മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് ട്രൂനാറ്റ് പരിശോധന അപ്രായോഗികം; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

0

ന്യൂഡൽഹി∙ പ്രവാസികൾക്ക് ട്രൂനാറ്റ് കോവിഡ് പരിശോധന അപ്രായോഗികമെന്ന് കേന്ദ്രം. സംസ്ഥാന സർക്കാർ നിര്‍ദേശിച്ച പരിശോധന ഗൾഫ് രാജ്യങ്ങൾ അംഗീകരിച്ചിട്ടില്ല. ട്രൂനാറ്റ് പരിശോധന പ്രായോഗികമല്ലെന്ന് ചീഫ് സെക്രട്ടറിയെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കേരള ചീഫ് സെക്രട്ടറിയെ കത്ത് മുഖേന ഇക്കാര്യം അറിയിച്ചത്. ഇത് അപ്രായോഗികമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍ദേശം തള്ളിയത്.

എന്നാല്‍ ഇതു പ്രായോഗികമല്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. സൗദിയില്‍ ഈ പരിശോധന നടത്താന്‍ ആരോഗ്യമന്ത്രാലയത്തിന്റെ അനുമതി നേടിയെടുക്കുക അത്ര എളുപ്പമല്ലെന്ന് അവിടുത്തെ ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. വിമാന കമ്പനികളുടെ സഹകരണവും ഇന്ത്യന്‍ എംബസികളുടെ അനുവാദവും ഇതിന് ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇതു സംബന്ധിച്ച് എംബസികളുമായി നടത്തിയ ആശയവിനിമയത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിലപാടിലെത്തിയിരിക്കുന്നത്.

ഓരോ രാജ്യങ്ങള്‍ക്കും ഇക്കാര്യത്തിലുള്ള നിലപാട് മന്ത്രാലയം കേരളത്തിനയച്ച കത്തില്‍ വിശദമാക്കിയിട്ടുണ്ട്. നിലവില്‍ റാപ്പിഡ് ആന്റിബോഡി ടെസ്റ്റ് നടത്തുന്നുണ്ടെന്ന്‌ യുഎഇ വ്യക്തമാക്കി. എന്നാല്‍ ട്രൂനാറ്റ് പരിശോധനയില്ല. കോവിഡ് ബാധിതനായ ഒരാളെ വിമാനത്തില്‍ കയറാന്‍ അനുവദിക്കില്ലെന്നാണ് അവിടുത്തെ നിയമം. അതിനാല്‍ കോവിഡ് സ്ഥിരീകരിച്ച പ്രവാസികള്‍ക്കായി പ്രത്യേക വിമാനം അനുവദിക്കാനാവില്ലെന്നും യുഎഇ വ്യക്തമാക്കുന്നു.

രോഗബാധിതരെയും അല്ലാത്തവരെയും ഇടകലര്‍ത്തി ഒരേ വിമാനത്തില്‍ കൊണ്ടുവരുന്നത് രോഗവ്യാപനം വര്‍ധിക്കാന്‍ ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കേരള സര്‍ക്കാര്‍ ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നത്. രോഗബാധ സ്ഥിരീകരിച്ചവരെ പ്രത്യേകം വിമാനത്തില്‍ കൊണ്ടുവരണമെന്നും സംസ്ഥാനസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

കോവിഡ് പരിശോധനയ്ക്ക് ഉപയോഗിക്കുന്ന റാപിഡ് ആന്റി ബോഡി കിറ്റുകളെപോലെ വേഗത്തില്‍ പരിശോധനാ ഫലം ലഭിക്കുന്നതും ചെലവു കുറഞ്ഞതുമാണ് ട്രൂനാറ്റ് പരിശോധന. ആന്റിബോഡി കിറ്റുകളേക്കാല്‍ കൃത്യതയും ആരോഗ്യ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. മൂന്നു തരത്തിലുള്ള പരിശോധനയാണ് ഇപ്പോള്‍ സംസ്ഥാനത്ത് നടത്തുന്നത്. ആര്‍ടി പിസിആര്‍ പരിശോധ, റാപ്പിഡ് ആന്റി ബോഡി കിറ്റ് ഉപയോഗിച്ചുള്ള പരിശോധന, ട്രൂനാറ്റ് പരിശോധന. ഏറ്റവും കൃത്യതയുള്ളത് ആര്‍ടി പിസിആര്‍ പരിശോധനയ്ക്കാണ്.

റാപ്പിഡ് ആന്റി ബോഡി കിറ്റ് ഉപയോഗിച്ചുള്ള പരിശോധനയ്ക്ക് കാര്യമായ കൃത്യത അവകാശപ്പെടാനാകില്ല. അതിനാല്‍ സാംപിളുകള്‍ വീണ്ടും ആര്‍ടിപിസിആര്‍ ടെസ്റ്റിന് വിധേയമാക്കിയേ ഫലം ഔദ്യോഗികമായി പുറത്തുവിടൂ. സംസ്ഥാനത്ത് വ്യാപകമായി നടത്തിയ ആന്റി ബോഡി പരിശോധനയുടെ ഫലം പുറത്തിവിടാത്തതിന്റെ കാരണവും ഇതാണ്. ആര്‍ടിപിസിആര്‍ പരിശോധനയ്ക്കുശേഷം ഫലം പുറത്തുവിടാനാണ് അധികൃതരുടെ തീരുമാനം.

ആന്റി ബോഡി ടെസ്റ്റിനേക്കാല്‍ കൃത്യത ട്രൂനാറ്റ് ടെസ്റ്റിനുണ്ടെന്ന് ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. 2 മണിക്കൂറില്‍ ഫലം അറിയാം. ട്രൂനാറ്റ് ടെസ്റ്റിലൂടെ ഒരു സമയം 2 സാംപിളുകളെ പരിശോധിക്കാന്‍ കഴിയൂ. ആര്‍ടിപിസിആര്‍ ടെസ്റ്റില്‍ ഫലമറിയാന്‍ ചുരുങ്ങിയത് 5 മണിക്കൂറെടുക്കും. ആര്‍ടിപിസിആര്‍ മെഷീന്റെ ശേഷി അനുസരിച്ച് 45 സാംപിളുകള്‍വരെ പരിശോധിക്കാം.