ന്യൂഡല്‍ഹി : രാജ്യത്തൊട്ടാകെ കോവിഡ്-19 വാക്സിന്‍ വിതരണം തുടങ്ങാന്‍ ഒരുങ്ങുന്നതിന്റെ ഭാഗമായി നാലു സംസ്ഥാനങ്ങളില്‍ ഇന്ന് ‘ഡ്രൈ റണ്‍’ നടത്തും. . ഓക്സ്ഫഡ് വാക്സിൻ ആയ കൊവിഷീൽഡിനാണ് ഒരാഴ്ചയ്ക്കുള്ളിൽ അനുമതി നൽകാൻ തീരുമാനിച്ചിരിക്കുന്നത്. ഭൂമിശാസ്ത്രപരമായ പ്രത്യേകത പരിഗണിച്ച് ആന്ധ്രാപ്രദേശ്, അസം, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് ഡ്രൈ റണ്‍ നടത്തുക.
ഓരോ സംസ്ഥാനത്തും രണ്ടുവീതം ജില്ലകളില്‍, ജില്ലാ ആശുപത്രി, സാമൂഹികാരോഗ്യ കേന്ദ്രം / പ്രാഥമികാരോഗ്യ കേന്ദ്രം, നഗരമേഖല, ഗ്രാമീണമേഖല, സ്വകാര്യ ആരോഗ്യ സംവിധാനം എന്നിങ്ങനെ അഞ്ചുമേഖലതിരിച്ച് ഇതിനായി ക്രമീകരണങ്ങളേര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നും നാളെയുമായിട്ടാണ് ഡ്രൈ റണ്‍.
വാക്സിനായുള്ള ശീതികരണ സംവിധാനം അടക്കമുള്ളവ ഈ ഘട്ടത്തിൽ പരിശോധനക്ക് വിധേയമാകും. കുത്തിവെപ്പിനെ തുടർന്ന് ഏന്തെങ്കിലും പ്രത്യാഘാതം ഉണ്ടായാല്‍ എങ്ങനെ കൈകാര്യം ചെയ്യും, കുത്തിവെപ്പ് കേന്ദ്രങ്ങളിലെ അണുബാധനിയന്ത്രണം തുടങ്ങിയവ ഡ്രൈ റണ്ണിൽ നിരീക്ഷിക്കപ്പെടും. നാളെയും ഡ്രൈ റൺ തുടരും.
വാക്സിനുമായി ബന്ധപ്പെട്ട് സമർപ്പിച്ച വിവരങ്ങൾ തൃപ്തികരമാണെന്നാണ് വിദഗ്തസമിതിയുടെ വിലയിരുത്തൽ. പുതുവർഷത്തിനു മുമ്പ് അനുമതിക്ക് സാധ്യതയെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. വാക്‌സിന്‍ വിതരണസമയത്തു നടക്കുന്ന പ്രവര്‍ത്തനങ്ങളെല്ലാം രണ്ടു ദിവസങ്ങളിലായി നടത്തും. വാക്‌സിന്‍ വിതരണപ്രക്രിയയില്‍ ഉണ്ടാകാവുന്ന തടസ്സങ്ങളും വിതരണകേന്ദ്രങ്ങളില്‍ ഉണ്ടാകാനിടയുള്ള പാളിച്ചകളും മനസ്സിലാക്കാനും ആസൂത്രണം, നടപ്പാക്കല്‍, വിശകലനം എന്നീ സംവിധാനങ്ങള്‍ തമ്മിലുള്ള ബന്ധം പരിശോധിക്കാനും ഇതു സഹായിക്കുമെന്ന് ആരോഗ്യമന്ത്രാലയം പറഞ്ഞു.
ഇതിനിടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 20,021 പേര്‍ക്ക് കൂടി രാജ്യത്ത് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 279 പേര്‍ മരിച്ചു. 21,131 പേര്‍ രോഗമുക്തരായി. രാജ്യത്ത് ഇതുവരെയായി 1.02 കോടി പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2.77 ലക്ഷം പേര്‍ മാത്രമാണ് നിലവില്‍ ചികിത്സയിലുള്ളത്.