ദുബൈ: ഗോള്‍ഡന്‍ വിസ ലഭിക്കുന്നതിനായി ഡോക്ടര്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ച് യുഎഇ. മുന്നണിപ്പോരാളികളായ ഡോക്ടര്‍മാരുടെ പരിശ്രമങ്ങള്‍ക്കും സമര്‍പ്പണത്തിനുമുള്ള ആദരവായാണ് ഗോള്‍ഡന്‍ വിസ നല്‍കുന്നതെന്ന് യുഎഇ സര്‍ക്കാര്‍ വ്യക്തമാക്കി. ഗോള്‍ഡന്‍ വിസ ലഭിക്കുന്ന ഡോക്ടര്‍മാര്‍ക്കും കുടുംബത്തിനും 10 വര്‍ഷത്തെ റെസിഡന്‍സി ലഭിക്കും.
യുഎഇ ആരോഗ്യ വകുപ്പിന്റെ ലൈസന്‍സുള്ള എല്ലാ ഡോക്ടര്‍മാര്‍ക്കും ഈ മാസം മുതല്‍ 2022 സെപ്തംബര്‍ വരെ ഗോള്‍ഡന്‍ വിസയ്ക്ക് അപേക്ഷിക്കാമെന്ന് യുഎഇ സര്‍ക്കാരിന്റെ അറിയിപ്പില്‍ വ്യക്തമാക്കുന്നു. smartservices.ica.gov.ae. എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. ദുബൈ ലൈസന്‍സുള്ള ഡോക്ടര്‍മാര്‍ smart.gdrfad.gov.ae. എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്.
വിസയ്ക്കായി അപേക്ഷ നല്‍കാന്‍ താല്‍പ്പര്യമുള്ള ഡോക്ടര്‍മാര്‍ക്ക് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് യുഎഇയില്‍ ഏഴ് കേന്ദ്രങ്ങള്‍ ആരംഭിക്കും. ശാസ്ത്രീയമായ കഴിവും വൈദഗ്ധ്യവുമുള്ളവര്‍ക്ക് ഗോള്‍ഡന്‍ വിസ അനുവദിക്കാനുള്ള യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദ്ദേശപ്രകാരമാണ് വിസ അനുവദിക്കുന്നത്. ഇതുവഴി ആരോഗ്യ രംഗത്തേക്ക് വിദഗ്ധരെ ആകര്‍ഷിക്കാനാകുമെന്നാണ് പ്രതീക്ഷ. നിക്ഷേപകര്‍, സംരംഭകര്‍, കലാകാരന്മാര്‍ എന്നീ വിഭാഗങ്ങള്‍ക്കും യുഎഇയില്‍ അഞ്ചോ പത്തോ വര്‍ഷത്തെ ദീര്‍ഘകാല റെസിഡന്‍സി വിസകള്‍ അനുവദിക്കാറുണ്ട്.