അൻപതിലധികം വരുന്ന കേരളത്തിലെ ആദിവാസി വിഭാഗങ്ങൾ അത്രയും തന്നെ വൈവിധ്യമുള്ള സാംസ്ക്കാരിക സവിശേഷതകളോടെ ജീവിക്കുന്നവരാണ്. അവരുടെ ആചാര അനുഷ്ടാനങ്ങളിലും വിശ്വാസങ്ങളിലും കലാപ്രകടങ്ങളിലുമെല്ലാം തന്നെ അതിന്‍റേതായ വൈവിധ്യങ്ങൾ കാണാനും കഴിയും. പ്രത്യേകിച്ച് ആദിവാസി സ്ത്രീക്കുള്ള സ്ഥാനം
ആചാരാനുഷ്ടാനങ്ങളിൽ വളരെ വ്യത്യസ്തമാണ്. ജനനം മുതലേ ആദിവാസി സ്ത്രീ തിരിച്ചറിയപ്പെടണമെന്നാണ് ഗോത്ര വിശ്വാസം. പെൺകുട്ടിയാണ് ജനിക്കുന്നതെങ്കിൽ മുറം, കൊടുവാൾ ഇവയിൽ തട്ടി ശബ്ദമുണ്ടാക്കി അന്യരെ അറിയിക്കുന്ന വർഗങ്ങളാണ് ഏറെ. ആൺകുട്ടിയാണ് ജനിച്ചതെങ്കിൽ പാള നിലത്തടിച്ചോ ഞാൺ വലിച്ചുവിട്ടോ ശബ്‍ദം ഉണ്ടാക്കണം.
ഈ ശബ്ദ ഉപകരണങ്ങൾ നിരീക്ഷിച്ചാൽ തന്നെ മനസിലാവും ഇവർക്കിടയിൽ ആണും പെണ്ണും എങ്ങനെ വേർതിരിക്കപ്പെട്ടിരിക്കുന്നു എന്ന്. സ്ത്രീയിൽ നിന്നും ഭാവിയിൽ പ്രതീക്ഷിക്കുന്ന അടങ്ങിയ ശബ്ദവും പുരുഷനിൽനിന്നും പ്രതീക്ഷിക്കുന്ന കട്ടിയുള്ള ശബ്ദവും ഈ വസ്തുക്കളിലൂടെ പ്രധിധ്വനിപ്പിക്കുകയാണിവർ. ഭാവിയിൽ അവർ ഉപയോഗിക്കേണ്ട വസ്തുക്കളുടെ സൂചനയും ഇതിലൂടെ നല്കുന്നു എന്നാണ് ഇവരുടെ പക്ഷം. ജനനം പോലെ മരണസമയവുമുണ്ട് ചില വ്യത്യസ്തമായ ആചാരങ്ങൾ മരിച്ചത് സ്ത്രീയാണെങ്കിൽ കുഴിക്കപ്പുറത് കത്തിയും പുരുഷനാണെങ്കിൽ അമ്പും കുത്തി നിർത്തും.
ഒരു ആദിവാസി പെൺകുട്ടി ആചാരങ്ങളിലേക്ക് പ്രവേശിക്കുന്നത് അവളുടെ കാതുകുത്ത് കല്യാണത്തോടെയാണ്.ഈ ചടങ്ങോടുകൂടി അവളിൽ ആഭരണ ബോധവും സൗന്ദര്യ ബോധവും ഉണ്ടാകുന്നു എന്നാണ് വെപ്പ്. കാത്തു കുത്തു കഴിഞ്ഞാൽ പെൺകുട്ടിയെ അടുത്ത് വിളിച്ച് ഉപദേശങ്ങൾ നൽകുന്ന സമ്പ്രദായം കുറിച്യർക്കിടയിലുണ്ട്. ഇനി മുതൽ ആൺ കുട്ടികളുമായി കൂട്ടുകൂടാൻ പാടില്ലെന്ന് മൂപ്പൻ ഉപദേശിക്കും. ഋതുമതിയാവുന്നതിനു മുൻപ് തൊട്ടടുത്തവർഷങ്ങളിൽ താലികെട്ട് കല്യാണം നടത്തും. പെൺകുട്ടിയുടെ കഴുത്തിൽ മൂപ്പനോ, അമ്മാവനോ, മുറച്ചെറുക്കനോ താലികെട്ടും. ചിലവിഭാഗൾക്കിടയിൽ ഭാവി വരനെ ഇതുവഴി തിരുമാനിക്കുമെങ്കിലും യഥാർത്ഥ വിവാഹവുമായി ഇതും പ്രത്യേകിച്ച് ബന്ധമില്ല. വയനാടൻ കുറിച്യർക്കിടയിലാണ് ഈ ചടങ്ങുനിലനിന്നു പോന്നിരുന്നത്.
നായാട്ടും സദ്യയുമായി ദിവസങ്ങൾ നീളുന്നതാണീ കല്യാണം എന്നാൽ ചെലവ് കൂടി വന്നതോടെ ഈ ആചാരം അന്യം നിന്ന് തുടങ്ങി. അത് മൂലം അവർക്കിടയിൽ ഇത് കുലം മുടിക്കൽ കല്യാണമായി. പിന്നീട് വരുന്നതാണ് ഋതുമതി കല്യാണം. പെൺകുട്ടി പ്രായ പൂർത്തിയായി എന്ന് സമൂഹത്തെ ബോധിപ്പിക്കുന്നതാണ് ഈ കല്യാണം. ഋതുമതി ആയാൽ മാത്രമേ ആദിവാസികൾക്കിടയിൽ വിവാഹം പാടുള്ളു. ഋതുമതിയായ കുട്ടി എവിടെയെങ്കിലും ഒളിഞ്ഞിരിക്കുകയും കൂട്ടുകാരികളെല്ലാം ചേർന്ന് അവളെ അയിത്തപുരയിലേക്ക് മാറ്റുകയും ചെയ്യുന്നു. നിശ്ചിത ദിവസത്തിന് ശേഷം ആചാര പ്രകാരമുള്ള കുളിക്കുശേഷം അനുഷ്ടാന പ്രക്രിയകളോടെ കുടിലിലേക്ക് കയറുന്നു.
