തദ്ദേശത്തിനപ്പുറം വളരാൻ ലക്ഷ്യമിട്ട് ട്വന്റിട്വന്റി. എത്രതന്നെ മാറ്റി നിർത്തിയാലും ജനങ്ങൾക്കിടയിലുള്ള തങ്ങളുടെ സ്വാധീനം കുറയുകയില്ലെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് എറണാകുളം ജില്ലയിലെ ട്വന്റി ട്വന്റി. കിഴക്കമ്പലത്തുനിന്ന് സമീപ പ്രദേശങ്ങളിലേക്കു വേരുപടർത്താനും കിറ്റക്സിന്റെ കീഴിലുള്ള ട്വന്റി ട്വന്റിക്ക് സാധിച്ചുവെന്നതാണ് ഇവിടെ കൂടുതൽ ശ്രദ്ധേയം. എറണാകുളത്തെ നാലു പഞ്ചായത്തുകളിൽ ഭരണം പിടിച്ചതിനെ തുടർന്ന് അടുത്ത ലക്ഷ്യം നിയമസഭയെന്ന് ഇവർ പ്രഖ്യാപിച്ചു.
നാലു പഞ്ചായത്തുകളിലാണ് അവര്‍ ഇത്തവണ ഭരണം പിടിച്ചത്. കിഴക്കമ്പലം, ഐക്കരനാട്, മഴുവന്നൂര്‍, കുന്നത്തുനാട് പഞ്ചായത്തുകള്‍. ഇതില്‍ ഐക്കരനാട് പഞ്ചായത്തില്‍ മുഴുവന്‍ സീറ്റും അവര്‍ തൂത്തുവാരി. ഇവിടെ പ്രതിപക്ഷമില്ല. എറണാകുളം ജില്ലാ പഞ്ചായത്തിലും ഇത്തവണ ട്വന്റിട്വന്റിയുടെ പ്രതിനിധിയുണ്ട്. കോലഞ്ചേരി ഡിവിഷനില്‍നിന്നാണ് അവരുടെ സ്ഥാനാര്‍ത്ഥി വിജയിച്ചത്.
2015-ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ എറണാകുളം കിഴക്കമ്പലം ഗ്രാമപ്പഞ്ചായത്തിലെ 19-ൽ 17 സീറ്റും പിടിച്ചാണ് ട്വന്റി-ട്വന്റി രാഷ്ട്രീയത്തിലേക്ക് വരവറിയിച്ചത്. കിഴക്കമ്പലം പഞ്ചായത്തില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന കിറ്റക്സ് എന്ന വ്യവസായ ഗ്രൂപ്പാണ് ട്വന്റി ട്വൻറിക്ക് രൂപം നല്‍കിയത്. 2013ലാണ് ട്വന്റി 20 ചാരിറ്റബിള്‍ സൊസൈറ്റി രൂപവല്‍കരിക്കുന്നത്. കിറ്റക്സ് കമ്പനിയുടെ ചെയര്‍മാന്‍ സാബു എം ജേക്കബ് ആണ് ട്വന്റി 20 നിയന്ത്രിക്കുന്നത്. കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി പദ്ധതി പ്രകാരം കമ്പനി രൂപം നല്‍കിയ സൊസൈറ്റിയാണ് തെരഞ്ഞെടുപ്പിന്റെ അങ്കക്കളത്തിലേക്ക് ഇറങ്ങിയത്.
വികസനം, ക്ഷേമപ്രവര്‍ത്തനങ്ങള്‍, രാഷ്ട്രീയ-മത-സാമുദായിക സംഘടനകളുടെ പിന്തുണയോടെ മദ്യവര്‍ജ്ജനം അടക്കമുള്ള ആശയങ്ങള്‍ മുന്നോട്ടുവെച്ചാണ് ട്വന്റി-ട്വന്റി രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. ട്വന്റി-ട്വന്റി സ്ഥാനാർഥിയെ പരാജയപ്പെടുത്താനായി യു.ഡി.എഫും എൽ.ഡി.എഫും സ്വതന്ത്ര സ്ഥാനാർഥിയെ പിന്തുണയ്ക്കുന്ന അപൂർവ കാഴ്ചയും കിഴക്കമ്പലം പഞ്ചായത്തിലുണ്ടായി.
കോലഞ്ചേരി, വെങ്ങോല ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും വിജയിച്ച ഇവർ ഒൻപതു ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളും നേടി. വടവുകോട് ബ്ലോക്കിൽ യുഡിഎഫും ട്വന്റി ട്വന്റിയും അഞ്ച് ഡിവിഷൻ വീതം ജയിച്ചു തുല്യനിലയിലാണ്. ഇവിടെ എൽഡിഎഫിനു 3 ഡിവിഷനുകൾ കിട്ടി. വാഴക്കുളം ബ്ലോക്കിൽ 4 ഡിവിഷനിൽ ട്വന്റി ട്വന്റി ജയിച്ചു. വടവുകോട്ട് 2 ഡിവിഷനുകളിൽ രണ്ടാം സ്ഥാനത്തെത്താനും കൂട്ടായ്മയ്ക്കായി.
കിഴക്കമ്പലത്തെ ട്വന്റി ട്വന്റിയുമായി ബന്ധമില്ലെങ്കിലും തീരദേശ പഞ്ചായത്തായ ചെല്ലാനത്ത് ഇതേ പേരിലുള്ള കൂട്ടായ്മയും നേട്ടമുണ്ടാക്കി. ഇവരായിരിക്കും പഞ്ചായത്തിലെ മുഖ്യ പ്രതിപക്ഷം. എൽഡിഎഫ്–9, ട്വന്റി ട്വന്റി –എട്ട്, യുഡിഎഫ്–4 എന്നിങ്ങനെയാണു കക്ഷിനില. കൊച്ചി കോർപറേഷനിൽ മത്സരിച്ച വിഫോർ കൂട്ടായ്മ 3 ഡിവിഷനുകളിൽ രണ്ടാം സ്ഥാനത്തെത്തി.