തിരുവനന്തപുരം: ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണം കടത്താൻ ശ്രമിച്ച സംഭവത്തിലെ മുഖ്യ ആസൂത്രകയെന്നു പോലീസ് കരുതുന്ന യു.എ.ഇ. കോൺസുലേറ്റിലെ മുൻ ജീവനക്കാരി സ്വപ്ന സുരേഷ്. സ്വർണ കടത്തൽ ആരംഭിച്ചിട്ട് ഒരു വർഷത്തിലേറെയായെന്നു കസ്റ്റംസ്. യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥയായിരുന്ന സ്വപ്ന സുരേഷാണ് കള്ളക്കടത്തിന് പിന്നിലെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം. ഇവർ ഇപ്പോൾ ഐടി വകുപ്പിന് കീഴിലുള്ള കേരള സ്‌റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ആന്റ് ഇൻഫ്രാസ്ട്രക്ചറിൽ ഓപ്പറേഷൻസ് മാനേജരാണ്.
തട്ടിപ്പ് പുറത്തായതിന് പിന്നാലെ സ്വപ്ന ഒളിവിലാണെന്നും കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇവരെ കണ്ടെത്താനായി കസ്റ്റംസ് സംഘം അന്വേഷണം ഊർജിതമാക്കി. കള്ളക്കടത്തിൽ യുഎഇ കോൺസുലേറ്റ് മുൻ പിആർഒ സരിത്തിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നു. കോൺസുലേറ്റ് പിആർഒയുടെ വ്യാജ തിരിച്ചറിയൽ കാർഡ് സരിത് തട്ടിപ്പിനായി ഉപയോഗിച്ചെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. 15 കോടിയുടെ സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസ് അന്വേഷണം ഉന്നതതലങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണെന്ന് രാവിലെ റിപ്പോർട്ട് പുറത്തുവന്നിരുന്നു. സരിത്തിനെ കൂടാതെ സ്വപ്ന ഉൾപ്പടെയുള്ള അഞ്ച് പ്രതികളെക്കുറിച്ച് കസ്റ്റംസിന് വിവരം ലഭിച്ചിട്ടുണ്ട്.
സ്വപ്നയും നിലവിൽ കസ്റ്റഡിയിലുള്ള സരിത്തും ചേർന്നാണ് സ്വർണക്കടത്തിന് ചുക്കാൻ പിടിച്ചിരുന്നത്. ഒരു ഇടപാടിൽ ഇവർക്ക് 25 ലക്ഷം രൂപ വരെ ലഭിച്ചിരുന്നതായാണ് വിവരം. കഴിഞ്ഞ ദിവസമാണ് യു.എ.ഇ. കോണ്‍സുലേറ്റിലേക്ക് എന്ന പേരിലെത്തിയ ഡിപ്ലോമാറ്റിക് ബാഗേജിൽനിന്ന് 30 കിലോ സ്വർണം പിടികൂടിയത്. ഭക്ഷണസാധനമെന്ന പേരിലാണ് ഡിപ്ലോമമാറ്റിക് ബാഗേജ് എത്തിയത്. എന്നാൽ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെ കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന നടത്തുകയായിരുന്നു. തുടർന്നാണ് കോൺസുലേറ്റിലെ പി.ആർ.ഒ. എന്നറിയപ്പെട്ടിരുന്ന സരിത്തിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്.
സരിത് യു.എ.ഇ. കോൺസുലേറ്റിലെ ജീവനക്കാരനല്ലെന്ന് അന്വേഷണത്തിൽ സ്ഥിരീകരിച്ചു. നേരത്തെ കോൺസുലേറ്റിൽ ജോലി ചെയ്തിരുന്ന സരിത്തിനെ ജോലിയിൽനിന്ന് പിരിച്ചുവിവട്ടിരുന്നു. ഇതിനുശേഷവും കോൺസുലേറ്റിലെ ജീവനക്കാരനായാണ് ഇയാൾ ആളുകളെ ബന്ധപ്പെട്ടിരുന്നത്. യു.എ.ഇ. കോൺസുലേറ്റിന്റെ പേരിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന പല ബാഗേജുകളും സരിത് കൈപ്പറ്റിയിരുന്നതായാണ് വിവരം.
കഴിഞ്ഞ മാസം 30ന് തലസ്ഥാനത്തെത്തിയ കാർഗോയിലാണ് 15 കോടിയുടെ സ്വർണം കണ്ടെത്തിയത്. യുഎഇ കോൺസുലേറ്റിന്റെ ഡിപ്ലോമാറ്റിക് കാർഗോയിൽ കണ്ടെത്തിയതിനാൽ വളരെ കരുതലോടെയാണ് കസ്റ്റംസിന്റെ അന്വേഷണം. അതേ സമയം സ്വർണ്ണക്കടത്തിൽ ആരോപണങ്ങളെല്ലാം യുഎഇ കോൺസുലേറ്റ് നിഷേധിച്ചു. ദുബായിൽ നിന്നും ഭക്ഷണസാധനങ്ങൾ മാത്രമാണ് എത്തിക്കാനാണ് ഓർഡർ നൽകിയിരുന്നതെന്നും കോൺസുലേറ്റ് കസ്റ്റംസിനെ അറിയിച്ചു.