ദുബായ് ∙ യുഎഇയിൽ ആറ് ഇന്ത്യക്കാർ ഉൾപ്പെടെ 50 പേർക്കുകൂടെ ചൊവ്വാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ യുഎഇയിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 248 ആയി. നാലുപേർ രോഗത്തിൽ നിന്നും മുക്തി നേടിയെന്നും അധികൃതർ വ്യക്തമാക്കി.
മുൻപ് കോവിഡ് 19 സ്ഥിരീകരിച്ചവരുമായി അടുത്തിടപഴകിയവർക്കും വിദേശരാജ്യങ്ങളിൽ നിന്നും തിരികെ വന്നവർക്കുമാണ് ഇന്ന് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. പൂർണമായും രോഗം ഭേദമായ നാലുപേരിൽ മൂന്നു പേർ പാക്കിസ്ഥാൻ സ്വദേശിയും ഒരാൾ ബംഗ്ലദേശ് പൗരനുമാണ്. ഇതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 45 ആയി.
ശ്രീലങ്ക, യുകെ, സൗദി അറേബ്യ, യെമൻ, തുണീഷ്യ, ദക്ഷിണാഫ്രിക്ക, ബൽജിയം, ദക്ഷിണ കൊറിയ, ബൾഗേറിയ, ഫ്രാൻസ്, ചെക്ക് റിപ്പബ്ലിക്, ഓസ്ട്രേലിയ, ലെബനൻ, കെനിയ, മാലെ ദ്വീപ്, സുഡാൻ, ഇറാൻ, അയർലൻഡ്, മൊറോകോ, പാക്കിസ്ഥാൻ, സ്വീഡൻ എന്നീ രാജ്യങ്ങളിൽ നിന്നും ഓരോ പൗരന്മാർ. ഇറ്റലി, ഈജിപ്ത്, യുഎഇ, സ്പെയിൻ, നെതർലൻഡ്, ജോർദാൻ, ഫിലിപ്പീൻ എന്നീവിടങ്ങളിൽ നിന്നും രണ്ടു പൗരന്മാർ. യുഎസ്, ബംഗ്ലദേശ്, പലസ്തീൻ എന്നിവിടങ്ങളിൽ നിന്നും മൂന്നു പൗരന്മാർ എന്നിവർക്കാണ് പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചത്. എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്നും കൃത്യമായ വൈദ്യസഹായം നൽകുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.