തിരുവനന്തപുരം: കൈത്തറി മേഖലയ്ക്ക് സഹായഹസ്തമായി നെയ്ത്ത് സംഘങ്ങള്‍ക്ക് യഥേഷ്ടം നൂലെത്തിക്കുന്നതിന് ട്രിവാന്‍ഡ്രം സ്പിന്നിങ്ങ് മില്ലില്‍ യാണ്‍ബാങ്ക് പ്രവർത്തനം ആരംഭിച്ചു. വ്യവസായമന്ത്രി ഇ പി ജയരാജൻ ഉദ്ഘാടനം നിർവഹിച്ചു. കൈത്തറി സഹകരണ സംഘങ്ങള്‍ക്കും നെയ്ത്ത് തൊഴിലാളികള്‍ക്കും ഏറെ സഹായകരമാകുന്ന പദ്ധതിയാണിത്. പദ്ധതി കൂടുതൽ മില്ലുകളിലേക്ക് വ്യാപിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. ഒപ്പം സംസ്ഥാനത്തെ മുഴുവൻ സ്പിന്നിങ് മില്ലുകളിലും നൂതന പദ്ധതികൾ നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. വിദേശ രാജ്യങ്ങളിലെ മാതൃകകൾ പഠിച്ച് അനുയോജ്യമായ പദ്ധതികൾ ആവിഷ്‌ക്കരിക്കാനും മന്ത്രി നിർദ്ദേശിച്ചു. യാൺ ബാങ്ക് വെബ്സൈറ്റ് ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
ദേശീയ കൈത്തറി വികസന ഡയറക്ടറേറ്റ് (എന്‍എച്ച്ഡിസി) മുഖേനയാണ് നൂല്‍ വിതരണം നടത്തുക. സംസ്ഥാന കൈത്തറി ഡയറക്ടറേറ്റ് ട്രിവാന്‍ഡ്രം മില്ലിലെ യാണ്‍ബാങ്കും എന്‍എച്ച്ഡിസിയും തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണിയായി പ്രവർത്തിക്കും. സഹകരണ സംഘങ്ങള്‍ക്ക് ആവശ്യമായ നൂലിന്റെ അളവുകള്‍ ശേഖരിച്ച് എന്‍എച്ച്ഡിസിക്ക് കൈമാറും. ലഭിക്കുന്ന നൂല്‍ സഹകരണ സംഘങ്ങള്‍ക്ക് യാണ്‍ബാങ്ക് വഴി എത്തിച്ചുനല്‍കും.
സംസ്ഥാനത്തെ സകൂളുകളില്‍ സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ കൈത്തറി യൂണിഫോം നിര്‍മാണത്തിനാണ് യാണ്‍ബാങ്ക് വഴി ലഭ്യമാകുന്ന നൂല്‍ പ്രധാനമായും ഉപയോഗിക്കുന്നത്. ഭൗമസൂചികാ പദവി ലഭിച്ച ലോകപ്രശസ്തമായ ബാലരാമപുരം കൈത്തറിക്കും പുതിയ യാണ്‍ബാങ്ക് കരുത്തുപകരും. ഒപ്പം ഉല്‍പാദന രംഗത്ത് മികവ് പുലര്‍ത്താനും കൈത്തറി സംഘങ്ങള്‍ക്കാകും. യാണ്‍ ബാങ്ക് മില്ലില്‍റെ വളര്‍ച്ചയ്ക്കും സഹായകമാകും. നൂല്‍ ഉല്‍പാദനത്തിലൂടെയും കറ്റുമതിയിലൂടെയും അടച്ചുപൂട്ടാന്‍ നടപടിയായിരുന്ന മില്‍ വലിയ തിരിച്ചുവരവ് നടത്തുകയാണ്. ഇതുവരെ വിദേശത്തേക്ക് 7.25 ലക്ഷം കിലോ (37 കണ്ടെയ്നര്‍) കോട്ടണ്‍ നൂല്‍ മില്ലില്‍ നിന്ന് കയറ്റി അയച്ചു.
ചടങ്ങിൽ എംഎൽഎമാരായ എം.വിന്‍സെന്റ്, കെ.ആന്‍സലന്‍, സ്പിന്നിങ് മിൽ ചെയർമാൻ എം എം ബഷീർ, സംസ്ഥാന കൈത്തറി വസ്ത്ര ഡയറക്ടർ കെ സുധീർ എന്നിവർ പങ്കെടുത്തു.