മലയാളിയാണെങ്കിലും പ്രിയദർശനും ഗൗതം വാസുദേവ മേനോനും അടക്കമുള്ള നിരവധി മലയാളി സംവിധായകരുടെ അന്യഭാഷാ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും മല്ലുവുഡിൽ മുഖം കാട്ടണമെന്ന മോഹം പതിനഞ്ചു വർഷത്തിനു ശേഷം ശ്യാമ പ്രസാദ് സംവിധാനം ചെയ്യുന്ന ഹേ ജൂഡിലൂടെ നിറവേറിയതിന്റെ ആഹ്ലാദത്തിലാണ് തൃഷാ കൃഷ്ണൻ. ചിത്രത്തിൽ നിവിൻ പോളി നായകനായതിൽ ആ സന്തോഷം ഇരട്ടിക്കുകയും ചെയ്യുന്നു. പതിനഞ്ചു വർഷത്തിനിടയിൽ തൃഷയുടെ സിനിമാ ജീവിതത്തിൽ കയറ്റിറക്കങ്ങൾ ധാരാളം. ആദ്യകാല താര ഒളിക്യാമറ ദൃശ്യങ്ങളുടെ ഇര, വിവാഹം വരെ എത്തിയെങ്കിലും പിരിയേണ്ടി വന്ന പ്രണയബന്ധം, തുടർന്നുണ്ടായ ഗോസിപ്പുകളുടെ പ്രളയം ഇങ്ങനെ പോകുന്ന തൃഷയുടെ സിനിമാ ജീവിതം. സിനിമാ രംഗത്തെത്തിയ പതിനഞ്ചു വർഷത്തെ അനുഭവങ്ങളെക്കുറിച്ച് തൃഷ സംസാരിക്കുന്നു.
പതിനഞ്ചു വർഷമായി രംഗത്ത് സജീവമായുണ്ട്. എങ്ങനെ?
നല്ല കഥകളും കഴിവുള്ള സംവിധായകരും ആണ് അതിന് കാരണം. അതു കൊണ്ട് എന്റെ ചിത്രങ്ങൾ നന്നായി ഓടുകയും ചെയ്തു. അതാണ് ഞാൻ ഇന്നും ഈ രംഗത്ത് തുടരാനുള്ള കാരണം. പിന്നെ എന്റെ ആരാധകരും.
കഥ, കഥാപാത്രം, പ്രതിഫലം ഇതിൽ ഏതിനാണ് മുൻഗണന?
കഥയ്ക്കാണെന്ന കാര്യത്തിൽ സംശയമില്ല. അതിനു ശേഷം കഥാപാത്രം എനിക്ക് അനുയോജ്യമായതാണോ എന്നു നോക്കും. അതും കഴിഞ്ഞാണ് പ്രതിഫലം തീരുമാനിക്കുന്നത്.
ഒരു ചിത്രം പരാജയപ്പെട്ടാൽ എന്തു ചെയ്യും?
അത് പരാജയപ്പെടാനുള്ള കാരണം എന്താണെന്ന് ആദ്യം അന്വേഷിക്കും. എന്റെ ഭാഗത്താണ് പിഴവെങ്കിൽ തുടർന്ന് അത് ആവർത്തിക്കാതിരിക്കാൻ പ്രയത്‌നിക്കും.
ജീവിതത്തിൽ അഭിമാനവും ആനന്ദവും തോന്നുന്നത്?
മികച്ച അഭിനേത്രിക്കുള്ള അവാർഡ് കൈയിൽ വാങ്ങുമ്പോൾ. തമിഴിലും തെലുങ്കിലുമെല്ലാം ധാരാളം അവാർഡുകൾ ഞാൻ വാരിക്കൂട്ടിയിട്ടുണ്ട്. അതൊക്കെ അഭിമാനവും ആനന്ദവും നൽകുന്നവ തന്നെ.
നിങ്ങൾ ഇഷ്ടപ്പെടുന്ന വ്യക്തിത്വം?
ആത്മാഭിമാനവും സത്യസന്ധതയും ഉള്ളവരെ എനിക്ക് എന്നും ബഹുമാനമാണ്. മുഖം മൂടി അണിഞ്ഞെത്തുന്നവരെയും കാര്യം കഴിഞ്ഞ് കൈവെടിയുന്നവരെയും എനിക്ക് ഇഷ്ടമല്ല.
നിങ്ങൾ പ്രണയിക്കാത്തവര്‍ നിങ്ങളെ പ്രണയിക്കുമ്പോൾ?
അറിയില്ല. അങ്ങനെ ആരും എന്നെയോ ഞാനോ പ്രണയിച്ചിട്ടില്ല.
പ്രായം കൂടിയ സ്ത്രീകളെ യുവാക്കൾ വിവാഹം ചെയ്യുന്നതിനെക്കുറിച്ച്?
രണ്ട് മനസ്സുകൾ ഐക്യപ്പെട്ടാൽ എല്ലാം ശരിയാവും. അതല്ലേ അതിന്റെ ശരിയും?
ചെന്നൈയിൽ ഇഷ്ടപ്പെട്ട ഇടം?
എന്റെ വീട്ടിലെ ഹോം തിയേറ്റർ
അപ്രതീക്ഷിതമായി പ്രശ്‌നങ്ങൾ ഉണ്ടായാൽ എന്തു ചെയ്യും
എന്റെ അമ്മയുടെ സഹായം തേടും
കടപ്പാട്: ദിനതന്തി