കോട്ടയം: അയര്‍ക്കുന്നം പുന്നത്തുറ കമ്പനിക്കടവില്‍ കിണര്‍ വൃത്തിയാക്കാനിറങ്ങിയ രണ്ടു പേര്‍ മണ്ണിടിഞ്ഞു വീണ് മരിച്ചു. അയര്‍ക്കുന്നം പൂവത്താനം സാജു(44), മഴുവന്‍ചേരികാലായില്‍ ജോയി(49) എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയായിരുന്നു അപകടം. കിണര്‍ വൃത്തിയാക്കിയ ശേഷം മണ്ണു നീക്കംചെയ്ത് റിങ് ഇറക്കുന്നതിനിടെയാണ് മണ്ണ് ഇടിഞ്ഞത്. മണ്ണിട്ട് നികത്തിയ പ്രദേശമായതുകൊണ്ട് മണ്ണിന് ഉറപ്പില്ലാത്തതാണ് ഇടിയാന്‍ കാരണമായതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
അപകടം കണ്ട് ഓടിയെത്തിയ സമീപവാസികള്‍ വിവരം അഗ്നിരക്ഷാസേനാ അധികൃതരെ അറിയിച്ചു. സമീപത്തുണ്ടായിരുന്ന നാട്ടുകാരും തൊഴിലാളികളും അഗ്നിരക്ഷാ സേനാംഗങ്ങളും ചേര്‍ന്നാണ് കിണറ്റില്‍നിന്നും മൃതദേഹങ്ങള്‍ പുറത്തെടുത്തത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു.