വാഷിങ്ടൺ: കോവിഡ് പ്രതിസന്ധിയിൽ ഇന്ത്യയെ സഹായിക്കാൻ സാമൂഹിക മാധ്യമമായ ട്വിറ്റർ ഒന്നരക്കോടി ഡോളർ (110 കോടി രൂപ) സംഭാവന ചെയ്തു. സർക്കാരിതര സംഘടനകളായ കെയർ, എയ്ഡ് ഇന്ത്യ, സേവാ ഇന്റർനാഷണൽ യു.എസ്.എ. എന്നിവയ്ക്കാണ് ഈ തുക കൈമാറിയത്. ട്വിറ്റർ സി.ഇ.ഒ. ജാക്ക് ഡോഴ്സി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
കെയറിന് ഒരുകോടി ഡോളറും എയ്ഡ് ഇന്ത്യക്കും സേവാ ഇന്റർനാഷണൽ യു.എസ്.എ.ക്കും 25 ലക്ഷം ഡോളറും വീതമാണ് നൽകിയത്. സേവാ ഇന്റർനാഷണലിന്റെ ‘ഇന്ത്യയെ സഹായിക്കൂ, കോവിഡിനെ തോൽപ്പിക്കൂ’ പ്രചാരണം വഴി ഓക്‌സിജൻ കോൺസെൻട്രേറ്ററുകൾ, വെന്റിലേറ്ററുകൾ തുടങ്ങി കോവിഡ് പ്രതിരോധ ഉപകരണങ്ങൾ ലഭ്യമാക്കാൻ ഈ ഫണ്ട് ഉപയോഗിക്കുമെന്ന് സേവാ ഇന്റർനാഷണൽ മാർക്കറ്റിങ് ആൻഡ് ഫണ്ട് ഡെവലപ്‌മെന്റ് വൈസ് പ്രസിഡന്റ് സന്ദീപ് ഖഡ്‌കേക്കർ പറഞ്ഞു.
ഈ ഫണ്ട് കൂടാതെ ഇന്ത്യക്കായി 1.75 കോടി ഡോളറിന്റെ ഫണ്ട് സ്വരൂപിച്ചതായും അദ്ദേഹം പറഞ്ഞു. ആഗോള ദാരിദ്ര്യത്തിനെതിരേ പോരാടുന്ന സംഘടനയായ കെയർ തങ്ങൾക്കു ലഭിച്ച ഫണ്ട് ഉപയോഗിച്ച് സർക്കാരുമായി സഹകരിച്ച് ഇന്ത്യയിൽ താത്കാലിക കോവിഡ് സെന്ററുകൾ സ്ഥാപിച്ച് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുമെന്ന് അറിയിച്ചു. ഇന്ത്യയിലെ ഗ്രാമങ്ങളിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുമെന്ന് അസോസിയേഷൻ ഫോർ ഇന്ത്യ ഡെവലപ്‌മെന്റും (എയ്ഡ്) വ്യക്തമാക്കി.