ദുബായ് ∙ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നാട്ടിലേക്കു മടങ്ങാൻ ആഗ്രഹിക്കുന്ന പൗരൻമാരെ സ്വീകരിക്കാന്‍ തയ്യാറാകാത്ത രാജ്യങ്ങളുമായുള്ള തൊഴില്‍സംബന്ധിയായ ധാരണാപത്രങ്ങള്‍ യു.എ.ഇ. റദ്ദാക്കിയേക്കും. ഇത്തരം രാജ്യങ്ങളില്‍നിന്ന് ഭാവിയിലുള്ള തൊഴില്‍നിയമനങ്ങള്‍ നിയന്ത്രിക്കുന്നതുള്‍പ്പെടെയുള്ള നടപടികളും യു.എ. ഇ. ആലോചിക്കുന്നു.
സ്വന്തം പൗരന്മാരുടെ ആവശ്യത്തോട് അതത് രാജ്യങ്ങള്‍ മൗനംപാലിക്കുന്ന സാഹചര്യത്തിലാണ് യു.എ. ഇ.യുടെ ഈ നടപടിയെന്നും മന്ത്രാലയം വിശദമാക്കുന്നു. കോവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട് സ്വകാര്യ മേഖലയിലെ ജോലിക്കാരിൽ പലരും നാട്ടിലേക്ക് മടങ്ങണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ചില രാജ്യങ്ങൾ ഈ വിഷയത്തിൽ യാതൊരു പ്രതികരണവും നടത്താത്ത് മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും യുഎഇ വാർത്താ ഏജൻസിയായ വാം റിപ്പോർട്ട് ചെയ്തു.
നാട്ടിലേക്കു പോകാന്‍ സന്നദ്ധരാകുന്ന പ്രവാസികള്‍ക്ക് അവധി ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും യു.എ.ഇ. പ്രഖ്യാപിച്ചിരുന്നു. സ്വകാര്യമേഖലയില്‍ അവധി നല്‍കുന്നത്. സംബന്ധിച്ച് ചില നിയമങ്ങളും അവര്‍ പാസാക്കി. സ്വന്തം പൗരന്മാരുടെ ആവശ്യങ്ങള്‍ പരിഗണിച്ച് ഉത്തരവാദിത്വത്തോടെയുള്ള ഉചിതമായ നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്നും മന്ത്രാലയം വക്താവ് ആവശ്യപ്പെട്ടു.
ഒട്ടേറെ യൂറോപ്യന്‍ രാജ്യങ്ങള്‍ ഇതിനകം തന്നെ യു.എ.ഇ.യിലെ തങ്ങളുടെ പൗരന്മാരെ തിരിച്ചുകൊണ്ടുപോയിക്കഴിഞ്ഞു. ഇന്ത്യക്കാര്‍ക്ക് പോകാനായി എമിറേറ്റ്സ്, ഫ്‌ളൈദുബായ് ഉള്‍പ്പെടെയുള്ള യു.എ.ഇ. വിമാനക്കമ്പനികള്‍ പ്രത്യേകം വിമാനസര്‍വീസുകളും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇന്ത്യ അനുമതി നല്‍കാത്തതിനാല്‍ പിന്നീട് അവ റദ്ദാക്കി. ഏതൊക്കെ രാജ്യങ്ങൾക്കെതിരെ നടപടിയുണ്ടാകുമെന്നു യുഎഇ വ്യക്തമാക്കിയിട്ടില്ല.