ഈ കാലയളവിൽ അവൾപുരുഷന്മാരെ കാണാൻ പാടില്ല എങ്ങാനും കണ്ടാൽ അയിത്തപുരയിലിരിക്കേണ്ട ദിവസങ്ങളുടെ എണ്ണം കൂടും. ഇനി മുതൽ പുരുഷനെ കരുതിയിരിക്കണം എന്ന തോന്നൽ ഇതിലൂടെ സ്ത്രീയിൽ ഉണ്ടാക്കുന്നു. ഓരോ വിഭാഗക്കാർക്ക് ആചാരത്തിൽ നേരിയ വ്യത്യാസങ്ങൾ കാണും,ഋതുമതി കല്യാണത്തിന് ശേഷം വേറൊരു കല്യാണം വേണ്ടെന്നാണ് ചില വിഭാഗക്കാരുടെ വിശ്വാസം. വിവാഹ തീരുമാനിച്ചതാണെങ്കിലും ചെക്കന്റെ വീട്ടുകാർക്ക് എപ്പോൾ വേണമെങ്കിലും പെണ്ണിനെ വന്നു കൂട്ടിക്കൊണ്ടുപോകാം.
ചില വിഭാഗങ്ങളിലെ വിവാഹ ചടങ്ങുകളും വ്യത്യസ്തമാണ് വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്ന പെണ്ണിനെ ചെറുക്കനും ചുറുക്കന്റെ ആളുകളും ചേർന്ന് തട്ടി കൊണ്ടുപോകുന്നു. പിന്നെ പെണ്ണിന്റെ ആളുകൾ അവളെ തേടി കണ്ടുപിടിച്ച് മൂപ്പന്റെ മുമ്പിൽ ഹാജാരാക്കി ശരിക്കുള്ള വിവാഹ ഒരുക്കങ്ങൾ ചെയ്യുന്നു എന്നതാണ് ഒരു സമ്പ്രദായം. ഒളിച്ചോട്ടം സ്വജാതിയിൽ പെട്ടവരുമായി തന്നെ വേണം ഇല്ലെങ്കിൽ സമുദായത്തിൽ നിന്നും പുറംതള്ളും കുറിച്യർക്കും കുറുമർക്കും ഇടയിലാണ് ഈ സമ്പ്രദായം നിലനിന്നു പോരുന്നത്.
പിന്നെയുള്ളത് മാറ്റകല്യാണമാണ് ഒരു കുടുംബത്തിലെ ആണും പെണ്ണും മറ്റൊരു കുടുംബത്തിലെ ആണും പെണ്ണുമായി വിവാഹം കഴിക്കുന്നു. ഇവർക്കിടയിലുള്ള ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു ആചാരമാണ് ഇവർക്ക് സ്ത്രീധനം ഇല്ല സ്ത്രീയെ തന്നെ ധനമായി കണക്കാക്കി ചെറുക്കന്റെ വീട്ടുക്കാർ പെണ്ണിന്റെ അച്ഛനും അമ്മക്കും അങ്ങോട്ട് പണം നൽകും. അധ്വാനം നൽകിയും ധനത്തിനുപകരം വസ്തുക്കൾ നൽകിയും അവർ പെണ്ണിനെ സ്വന്തമാക്കുന്നു. അധ്വാനം നൽകി പെണ്ണിനെ സ്വന്തമാക്കുന്ന കല്യാണത്തെ സേവന കല്യാണം എന്ന് പറയുന്നു. ഊരാളി കുറുമാർക്കിടയിലാണ് ഈ സമ്പ്രദായം. എന്നാൽ അട്ടപ്പാടിയിലെ ഇരുളാർക്കിടയിലെ കല്യാണം ഇതിനു വിപരീതമാണ് ചെറുക്കന്റെ മാതാപിതാക്കൾ പെണ്ണിന്റെ വീട്ടിൽ താമസിച്ച് പെണ്ണിനെ നിരീക്ഷിച്ച് അവളുടെ സ്വഭാവം ഇഷ്ടപ്പെട്ടെങ്കിൽ വിവാഹം.
തേൻ കുറുമാർക്കിടയിൽ ഇതിലും വ്യത്യസ്തങ്ങളായ ആചാരങ്ങളാണ് ഉള്ളത് പെൺ വീട്ടിൽ 3 ദിവം കഴിഞ്ഞു അവിടം ഇഷ്ടപ്പെട്ടു അവർക്ക് വീട്ടുസാധനം വാങ്ങി കൊടുത്ത് അതുകൊണ്ട് ഭക്ഷണം കഴിച്ച അവിടെ ഉറങ്ങി അന്ന് രാത്രി കാണുന്ന സ്വപ്നം പോലിരിക്കും വിവാഹം. സമൂഹത്തിൽ ഒരു സ്ത്രീ എങ്ങനെയൊക്കെ പെരുമാറണമെന്ന് ഓരോ വിഭാഗങ്ങളിലും വെവ്വേറ കാഴ്ചപ്പാടുകൾ ഉണ്ട്. കേട്ടാൽ രസകരമായി തോന്നുന്ന ഒരുപാട് സാമൂഹിക പ്രതിബദ്ധതയുള്ള ആചാരാനുഷ്ട്ടങ്ങളാണ് ഇവർക്കിടയിലുള്ളത്.