓട്ടിസം, സെറിബ്രല്‍ പള്‍സി, വിഷാദരോഗം, ഹൈപ്പര്‍ ആക്റ്റിവിറ്റി, എംആര്‍ എന്നീ വിഭാഗങ്ങളില്‍ പെടുന്ന 100 ഭിന്നശേഷിക്കുട്ടികളെ ഉള്‍പ്പെടുത്തി 2019 ഒക്‌ടോബറിലാണ് പദ്ധതിക്ക് തുടക്കമായത്. ഈ കുട്ടികളില്‍ ഇക്യു, ഐക്യു, സൈക്കോ മോട്ടോര്‍ തലം, സ്വഭാവ വൈകല്യം എന്നിവയിലടക്കം കാര്യമായ മാറ്റങ്ങളുണ്ടാക്കി ജീവിത നൈപുണി മെച്ചപ്പെടുത്തുവാന്‍ ഇവര്‍ക്കായെന്നും ഗ്രോസ് ആന്റ് ഫൈന്‍ മോട്ടോര്‍ സ്‌കില്ലും പരിശീലനത്തിലൂട വർധിച്ചതായാണ് പഠനങ്ങളിലൂടെ വ്യക്തമായത്.

ഡിഫറന്‍റ് ആർട് സെന്ററിലെ കുട്ടികള്‍ ഇന്ദ്രജാലം, സംഗീതം, നൃത്തം, അഭിനയം, ചിത്രരചന, ഉപകരണ സംഗീതം, സിനിമാ നിര്‍മാണം തുടങ്ങി വിവിധ മേഖകളില്‍ പരിശീലനം നേടുകയും അവര്‍ അത് മാജിക് പ്‌ളാനറ്റ് സന്ദര്‍ശനത്തിനെത്തുന്ന കാണികളുടെ മുന്നില്‍ അവതരിപ്പിക്കുകയും ചെയ്യുന്നു. ഇവിടുത്തെ കുട്ടികള്‍ക്ക് മുടങ്ങാതെ സ്റ്റൈപ്പെന്‍റും നല്‍കിവരുന്നു. ഭിന്നശേഷിക്കുട്ടികളുടെ അമ്മമാര്‍ക്കായി വിവിധ തൊഴില്‍ പരിശീലനങ്ങള്‍ നല്‍കാനും ജോലി നല്‍കാനുമായി കരിസ്മ (CHARISMA) എന്ന പുതിയ പ്ലാറ്റ്ഫോം പ്രവര്‍ത്തിച്ച് വരുന്നു. ഭിന്നശേഷി്കുട്ടികളുടെ സമ്പൂര്‍ണ്ണ പരിശീലനത്തിനും സ്വയം പര്യാക്തമാക്കുന്നതിനുമായി യുണിവേഴ്സല്‍ എംപവര്‍മെന്‍റ് സെന്റര്‍ എന്ന സ്വപ്ന പദ്ധതിയ്ക്ക് ഡി.എ.സി തുടക്കമിട്ടു… ഇതിന്‍റെ കെട്ടിടനിര്‍മ്മാണം പുരോഗമിച്ചുവരുന്നു.

പ്രോഫഹണല്‍ മാജിക് ഷോകളോട് വിടപറഞ്ഞ് മുഴുവന്‍ സമയവും ഭിന്നശേഷിക്കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഗോപിനാഥ് മുതുകാട് തന്‍റെ സമ്പാദ്യം മുഴുവനും ഡിഫറന്‍റ് ആര്‍ട് സെന്‍ററിനായി സമര്‍പ്പിച്ചിരുന്നു. കേരളത്തില്‍ മൂന്നര ലക്ഷത്തിലധികം ഭിന്നശേഷിക്കാരുണ്ടെന്നാണ് കണക്ക്. ഡി.എ.സിയിലെ ഈ വര്‍ഷത്തെ അഡ്മിഷന് ഇപ്പോള്‍ തന്നെ രണ്ടായിരത്തിലേറെ അപേക്ഷകളാണ് ലഭിച്ചതെന്നു ഗോപിനാഥ് മുതുകാട് പറഞ്ഞു.

പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ കൂടുതല്‍ കുട്ടികള്‍ക്ക് ഡി.എ.സിയില്‍ അഡ്മിഷന്‍ നല്‍കാനാവും. ഭിന്നശേഷിക്കുട്ടികളെ സ്പോണ്‍സര്‍ ചെയ്യാനും മറ്റു സംഭാവനകള്‍ നല്‍കാനും ഡിഫറന്‍റ് ആർട് സെന്‍ററിന്‍റെ വെബ്സൈറ്റ് സന്ദര്‍ശിക്കുക : https://www.differentartcentre.com/contribute